സ്വന്തം ലേഖകൻ: പൂർണതോതിൽ പ്രവർത്തനം ആരംഭിച്ചതോടെ രാജ്യാന്തര വിമാനത്താവളത്തിലെ മുഴുവൻ വിമാന കമ്പനികളുടെയും സേവനം ടെർമിനൽ എയിലേക്കു മാറ്റി. ആഗമന, നിർഗമന യാത്രക്കാർ ഇനി ടെർമിനൽ എയിലാണ് എത്തേണ്ടത്. ഈ മാസം ഒന്നിന് ഭാഗികമായി പ്രവർത്തനമാരംഭിച്ച ടെർമിനൽ 3 ഘട്ടമായാണ് പൂർണതോതിൽ സേവനം ആരംഭിച്ചത്.
നിലവിൽ 28 വിമാന കമ്പനികളാണ് ഇവിടെനിന്ന് സർവീസ് നടത്തുന്നത്. സെൽഫ് സർവീസ് ബാഗേജ് ഡ്രോപ്, ഇമിഗ്രേഷൻ ഇ-ഗേറ്റുകൾ, ബോർഡിങ് ഗേറ്റുകൾ എന്നിവ ഉൾപ്പെടെ 9 പ്രധാന ബയോമെട്രിക് ടച്ച് പോയിന്റുകൾ ജനങ്ങൾക്ക് വേഗത്തിൽ നടപടി പൂർത്തിയാക്കാൻ സഹായിക്കുന്നു. ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യ ഉൾപ്പെടെ നവീന സാങ്കേതിക സംവിധാനങ്ങളുമുണ്ട്. മണിക്കൂറിൽ 19,200 ബാഗുകൾ വരെ കൈകാര്യം ചെയ്യാൻ ശേഷിയുണ്ട്.
പഴയ ടെർമിനലിനെക്കാൾ മൂന്നിരട്ടി ശേഷിയുള്ളതിനാൽ വർഷത്തിൽ 4.5 കോടി യാത്രക്കാരെ ഉൾക്കൊള്ളും. ലോകത്തിലെ ഏറ്റവും വലിയ എയർപോർട്ട് ടെർമിനലുകളിൽ ഒന്നായ ടെർമിനൽ എയിൽ മണിക്കൂറിൽ 11,000 പേരുടെ യാത്രാ നടപടികൾ പൂർത്തിയാക്കാനും 79 വിമാനങ്ങൾ സർവീസ് നടത്താനും ശേഷിയുണ്ട്. ഈ മാസം അവസാനത്തോടെ 7600 വിമാന സർവീസും ഡിസംബറിൽ 12220 വിമാന സർവീസ് നടത്തുക വഴി 30 ലക്ഷത്തോളം പേർ പുതിയ ടെർമിനൽ വഴി യാത്ര ചെയ്യും.
ഇത്തിഹാദ് വിമാനക്കമ്പനിയുടെ മുഴുവന്‍ സര്‍വിസുകളും പുതിയ വിമാനത്താവള ടെർമിനലിലേക്ക് മാറുന്നതിനോടനുബന്ധിച്ച്, ഇത്തിഹാദ് യാത്രക്കാര്‍ക്ക് സൗജന്യ സിറ്റി ചെക് ഇന്‍ സൗകര്യം നല്കുന്നു. മൊറാഫിക് ഏവിയേഷന്റെ കീഴില്‍ മിന തുറമുഖത്തും അബൂദബി എക്സിബിഷന് കേന്ദ്രത്തിലും പ്രവര്‍ത്തിക്കുന്ന ഓഫ് എയര്‍പോര്‍ട്ട് ചെക് ഇന്‍ കേന്ദ്രങ്ങളിലാണ് അടുത്ത ഒരുമാസത്തേക്ക് സൗജന്യ ചെക് ഇന്‍ ഏര്‍പ്പെടുത്തിയത്. മിന തുറമുഖത്തെ ചെക് ഇന്‍ സൗകര്യം 24 മണിക്കൂറും പ്രവര്‍ത്തിക്കും.
എക്സിബിഷന് സെന്ററില്‍ രാവിലെ ഒമ്പതു മുതല്‍ രാത്രി ഒമ്പതുവരെയാണ് പ്രവര്‍ത്തിക്കുന്നത്. ഇത്തിഹാദിനു പുറമെ എയര്‍ അറേബ്യ, വിസ് എയര്‍, ഈജിപ്ത് എയര്‍ എന്നിവയുടെ യാത്രക്കാര്‍ക്കും ഇവിടെ കുറഞ്ഞ നിരക്കില്‍ ചെക് ഇന്‍ സൗകര്യം പ്രയോജനപ്പെടുത്താം. വിമാനസമയത്തിന് നാലു മുതല്‍ 24 മണിക്കൂര്‍ മുമ്പുവരെ ഇവിടെ ബാഗേജുകള്‍ നല്കി ചെക് ഇന്‍ നടത്തി ബോര്‍ഡിങ് പാസ് ലഭിക്കുന്നതിനും സൗകര്യമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല