സ്വന്തം ലേഖകൻ: ഖലീഫ കമേഴ്സ്യൽ ഡിസ്ട്രിക്ടിലും ഖലീഫ സിറ്റി ഇത്തിഹാദ് പ്ലാസയിലും നാളെ മുതൽ പാർക്കിങ് ഫീസ് ഏർപ്പെടുത്തി. എസ്ഡബ്ല്യു2, എസ്ഡബ്ല്യു45, എസ്ഡബ്ല്യു48 എന്നിവയാണ് പുതിയ മൂന്നു പെയ്ഡ് പാർക്കിങ് സോണുകൾ. അൽ മിരീഫ് സ്ട്രീറ്റിൽ ഇത്തിഹാദ് എയർവേയ്സിന്റെ ആസ്ഥാനത്തോടു ചേർന്നുള്ളതാണ് എസ്ഡബ്ല്യു48. 694 വാഹനങ്ങൾക്ക് പാർക്കിങ് ഇടമുണ്ട്.
ഇതിൽ 3 എണ്ണം ഭിന്നശേഷിക്കാരെ ഉദ്ദേശിച്ചുള്ളതാണ്. ഇത്തിഹാദ് പ്ലാസയ്ക്കു സമീപമാണ് എസ്ഡബ്ല്യു45. 1283 പാർക്കിങ് ഇടമുണ്ട്. 17 എണ്ണം ഭിന്നശേഷിക്കാർക്കായി വേർതിരിച്ചിരിക്കുന്നു. അൽ മർമൂഖ് സ്ട്രീറ്റിനും അൽ ഖലായിദ് സ്ട്രീറ്റിനും ഇടയിലാണ് എസ്ഡബ്ല്യു2. 523 പാർക്കിങ് ഇടമുണ്ട്. ഇവിടെയും 17 എണ്ണം ഭിന്നശേഷിക്കാർക്കാണ്.
പണം നൽകേണ്ട പാർക്കിങ് സ്ഥലങ്ങളിൽ പുതിയതായി സൈൻ ബോർഡുകൾ സ്ഥാപിച്ചു. അനധികൃത പാർക്കിങ്ങുകൾ നിയന്ത്രിക്കാനും റോഡ് സുരക്ഷ ഉറപ്പാക്കാനുമാണ് പുതിയതായി പെയ്ഡ് പാർക്കിങ് സോണുകൾ പ്രഖ്യാപിച്ചതെന്ന് അബുദാബി മൊബിലിറ്റി അറിയിച്ചു. മാവാഖിഫ് ആണ് അബുദാബിയിൽ പാർക്കിങ് സ്ഥലങ്ങൾ കൈകാര്യം ചെയ്യുന്നത്. പ്രീമിയം, സ്റ്റാൻഡേഡ് പാർക്കിങ്ങുകളാണ് ഉണ്ടാവുക.
വെള്ളയും നീലയും നിറത്തോടു കൂടിയ പ്രീമിയം പാർക്കിങ് മണിക്കൂറിന് 3 ദിർഹമാണ്. രാവിലെ 8 മുതൽ രാത്രി 12വരെ പരമാവധി 4 മണിക്കൂറാണ് ഇവിടെ പാർക്ക് ചെയ്യാൻ അനുമതി. കറുപ്പും നീലയും നിറത്തോടു കൂടിയ സ്റ്റാൻഡേഡ് പാർക്കിങ്ങിൽ മണിക്കൂറിനു 2 ദിർഹമാണ്. 24 മണിക്കൂറിന് 15 ദിർഹം. ഇവിടെ ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും പാർക്കിങ് സൗജന്യമായിരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല