സ്വന്തം ലേഖകൻ: അബുദാബിയിൽ യാത്രയ്ക്കിടയിൽ ടയർ പൊട്ടുകയോ എഞ്ചിൻ കേടാവുകയോ ചെയ്ത് വാഹനം പെരുവഴിയിലായാൽ പരിഭ്രമിക്കേണ്ട ആവശ്യമില്ല; നിങ്ങളുടെ സഹായത്തിനെത്താൻ അബുദാബി മൊബിലിറ്റിയുടെ സംവിധാനങ്ങൾ സജ്ജമാണ്. എമിറേറ്റിന്റെ ഗതാഗത അതോറിറ്റിയായ അബുദാബി മൊബിലിറ്റി (എഡി മൊബിലിറ്റി) അതിന്റെ റോഡ് സര്‍വീസ് പട്രോള്‍ (ആര്‍എസ്പി) വഴിയാണ് സൗജന്യ റോഡ് സൈഡ് അസിസ്റ്റന്‍സ് വാഗ്ദാനം ചെയ്യുന്നത്.
ഇത്തരം സന്ദർഭങ്ങളിൽ വാഹനം ഓടിക്കുന്നവർ ആദ്യം ചെയ്യേണ്ടത് ഹസാര്‍ഡ് ലൈറ്റുകള്‍ ഓണാക്കുക എന്നതാണ്. വാഹനത്തിന് എന്തെങ്കിലും കുഴപ്പമുണ്ടെന്ന് തിരിച്ചറിഞ്ഞാലുടന്‍, കഴിയുമെങ്കില്‍ കാര്‍ റോഡിന്റെ വശത്ത് സുരക്ഷിതമായി പാര്‍ക്ക് ചെയ്യാൻ ശ്രമിക്കുക എന്നത് വളരെ പ്രധാനമാണ്. തുടർന്ന് റോഡ് സൈസ് സഹായത്തിനായി 800850 എന്ന നമ്പറിൽ ഡയല്‍ ചെയ്ത് നിങ്ങൾ എവിടെയാണുള്ളതെന്നും എന്താണ് സംഭവിച്ചതെന്നും കൃത്യമായി അറിയിക്കുക.
അബൂദാബിയുടെ ട്രാവല്‍ ഗൈഡ് ആപ്പായ ദര്‍ബി ആപ്പ് വഴിയും ആർ എസ് പിയുടെ സേവനം തേടാം. ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് തുറക്കുക. ആദ്യ സ്‌ക്രീനിലെ ‘+’ ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ആര്‍എസ്പിയാണ് പട്ടികയിലെ മൂന്നാമത്തെ ഓപ്ഷന്‍. ഇതിൽ കിക്ക് ചെയ്ത് സഹായം അഭ്യര്‍ത്ഥിക്കാന്‍ ഫോം പൂരിപ്പിച്ച് നിങ്ങളുടെ ലൊക്കേഷന്‍ പിന്‍ ചെയ്യുക. അബുദാബി മൊബിലിറ്റിയുടെ റോഡ് സർവീസ് പട്രോൾ ഉടൻ സ്ഥലത്തെത്തും.
ഇന്ധനം തീര്‍ന്നാണ് വാഹനം നിന്നുപോയതെങ്കിൽ നിങ്ങള്‍ക്ക് അടുത്തുള്ള പെട്രോള്‍ സ്റ്റേഷനില്‍ എത്തിച്ചേരാനുള്ള ഇന്ധനം പട്രോൾ ടീമിൻ്റെ പക്കലുണ്ടാവും. sയർ കേടായതാണെങ്കിൽ അത് മാറ്റിയിടാൻ ഉദ്യോഗസ്ഥർ നിങ്ങളെ സഹായിക്കും. ബാറ്ററി തീർന്നതാണെങ്കിലും ആർ എസ് പി വശം പരിഹാരമുണ്ട്. ഒരു റിപ്പയര്‍ ഷോപ്പിലേക്ക് കാര്‍ ഓടിക്കാന്‍ ആവശ്യമായ പവര്‍ ചാർജ് ചെയ്യാൻ അതിൽ സംവിധാനമുണ്ട്.
റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായി രൂപകല്‍പ്പന ചെയ്ത ആർ എസ് പി സംവിധാനം എമിറേറ്റിലെ എല്ലാ റോഡ് ഉപയോക്താക്കള്‍ക്കും ലഭ്യമാണ്. നിലവിൽ അബുദാബിയിലെ പ്രധാന റോഡുകളില്‍ മാത്രമേ ഇതിൻ്റെ സേവനം ലഭിക്കുകയുള്ളൂ. റോഡ് സൈഡ് സഹായം നല്‍കുന്നതിനു പുറമേ, അബുദാബിയിലെ പ്രധാന പരിപാടികള്‍ക്കായി ട്രാഫിക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനും വാഹനങ്ങൾ നിയന്ത്രിക്കുന്നതിനും ആർ എസ് പി സഹായത്തിന് എത്താറുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല