1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 12, 2023

സ്വന്തം ലേഖകൻ: മൊബൈൽ ഫോണും കംപ്യൂട്ടറും ഹാക്ക് ചെയ്ത് ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ചോർത്തി പണം തട്ടുന്നത് സംഘം വിലസുന്നു. തട്ടിപ്പിന് ഇരയായവരിൽ മലയാളികളും. ചെങ്ങന്നൂർ സ്വദേശിയും അബുദാബിയിൽ സേഫ്റ്റി ഓഫിസറുമായ ജോൺ ചെറിയാന് നഷ്ടപ്പെട്ടത് 4.23 ലക്ഷം രൂപ (19,000 ദിർഹം). പരാതിപ്പെട്ടപ്പോൾ കൈമലർത്തിയ ബാങ്കിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുകയാണ് ജോൺ.

തട്ടിപ്പ് ഇങ്ങനെ ഇരകളുടെ ക്രെഡിറ്റ് കാർഡ്, അക്കൗണ്ട് നമ്പർ, രഹസ്യ കോ‍ഡ് എന്നിവ കണ്ടുപിടിക്കുന്ന തട്ടിപ്പുസംഘം മൊബൈൽ ഫോണും ഇ–മെയിലും ഒരേസമയം ഹാക്ക് ചെയ്ത് പ്രവർത്തന രഹിതമാക്കിയാണ് തട്ടിപ്പിന് കളമൊരുക്കുന്നത്. ഈ സമയത്ത് സംഘം ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വിവിധ ഓൺലൈൻ സൈറ്റുകളിൽ പർച്ചേസ് ചെയ്യും. പ്രവർത്തന രഹിതമായതിനാൽ ഇടപാടിന്റെ ഒ.ടി.പി മൊബൈൽ ഫോണിൽ വരില്ല.

ഇതേസമയം ഇ–മെയിലിന്റെ നിയന്ത്രണം തട്ടിപ്പുസംഘത്തിന്റെ പക്കലായതിനാൽ അതിലൂടെ ലഭിക്കുന്ന ഒ.ടി.പി ഉപയോഗിച്ച് ഇടപാട് തുടരുന്നു. ഒരേസമയം വിവിധ സൈറ്റുകളിലൂടെ വൻതുകയ്ക്ക് സാധനം വാങ്ങുകയാണ് ഇവരുടെ രീതി. ക്രെഡിറ്റ് കാർഡിന്റെ പരിധി തീരുവോളം ഇങ്ങനെ പർച്ചേസ് ചെയ്തവരുണ്ട്. തുരുതുരാ ഒ.ടി.പി വരുമ്പോൾ പെട്ടെന്ന് തിരിച്ചറിയാതിരിക്കാനാണ് ഫോൺ പ്രവർത്തനരഹിതമാക്കിയുള്ള തട്ടിപ്പ്.

ഫോൺ റിപ്പയർ ചെയ്ത് പ്രവർത്തനക്ഷമമാക്കി എല്ലാ സോഫ്റ്റ് വെയറുകളും ആപ്പുകളും ഇൻസ്റ്റാൾ ചെയ്തുവരുമ്പോഴേക്കും മണിക്കൂറുകളോ ദിവസങ്ങളോ കഴിഞ്ഞിരിക്കും ഇതിനിടയിൽ തട്ടിപ്പുസംഘം പരമാവധി തുകയ്ക്ക് സാധനങ്ങൾ വാങ്ങും. യഥാർഥ കാർഡ് ഉടമ ഈ വിവരം അറിയുന്നുമില്ല. പെട്ടെന്ന് ഫോൺ ശരിയാക്കാത്തവർക്കും പതിവായി ഇ–മെയിൽ പരിശോധിക്കാത്തവർക്കുമാണ് കൂടുതൽ നഷ്ടമുണ്ടാകുക.

വഞ്ചിക്കപ്പെട്ട വിവരം മനസ്സിലാക്കി ഉടൻ കാർഡ് ബ്ലോക്ക് ചെയ്യുന്നവർക്ക് നഷ്ടം പരിമിതപ്പെടുത്താം. ഏപ്രിലിലാണ് ജോണിന് 19,000 ദിർഹം (5000 ഡോളർ) നഷ്ടമായത്. തുടർന്ന് ബാങ്കിൽ പരാതി കൊടുത്തു. ഏതാനും ദിവസത്തിനുശേഷം ലഭിച്ച സ്റ്റേറ്റ്മെന്റിൽ നഷ്ടപ്പെട്ട തുക ഡെബിറ്റ് ചെയ്തുകണ്ടപ്പോൾ ജോൺ വീണ്ടും ബാങ്കുമായി ബന്ധപ്പെട്ടു.

ഒ.ടി.പി നൽകിയതിനാലാണ് പണം നഷ്ടമായതെന്നും ഇതിൽ ബാങ്കിന് ഉത്തരവാദിത്തം ഇല്ലെന്നുമായിരുന്നു മറുപടി. ബാങ്കിന്റെ സുരക്ഷാ വീഴ്ചയിൽ തനിക്കു നഷ്ടപ്പെട്ട പണം ഈടാക്കിത്തരണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് ജോൺ ചെറിയാൻ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.