1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 15, 2024

സ്വന്തം ലേഖകൻ: സാഹോദര്യവും മാനുഷിക സഹവർത്തിത്വവുമാണ് യുഎഇയുടെ മുഖമുദ്ര. ഇത്തരത്തിൽ വിശ്വസാഹോദര്യം വിളിച്ചോതുന്ന രാജ്യങ്ങൾ ലോകത്തിൽ അധികമില്ല. ബഹുസ്വരത, മതേതരത്വം എന്നൊക്കെ വെറും വാക്കുകളിലൊതുക്കാതെ അവ പ്രാവർത്തികമാക്കി മാതൃകയാവുകയാണ് രാജ്യം. യുഎഇ. യുടെ തലസ്ഥാനമായ അബുദാബിയിൽ വിശ്വമാനവികതയുടെ അടയാളമായി ആദ്യ ഹൈന്ദവ ശിലാക്ഷേത്രത്തിൽ ബുധനാഴ്ച വിഗ്രഹ പ്രതിഷ്ഠ നടത്തപ്പെടുകയാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദി അബുദാബിയിലെ ഹിന്ദുക്ഷേത്രം ഉദ്ഘാടനം ചെയ്യപ്പെടുന്ന മുഹൂർത്തം ലോകം ഉറ്റുനോക്കുന്നതായി. ഇന്ത്യ – യുഎഇ. ആത്മബന്ധത്തിന്റെ മായാത്ത രേഖ കൂടിയായിരുന്നു വിഗ്രഹ പ്രതിഷ്ഠയും ഉദ്ഘാടനവും. മതസൗഹാർദത്തിന്റെ ചരിത്രനിമിഷങ്ങൾ എന്നാണ് വ്യവസായ പ്രമുഖരും എഴുത്തുകാരും ആധ്യാത്മിക ചിന്തകരും വിലയിരുത്തുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരിക പൈതൃകത്തിന്റ ചരിത്രനിമിഷങ്ങൾ പകർത്താനായി ലോക മാധ്യമങ്ങളും കാത്തിരിക്കുന്നു. ലോകമെങ്ങുമുള്ള മനുഷ്യർക്ക് ശാന്തിയും സമാധാനവും ലഭിക്കാനായുള്ള പ്രാർഥനകളായിരിക്കും അബുദാബിയിൽ നിശബ്ദം ഉണ്ടാവുക.

200 രാജ്യക്കാർ ഒരേമനസ്സോടെ താമസിക്കുന്ന യുഎഇ. എന്ന രാജ്യത്തിന്റെ സഹിഷ്ണുത, സാഹോദര്യം, സമഭാവന എന്നിവയാണ് അബുദാബിയിലെ ഹൈന്ദവ ക്ഷേത്രത്തിന്റെ അടിത്തറ. ഒരുമയും സ്‌നേഹവുമായി ഇനി ഇന്ത്യക്കാരടക്കം ഈ ക്ഷേത്രത്തെ നെഞ്ചിലേറ്റും. ഒപ്പം ധാർമികവും മാനുഷികവുമായ മൂല്യങ്ങൾക്കും തത്വങ്ങൾക്കുംവേണ്ടിയുള്ള അന്താരാഷ്ട്ര പ്രസക്തിയുള്ള ഒരുമയുടെ പ്രാർഥനാ മന്ത്രംകൂടി അബുദാബിയിലെ ശിലാക്ഷത്രത്തിൽനിന്നുമുയരും.

മാനവികതയുടെ മഹനീയമായൊരു മറ്റൊരു ഏട് കൂടിയാണ് ചരിത്രത്തിൽ തുറക്കപ്പെടുന്നത്. മനുഷ്യ ചരിത്രം തന്നെ പങ്കുവെക്കലുകളുടേതാണ്. ഏകശിലാത്മകമായി കൊത്തിയെടുത്ത പാരമ്പര്യങ്ങളോ പങ്കുവെക്കലുകളിലൂടെ അല്ലാതെ വളർന്ന സംസ്‌കാരങ്ങളോ ചരിത്രത്തിൽ ഇല്ല. അറിവും വിഭവങ്ങളും മാത്രമല്ല വിശ്വാസധാരകൾ കൂടി പരസ്പരം പങ്കുവെക്കുകയും ഉൾക്കൊള്ളുകയും ചെയ്യുമ്പോൾ മാത്രമാണ് നമ്മൾ ആധുനികർ ആകുന്നതത്. അത്തരത്തിൽ ചരിത്രപരമായ വലിയൊരു കാൽവെപ്പും മുന്നേറ്റവുമാണ് യുഎഇ.നടത്തിയിരിക്കുന്നത്.

ബോചാസൻവാസി അക്ഷർ പുരുഷോത്തം സ്വാമി നാരായൺ സംസ്ഥയ്ക്ക് (ബാപ്സ്) കീഴിലാണ് ക്ഷേത്രം. ബാപ്സ് മുഖ്യപുരോഹിതനും ആത്മീയാചാര്യനുമായ മഹന്ത് സ്വാമി മഹാരാജ് പ്രധാന കർമങ്ങൾക്ക് നേതൃത്വം നൽകി. യുഎഇ. ഭരണാധികാരികളടക്കം ഒട്ടേറെ അറബ് പ്രമുഖർ പങ്കെടുത്തു. ക്ഷണിക്കപ്പെട്ടവർക്ക് മാത്രമായിരുന്നു ഉദ്ഘാടനദിനത്തിൽ പ്രവേശനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.