സ്വന്തം ലേഖകൻ: ചുട്ടുപൊള്ളുന്ന വേനൽ കാലത്ത് കുട്ടികളെ വാഹനത്തിൽ തനിച്ച് ഇരുത്തി പോകരുതെന്ന് അബുദാബി പൊലീസ്. ഓഗസ്റ്റ് 31 വരെ നടക്കുന്ന സുരക്ഷിത വേനൽ എന്ന ക്യാംപെയ്ന്റെ ഭാഗമായാണ് മുന്നറിയിപ്പ്. വാഹനമോടിക്കുന്നവരും രക്ഷിതാക്കളും ഇക്കാര്യത്തിൽ അതീവ ശ്രദ്ധ ചെലുത്തണമെന്നും ആവശ്യപ്പെട്ടു.
വേനൽക്കാലത്ത് അവധിക്ക് വിദേശത്തേക്കു പോകുന്നവർ പണവും വിലപിടിപ്പുള്ള വസ്തുക്കളും ബാങ്കുകളിലോ നിലവറകളിലോ സൂക്ഷിക്കണം. വീടും വിലപ്പെട്ട വസ്തുക്കളും സുരക്ഷിതമാക്കാൻ പൊലീസിന്റെ സ്മാർട്ട് സുരക്ഷാ അലാം സംവിധാനവുമായി സഹകരിക്കാം. വിവരങ്ങൾക്ക്: ഫോൺ 8002626, എസ്എംഎസ് 2828.
അതിനിടെ ഈദുൽ അദ്ഹ അവധി ദിനത്തിൽ ദുബൈയിലെ പാർക്കുകളുടെയും പ്രധാന വിനോദ കേന്ദ്രങ്ങളുടെയും സന്ദർശന സമയം പുനഃക്രമീകരിച്ച് ദുബൈ മുനിസിപ്പാലിറ്റി. കൂടാതെ ഇവിടങ്ങളിൽ നടക്കുന്ന ആഘോഷ പരിപാടികളുടെ സമയവും പ്രഖ്യാപിച്ചു. റസിഡൻഷ്യൽ പാർക്കുകൾ രാവിലെ എട്ട് മുതൽ രാത്രി 12 വരെ പ്രവർത്തിക്കും.
വിനോദ പരിപാടികൾക്ക് സൗകര്യമുള്ള സഅബീൽ, അൽ ഖോർ, അൽ മംസാർ, അൽ സഫ, മുഷ്രിഫ് പാർക്കുകൾ രാവിലെ എട്ട് മുതൽ 11 മണിവരെയായിരിക്കും പ്രവർത്തിക്കുക. മുഷ്കരിഫ് പാർക്കിലെ ബൈക്ക് ട്രാക്ക്, നടപ്പാത എന്നിവ രാവിലെ ആറു മുതൽ രാത്രി ഏഴു മണിവരെ ഉപയോഗിക്കാം. ഖുറാനിക് പാർക്ക് രാവിലെ എട്ടു മുതൽ രാത്രി 10 വരെയും പ്രവർത്തിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല