സ്വന്തം ലേഖകൻ: അബൂദബിയിൽ നിന്നും കോഴിക്കോട്ടേക്ക് ഇൻഡിഗോയുടെ നേരിട്ടുള്ള സർവിസ് വീണ്ടും ആരംഭിക്കുന്നു. ഈ മാസം 21 മുതലാണ് സർവിസ് ആരംഭിക്കുന്നത്. കോഴിക്കോടുനിന്ന് പുലർച്ച 1.55ന് പുറപ്പെടുന്ന വിമാനം പുലർച്ച 4.35ന് അബൂദബിയിലെത്തുകയും രാവിലെ 5.35ന് അബൂദബിയിൽ നിന്ന് പുറപ്പെടുന്ന വിമാനം രാവിലെ 10.50ന് കോഴിക്കോടും എത്തും.
പുതിയ സർവിസിനായി നിലവിൽ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ജനുവരി 16 വരെയാണ് നിലവിൽ സർവിസ് പ്രഖ്യാപിച്ചിട്ടുള്ളത്. ആവശ്യത്തിന് യാത്രക്കാരുണ്ടായാൽ ഈ സർവിസ് തുടരാൻ സാധ്യതയുണ്ടെന്നാണ് ബന്ധപ്പെട്ടവരിൽ നിന്ന് ലഭിക്കുന്ന സൂചന.
കോഴിക്കോടുനിന്ന് അബൂദബിയിലേക്ക് 468 ദിർഹമും അബൂദബിയിൽ നിന്ന് കോഴിക്കോട്ടേക്ക് 391 ദിർഹമുമാണ് ഈ കാലയളവിലെ നിലവിലെ ഏറ്റവും കുറഞ്ഞ നിരക്ക്. ശൈത്യകാല അവധിയുടെയും ക്രിസ്മസിന്റെയും തിരക്കിൽ നിന്ന് പ്രവാസികൾക്ക് ഏറെ ആശ്വാസമാകും ഇൻഡിഗോയുടെ ഈ സർവിസ്.
നിലവില്‍ ദുബൈയിൽ നിന്നും കോഴിക്കോട് വിമാനത്താവളത്തിലേക്ക് ഇന്‍ഡിഗോ സര്‍വിസ് നടത്തുന്നുണ്ട്. നേരത്തെ അബൂദബിയിൽനിന്നും ഷാർജയിൽനിന്നും കോഴിക്കോട്ടേക്കുള്ള നേരിട്ടുള്ള സർവിസ് ഉണ്ടായിരുന്നു. കോവിഡിനെ തുടർന്നാണ് ഈ സർവിസുകൾ താൽക്കാലികമായി നിർത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല