സ്വന്തം ലേഖകൻ: കൊവിഡിന്റെ വരവോടെ അപ്രത്യക്ഷമായ വാരാന്ത്യങ്ങളിലെ ആദായ വിൽപന തിരിച്ചെത്തിയത് പ്രവാസി കുടുംബങ്ങൾക്ക് ആശ്വാസമായി. വിശേഷ അവസരങ്ങളിലും വാരാന്ത്യങ്ങളിലും പ്രത്യേക ഓഫർ പ്രഖ്യാപിക്കുന്നതിൽ ഹൈപ്പർ മാർക്കറ്റുകൾ മുതൽ ഗ്രോസറികൾ വരെ മത്സരിക്കുകയാണ്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലെ ആദായ വിൽപനയിലൂടെയാണ് സ്ഥാപനങ്ങൾ ഉപഭോക്താക്കളെ ആകർഷിക്കുന്നത്.
പഴം, പച്ചക്കറി, അരി, ധാന്യങ്ങൾ, പാചക എണ്ണ, മത്സ്യം, മാംസം തുടങ്ങി ഓരോ ആഴ്ചകളിലും വിവിധ ഉൽപന്നങ്ങൾക്ക് വിലക്കുറവ് പ്രഖ്യാപിക്കും. വിവിധ സ്ഥാപനങ്ങൾ തമ്മിൽ മത്സരം മുറുകുന്നതനുസരിച്ച് വ്യത്യസ്ത ഇനങ്ങൾക്ക് നിരക്കിളവ് പ്രഖ്യാപിക്കും. ഇതിൽ വീഴുന്ന ഉപഭോക്താക്കൾ ഇതര ഉൽപന്നങ്ങളും വാങ്ങും എന്നതാണ് കച്ചവടക്കാരുടെ കണ്ണ്. കുറഞ്ഞ വരുമാനക്കാർ ഇവിടങ്ങളിലെല്ലാം പോയി വിലക്കുറവുള്ള സാധനങ്ങൾ മാത്രം വാങ്ങിയാണ് കുടുംബ ബജറ്റിനെ താളം തെറ്റാതെ നോക്കുന്നത്.
കൊവിഡ് മൂലം ജോലി നഷ്ടപ്പെട്ടവരും ശമ്പളം കുറഞ്ഞവരും നീണ്ട അവധിയെടുത്ത് വീട്ടിലിരിക്കേണ്ടി വന്നവരുമെല്ലാം ചെലവു കുറയ്ക്കുന്നതിന്റെ ഗവേഷണത്തിലായിരുന്നു. ഏതാനും ദിവസം മുൻപ് ഒരു കിലോ നീളൻ പയറിന്റെ വില 28 ദിർഹം (568 രൂപ) വരെ എത്തിയിരുന്നു. മുരിങ്ങക്കായ, പച്ചമുളക്, പടവലം, വെണ്ട, വെള്ളരി, പാവയ്ക്ക തുടങ്ങിയവയ്ക്കും പൊള്ളുന്ന വിലയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല