സ്വന്തം ലേഖകൻ: അബുദാബി രാജ്യാന്തര വിമാനത്താവളത്തിന്റെ പേര് സായിദ് ഇന്റർനാഷനൽ എയർപോർട്ട് എന്നാക്കി മാറ്റുന്നു. 2024 ഫെബ്രുവരി 9 മുതൽ പുതിയ പേരിലായിരിക്കും എയർപോർട്ട് അറിയപ്പെടുകയെന്ന് അബുദാബി മീഡിയ ഓഫിസ് അറിയിച്ചു. വിമാനത്താവളത്തിലെ പുതിയ ടെർമിനൽ–എ തുറക്കുന്നതിനു മുന്നോടിയായി പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് പേരു മാറ്റുന്നത് സംബന്ധിച്ച് ഇന്നലെ ഉത്തരവിറക്കിയത്.
അവിസ്മരണീയ യാത്രാനുഭവത്തിലേക്ക് വാതിൽ തുറന്ന് അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ പുതിയ ടെർമിനൽ പ്രവർത്തനമാരംഭിച്ചു. രണ്ടാഴ്ചയ്ക്കിടെ മൂന്നു ഘട്ടങ്ങളിലായി മുഴുവൻ വിമാന സർവീസും പുതിയ ടെർമിനലിലേക്കു മാറ്റും. മാറ്റത്തിന്റെ ഘട്ടങ്ങളിൽ ഈ മാസം 14 വരെ എല്ലാ ടെർമിനലുകളും പ്രവർത്തിക്കും.
എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, വിസ്താര, വിസ് എയർ അബുദാബി തുടങ്ങി 15 എയർലൈനുകൾ ഇന്നു മുതൽ ടെർമിനൽ ‘എ’യിൽനിന്ന് സർവീസ് നടത്തും. നവംബർ 9 മുതൽ ഇത്തിഹാദ് എയർവേയ്സിന്റെ 16 വിമാനങ്ങൾ പുതിയ ടെർമിനലിലേക്കു മാറും. ശേഷിച്ച 28 എയർലൈനുകളും 14ന് പുതിയ ടെർമിനലിൽ എത്തുന്നതോടെ മാറ്റം പൂർണമാകും.
സെൽഫ് സർവീസ് ബാഗേജ് ഡ്രോപ്, ഇമിഗ്രേഷൻ ഇ-ഗേറ്റുകൾ, ബോർഡിങ് ഗേറ്റുകൾ എന്നിവ ഉൾപ്പെടെ 9 പ്രധാന ബയോമെട്രിക് ടച്ച് പോയിന്റുകൾ യാത്രക്കാർക്ക് വേഗത്തിൽ നടപടി പൂർത്തിയാക്കാൻ സഹായിക്കും. ടെർമിനൽ പൂർണമായും പ്രവർത്തനക്ഷമമാകുന്നതോടെ യാത്രക്കാരുടെ കാത്തിരിപ്പ് സമയം കുറയും. ഫേഷ്യൽ റെക്കഗ്‌നിഷൻ സാങ്കേതികവിദ്യ ഉൾപ്പെടെ നവീന സാങ്കേതിക സംവിധാനങ്ങളും ഉപയോഗപ്പെടുത്തും. മണിക്കൂറിൽ 19,200 ബാഗുകൾ വരെ കൈകാര്യം ചെയ്യാൻ ശേഷിയുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല