സ്വന്തം ലേഖകൻ: ഓണ്‍ അറൈവല്‍ വിസയ്ക്ക് അര്‍ഹതയുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് അബൂദാബിയിലേക്ക് യാത്രാനുമതി നല്‍കിയതായി ഇത്തിഹാദ് എയര്‍വേസ് അറിയിച്ചു. ഓണ്‍അറൈവല്‍ വിസയില്‍ വരുന്നവര്‍ക്ക് അബുദാബിയിലേക്ക് വരുന്നവര്‍ക്ക് മറ്റ് വിസക്കാരെ പോലെ മുന്‍കൂറായി രജിസ്റ്റര്‍ ചെയ്ത് യാത്രാനുമതി വാങ്ങേണ്ട ആവശ്യമില്ലെന്നും എയര്‍ലൈന്‍സ് അറിയിച്ചു. ഇവര്‍ക്ക് അബൂദാബി വിമാനത്താവളത്തിലെ ഇമ്മിഗ്രേഷനില്‍ നിന്ന് ഓണ്‍ അറൈവല്‍ വിസ ലഭിക്കും.
ഓണ്‍ അറൈവല്‍ വിസ അനുവദിച്ചിട്ടുള്ള രാജ്യങ്ങളുടെ പട്ടിക എയര്‍ലൈന്‍സ് വെബ്‌സൈറ്റില്‍ https://www.etihad.com/en/fly-etihad/visas എന്ന ലിങ്കില്‍ ലഭ്യമാണ്. 70 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഓണ്‍ അറൈവല്‍ വിസയ്ക്ക് അര്‍ഹതയുള്ളത്. അതേസമയം, അബൂദാബിയിലൂടെ ദുബായിലേക്കോ, മറ്റു എമിറേറ്റുകളിലേക്കോ യാത്ര ചെയ്യുന്നതിന് അബൂദാബിയില്‍ നിന്ന് അനുവദിച്ചിട്ടുള്ള ടൂറിസ്റ്റ് വിസകളിലുള്ളവര്‍ക്ക് മാത്രമായിരിക്കും അനുമതി. ഗ്രീന്‍ ലിസ്റ്റ് പട്ടികയിലുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ഈ നിയമം ബാധകമല്ല.
ഇന്ത്യയില്‍ നിന്നുള്ള യുഎഇ പൗരന്മാര്‍, ഗോള്‍ഡന്‍ വിസ, സില്‍വര്‍ വിസ എന്നിവയുള്ളവര്‍, യുഎഇയില്‍ നിന്ന് രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവരും സാധുതയുള്ള അബൂദാബി റെസിഡന്‍സി വിസയുള്ളവര്‍ എന്നിവര്‍ക്ക് അബൂദാബിയില്‍ യാത്രാനുമതി ഉണ്ടായിരിക്കുമെന്നും ഇത്തിഹാദ് അറിയിച്ചു. അതോടൊപ്പം നയതന്ത്ര ഉദ്യോഗസ്ഥര്‍, മെഡിക്കല്‍ ജീവനക്കാര്‍, വിദ്യാഭ്യാസ മേഖലയിലെ ജീവനക്കാര്‍, യുഎഇ സര്‍ക്കാര്‍ ജീവനക്കാര്‍, യുഎഇയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍, ചികിത്സയ്ക്കായി യാത്ര ചെയ്യുന്നവര്‍ എന്നിവര്‍ക്കും യാത്രാനുമതിയുണ്ട്.
എന്നാല്‍, യുഎസ് വിസിറ്റര്‍ വിസയോ ഗ്രീന്‍ കാര്‍ഡോ ഉള്ള ഇന്ത്യക്കാര്‍ക്കും അബുദാബിയില്‍ പ്രവേശിക്കാം. അതേപോലെ ആറു മാസത്തെ കാലാവധിയുള്ള യുകെ വിസ, യൂറോപ്യന്‍ യൂണിയന്‍ റെസിഡന്‍സി എന്നിവയുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്കും അബുദാബിയില്‍ ഓണ്‍ അറൈവല്‍ വിസ ലഭിക്കും.
യുഎഇയിലെ റെസിഡന്‍സി കാലാവധി കാന്‍സല്‍ ചെയ്യപ്പെട്ടവര്‍ക്കും ടൂറിസ്റ്റ് വിസാ കാലാവധി കഴിഞ്ഞവര്‍ക്കും ലോംഗ് ടേം സിംഗിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കാമെന്നും ഇത്തിഹാദ് എയര്‍വെയ്‌സ് അറിയിച്ചു. നിലവില്‍ യുഎഇയില്‍ കഴിയുന്നവര്‍ക്കാണ് ഈ ആനുകൂല്യം. ഇതുവഴി പിഴ അടക്കുന്നതും മറ്റ് നിയമക്കുരുക്കുകളും ഒഴിവാക്കാനാവും. പുതിയ വിസ ലഭിച്ചാല്‍ ഇത്തിഹാദിന്റെ അബൂദാബി ഹെഡ്ക്വാര്‍ട്ടേഴ്‌സിലെത്തി വിസയുടെ സ്റ്റാറ്റസ് മാറ്റാന്‍ അപേക്ഷ നല്‍കണം. പരമാവധി നാല് ദിവസത്തിനകം വിസ ലഭിക്കും.
2020 മാര്‍ച്ച് 17നു മുമ്പ് ഇഷ്യൂ ചെയ്ത എല്ലാ വിസകളുടെയും കാലാവധി ഇതിനകം അവസാനിച്ചതായും ഇത്തിഹാദ് അറിയിച്ചു. അവയില്‍ യുഎഇയിലേക്ക് വരാനാവില്ല. അതിനിടെ, ഓഗസ്റ്റ് 20 മുതല്‍ യുഎഇക്ക് പുറത്ത് നിന്ന് ലഭിച്ച വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകളള്‍ക്കും അംഗീകാരം നല്‍കാന്‍ യുഎഇ തീരുമാനിച്ചിട്ടുണ്ട്. ഓഗസ്റ്റ് 20 മുതല്‍ അബൂദാബിയിലെ പൊതുഇടങ്ങളിലേക്കുള്ള പ്രവേശനം വാക്‌സിനേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയവര്‍ക്കും, വാക്‌സിനെടുക്കുന്നതില്‍ ഔദ്യോഗികമായി ഇളവ് ലഭിച്ചവര്‍ക്കും മാത്രമാക്കി പരിമിതപ്പെടുത്തിയതിനെ തുടര്‍ന്നാണ് നടപടി.
സിനോഫാം, സിനോവാക്, ജാന്‍സന്‍, ഫൈസര്‍, സ്ഫുട്‌നിക് വി, ഓകോസ്‌ഫോഡ്, മൊഡേണ വാക്‌സിനുകള്‍ സ്വീകരിച്ചവരുടെ സര്‍ട്ടിഫിക്കറ്റുകളാണ് അംഗീകരിക്കുക. ഇവര്‍ യാത്ര ചെയ്യുന്നതിന് മുമ്പ് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പില്‍ മുന്‍കൂറായി സര്‍ട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്ത് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല