1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 19, 2025

സ്വന്തം ലേഖകൻ: ഒരു ദിവസം മാത്രം പ്രായമായ കുഞ്ഞിനെയും നഴ്‌സറിയില്‍ ചേർക്കാന്‍ അനുമതി നല്‍കുന്ന പുതിയ നിയമവുമായി അബുദാബി. അടുത്ത അധ്യയന വര്‍ഷം മുതല്‍ ഈ പുതിയ തീരുമാനം നടപ്പില്‍ വരുമെന്നും അബുദാബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് പ്രഖ്യാപിച്ചു.

പ്രായമോ പശ്ചാത്തലമോ പരിഗണിക്കാതെ എല്ലാ കുട്ടികള്‍ക്കും ആവശ്യമായ അടിസ്ഥാന പഠന അവസരങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് നടപടിയെന്നാണ് അധികൃതരുടെ ഭാഷ്യം. പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം, സ്ഥാപനത്തിൻ്റെ പ്രവേശന ശേഷി എത്തുന്നതുവരെ നഴ്സറികള്‍ക്ക് അവരുടെ കുട്ടികളെ ചേര്‍ക്കുന്നതിനുള്ള അപേക്ഷ നിരസിക്കാന്‍ കഴിയില്ല.

ഗുണനിലവാരമുള്ള പ്രാരംഭ വിദ്യാഭ്യാസത്തിനായുള്ള വര്‍ദ്ധിച്ചുവരുന്ന ആവശ്യം പരിഹരിക്കാനാണ് ഈ തീരുമാനത്തിലൂടെ ശ്രമിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു. നഴ്‌സറി പ്രവേശന പ്രക്രിയയില്‍ ഒരു കുട്ടിയും വിവേചനം നേരിടുന്നില്ലെന്ന് ഉറപ്പാക്കുന്നതിൻ്റെ കൂടി ഭാഗമായാണ് തീരുമാനമെന്നും അധികൃതര്‍ അറിയിച്ചു.

ഓരോ കുട്ടിക്കും വിജയിക്കാന്‍ തുല്യ അവസരം നല്‍കുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കേണ്ടതിൻ്റെ പ്രാധാന്യം പുതിയ നയം ഊന്നിപ്പറയുന്നു. ഇതുപ്രകാരം നഴ്സറികള്‍ നീതിക്കും സുതാര്യതയ്ക്കും മുന്‍ഗണന നല്‍കും. വാക്‌സിനേഷന്‍ രേഖകളുടെ അഭാവം കാരണം ഒരു കുട്ടിയെയും നിരസിക്കാന്‍ നഴ്‌സറികള്‍ക്ക് അവകാശമില്ല. അതേസമയം, കുട്ടിയെ ചേര്‍ത്ത വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് രക്ഷിതാക്കള്‍ സമര്‍പ്പിക്കണം. കുട്ടികളുടെ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി രൂപകല്‍പ്പന ചെയ്ത വിവിധ പാഠ്യപദ്ധതികള്‍ വാഗ്ദാനം ചെയ്യുന്ന 200-ലധികം സ്വകാര്യ നഴ്‌സറികളാണ് അബുദാബിയിലുള്ളത്.

പബ്ലിക് നഴ്‌സറീസ് പ്രോജക്ടിൻ്റെ ഭാഗമായി, അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 10 പുതിയ പൊതു നഴ്‌സറികള്‍ കൂടി അബൂദാബിയില്‍ തുറക്കും. 4,000-ത്തിലധികം കുട്ടികള്‍ക്ക് ഇതുവഴി പ്രവേശനം ലഭിക്കും. അടുത്ത ദശകത്തിൻ്റെ അവസാനത്തോടെ, 32,000-ത്തിലധികം കുട്ടികള്‍ക്ക് അവസരം ലഭിക്കും. പ്രാരംഭ വിദ്യാഭ്യാസ സേവനങ്ങളുടെ വിപുലീകരണം മാതാപിതാക്കളെ തൊഴില്‍ മേഖലയിലേക്ക് പ്രവേശിക്കാന്‍ സഹായിക്കുമെന്നും സ്വദേശി അധ്യാപകര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കി.

പുതിയ നയത്തോടെ അനുകൂലമായും പ്രതികൂലമായുമുള്ള പ്രതികരണങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഇതിനകം വന്നുകഴിഞ്ഞു. ജോലി ചെയ്യുന്ന അമ്മമാര്‍ക്ക് ഇത് വലിയ അനുഗ്രമാണെന്ന് ചിലര്‍ പറയുമ്പോള്‍, നാലു വയസ്സുവരെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കേണ്ട ആവശ്യമില്ലെന്നും മാതാപിതാക്കളുടെ ലാളന കുട്ടികള്‍ക്കും നഷ്ടമാവുമെന്നും മറ്റുള്ളവര്‍ വാദിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.