സ്വന്തം ലേഖകൻ: സ്കൂള്‍ ബസ് വീടിനടുത്ത് എത്താറായോ, സ്കൂളില്‍ പോകാന്‍ ബസ് കയറിയ കുട്ടികള്‍ എവിടെയെത്തി തുടങ്ങി രക്ഷിതാക്കളുടെ പലവിധ ആധികള്‍ക്കും അന്വേഷണങ്ങള്‍ക്കും ഇനി ഒറ്റ പരിഹാരം. എല്ലാം ‘സലാമത്താക്കാന്‍’ ഇനി ‘സലാമ’ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്താല്‍ മതി.
യുഎഇയിലെ അബുദാബി എമിറേറ്റിലെ ഗതാഗതവകുപ്പാണ് ഈ സംവിധാനത്തിനു പിന്നില്‍. അബുദാബി ഗതാഗതവകുപ്പിന് കീഴിലെ പ്രത്യേക വിഭാഗമാണ് എമിറേറ്റിലെ സ്കൂള്‍ ബസ്സുകളില്‍ യാത്രചെയ്യുന്ന വിദ്യാര്‍ഥികളെ മാതാപിതാക്കള്‍ക്ക് നിരീക്ഷിക്കാന്‍ മൊബൈല്‍ ആപ് പുറത്തിറക്കിയത്.
‘സലാമ’ ആപ് മൊബൈല്‍ഫോണുകളില്‍ ഡൗണ്‍ലോഡ് ചെയ്തശേഷം രക്ഷിതാക്കാള്‍ അവരുടെ യുഎഇ പാസ് ഉപയോഗിച്ച് ആപ്പില്‍ അക്കൗണ്ട് രജിസ്റ്റര്‍ ചെയ്യണം. മക്കളുടെ സ്കൂള്‍ ബസ് റൂട്ട്, ഐ.ഡി നമ്പര്‍ അല്ലെങ്കില്‍ സ്കൂള്‍ നമ്പര്‍ എന്നിവ കൂടി നല്കിയാല് ആപോ പ്രവര്‍ത്തിച്ചുതുടങ്ങും.
സ്കൂളിലേക്കും തിരിച്ചുമുള്ള യാത്രയില്‍ മക്കളെ രക്ഷിതാക്കള്‍ക്ക് നിരീക്ഷിക്കാം. കുട്ടികള്‍ സ്കൂളിലെത്തിയാലും തിരിച്ചുവീട്ടിലെത്തിയാലും ഉടന്‍ രക്ഷിതാക്കള്‍ക്ക് എസ്എംഎസ് സന്ദേശം ലഭിക്കും. കുട്ടികള്‍ സ്കൂളിലേക്ക് പോകുന്നില്ലെങ്കില്‍ അക്കാര്യം ആപ്പിലൂടെ തന്നെ ബസ് സൂപ്പര്‍വൈസറെ അറിയിക്കുകയും ചെയ്യാം.
വിദ്യാര്‍ഥി സ്കൂളിലെത്തിയില്ലെങ്കില്‍ സ്കൂള്‍ അധികൃതര്‍ക്ക് ആപ്പിലൂടെ രക്ഷിതാക്കളെ അറിയിക്കാനും സംവിധാനമുണ്ട്. സ്കൂള്‍ ബസ്സുകളുടെ നീക്കം തല്‍സമയം ആപ്ലിക്കേഷനിലൂടെ അറിയാനാവും. ബസ് എപ്പോള്‍ പുറപ്പെട്ടു, എവിടെയെത്തി, ബസ്സല്‍ കയറിയ വിദ്യാര്‍ഥികളുടെ എണ്ണം, ബസ് വീടിന് മുന്നിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന സമയം തുടങ്ങിയ വിവരങ്ങള്‍ നോട്ടിഫിക്കേഷനായി മാതാപിതാക്കള്‍ക്ക് ലഭ്യമാക്കാനും ആപില്‍ സൗകര്യമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല