1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 13, 2023

സ്വന്തം ലേഖകൻ: വിനോദസഞ്ചാരികളെയും താമസക്കാരെയും കൂടുതല്‍ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി അബുദാബിയില്‍ ഹോട്ടല്‍ മുറികള്‍ക്കും റെസ്റ്റോറന്റുകള്‍ക്കുമുള്ള നികുതി നിരക്കുകളില്‍ അധികൃതര്‍ വലിയ ഇളവുവരുത്തി. അടുത്തമാസം (2023 സപ്തംബര്‍ ഒന്ന്) മുതലാണ് പ്രാബല്യത്തില്‍ വരിക.

ഹോട്ടല്‍ മുറികള്‍ക്കും റെസ്റ്റോറന്റുകള്‍ക്കുമുള്ള വാടക വലിയ തോതില്‍ കുറയാന്‍ സഹായിക്കുന്നതിനാണ് നടപടിയെന്ന് അബുദാബി കള്‍ച്ചര്‍ ആന്‍ഡ് ടൂറിസം വകുപ്പ് (ഡിസിടി-അബുദാബി) പ്രഖ്യാപിച്ചു. ഇത് എമിറേറ്റിലെ ആതിഥ്യമര്യാദകള്‍ ആസ്വദിക്കാന്‍ വിനോദസഞ്ചാരികളെയും താമസക്കാരെയും കൂടുതല്‍ പ്രോത്സാഹിപ്പിക്കും.

ഒരു മുറിക്ക് ഒരു രാത്രിക്ക് 15 ദിര്‍ഹം എന്ന മുനിസിപ്പാലിറ്റി ഫീസ് പൂര്‍ണമായും എടുത്തുകളഞ്ഞു. ആറ് ശതമാനം ടൂറിസം ഫീസും ഹോട്ടല്‍, റെസ്റ്റോറന്റുകള്‍ക്ക് ബാധകമാക്കിയ നാല് ശതമാനം മുനിസിപ്പാലിറ്റി ഫീസും പൂര്‍ണമായി ഒഴിവാക്കി. അതിഥികള്‍ക്ക് നല്‍കുന്ന ടൂറിസം ഫീസ് ആറ് ശതമാനത്തില്‍ നിന്ന് നാല് ശതമാനമായി കുറയ്ക്കും. എന്നാല്‍ ഉപഭോക്താവിന് നല്‍കുന്ന ഇന്‍വോയ്‌സിന്റെ മൂല്യത്തിന്റെ നാല് ശതമാനം മുനിസിപ്പാലിറ്റി ഫീസ് തുടരും.

ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖലയുടെ വളര്‍ച്ചയെ പിന്തുണയ്ക്കുകയും അബുദാബിയെ ആഗോള വിനോദസഞ്ചാര കേന്ദ്രമായി ഉയര്‍ത്തുകയുമാണ് കള്‍ച്ചര്‍ ആന്‍ഡ് ടൂറിസം വകുപ്പിന്റെ ലക്ഷ്യം. എമിറേറ്റിലെ ആതിഥേയത്വം ആസ്വദിക്കാന്‍ വിനോദസഞ്ചാരികളെയും താമസക്കാരെയും കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിന് അബുദാബി എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ നിര്‍ദേശങ്ങള്‍ പ്രകാരമാണ് നടപടി.

ഈ നികുതി പരിഷ്‌കരണം എമിറേറ്റിനെ ഒരു വിനോദസഞ്ചാരസാംസ്‌കാരിക കേന്ദ്രമായി വളര്‍ത്താന്‍ സഹായിക്കുമെന്നും അഭിവൃദ്ധി പ്രാപിക്കുന്ന ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് ഉത്തജനം പകരുമെന്നും അബുദാബി ഡിസിടി ടൂറിസം ഡയറക്ടര്‍ ജനറല്‍ സാലിഹ് മുഹമ്മദ് അല്‍ ഗെസിരി പറഞ്ഞു.

എമിറേറ്റിന്റെ ടൂറിസം, സംസ്‌കാരം, ഹോസ്പിറ്റാലിറ്റി സേവനങ്ങളുടെ നിലവാരം ഉയര്‍ത്തിക്കൊണ്ടുവരികയാണ്. യാത്രക്കാരുടെ മുന്‍ഗണനകളും താല്‍പര്യങ്ങളും നിറവേറ്റുന്ന വൈവിധ്യമാര്‍ന്ന സേവനങ്ങള്‍ ഉറപ്പാക്കുന്നതിലൂടെ, സുസ്ഥിരമായ വളര്‍ച്ചയും ദീര്‍ഘകാല വിജയവും സാധ്യമാക്കാന്‍ ഡിസിടി അബുദാബി ലക്ഷ്യമിടുന്നു.

ഈ വര്‍ഷം അവസാനത്തോടെ യുഎഇ തലസ്ഥാന നഗരിയായ അബുദാബിയിലേക്ക് 24 ദശലക്ഷത്തിലധികം സന്ദര്‍ശകരെ ആകര്‍ഷിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി എമിറേറ്റിനെ വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാക്കി വളര്‍ത്തും. അബുദാബിയും യൂറോപ്പും തമ്മിലുള്ള വ്യോമ ഗതാഗതബന്ധം മെച്ചപ്പെടുത്തുന്നതിനായി നേരത്തെ വിമാന കമ്പനികളുമായി കരാര്‍ ഒപ്പുവച്ചിരുന്നു.

ഫ്രാങ്കോ-ഡച്ച് എയര്‍ലൈന്‍ ഗ്രൂപ്പായ എയര്‍ ഫ്രാന്‍സ്-കെഎല്‍എമ്മുമായി ഡിസിടി അബുദാബി ഒപ്പുവച്ച കരാര്‍ പ്രകാരം പാരീസിലേക്കുള്ള പ്രതിദിന ഫ്‌ലൈറ്റുകള്‍ വഴി അബുദാബിയുടെ ആഗോള കണക്റ്റിവിറ്റി വര്‍ധിപ്പിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.