സ്വന്തം ലേഖകന്‍: വാഹനാപകടത്തില്‍ മരിച്ച മലയാളി യുവാവിന്റെ കുടുംബത്തിന് മൂന്ന് ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. അബുദാബി ഫെഡറല്‍ സുപ്രീം കോടതിയാണ് വിധി പുറപ്പെടുവിച്ചത്.
അബുദാബിയില്‍ ഇലക്ട്രിക്കല്‍ ടെക്‌നീഷ്യനായിരുന്ന ഗുരുവായൂര്‍ സ്വദേശി ഷിനോജ് ശ്രീധരന്‍ മദീനത് സായിദ് ആശുപത്രിയില്‍ വച്ച് 2012 ജനുവരി 31നാണ് മരിച്ചത്. കമ്പനി വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ ഡ്രൈവറുടെ അശ്രദ്ധ മൂലം വാഹനം തല കീഴായി മറിഞ്ഞ് മുപ്പത്താറുകാരനായ ഷിനോജിന് ഗുരുതര പരുക്കേല്‍ക്കുകയായിരുന്നു. സ്റ്റിയറിങ്ങിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമെന്നാണ് പാക്കിസ്ഥാനി സ്വദേശിയായ ഡ്രൈവര്‍ പൊലീസിന് മൊഴി നല്‍കിയത്.
ഷിനോജിന്റെ ഭാര്യ സുനിതയും പിതാവ് ശ്രീധരനും ദുബായിലെ സീനിയര്‍ ലീഗല്‍ കണ്‍സള്‍ട്ടന്റ് അഡ്വ. ഷംസുദ്ദീനെ നാട്ടില്‍ സമീപിച്ച് നിയമോപദേശം തേടി കേസ് നടത്താനാവശ്യമായ വക്കാലത്ത് കൈമാറി. അബുദാബി ട്രാഫിക് കോടതി ദിയാ ധനമായി രണ്ട് ലക്ഷം ദിര്‍ഹം വിധിച്ചെങ്കിലും തുക കോടതിയില്‍ കെട്ടിവയ്ക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനി തയാറായിരുന്നില്ല.
ഇതേത്തുടര്‍ന്ന് ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെ ദിയാ ധനമായി രണ്ട് ലക്ഷം ദിര്‍ഹമും കൂടുതല്‍ നഷ്ടപരിഹാരമായി രണ്ട് ലക്ഷം ദിര്‍ഹമമടക്കം നാല് ലക്ഷം ദിര്‍ഹം ആവശ്യപ്പെട്ട് അഡ്വ. ഷംസുദ്ദീന്‍ ദുബായിലെ അല്‍കബ്ബാന്‍ അസോസിയേറ്റ്‌സ് മുഖേന അബുദാബി സിവില്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.
ഈ കേസില്‍ നഷ്ട പരിഹാരമോ ദിയാ ധനമോ ഇന്‍ഷൂറന്‍സില്‍ നിന്ന് ലഭിക്കാന്‍ മരിച്ചയാളുടെ കുടുംബത്തിന് നിയമപരമായ അവകാശം ഇല്ല എന്ന ഇന്‍ഷൂറന്‍സ് കമ്പനിയുടെ വാദം സ്വീകരിച്ച് കോടതി കേസ് തള്ളുകയായിരുന്നു. ഇതേ തുടര്‍ന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല