മലയാളചിത്രമായ ‘ആദാമിന്‍റെ മകന്‍ അബു’ ഓസ്കറിന്. വിദേശഭാഷാ വിഭാഗത്തിലാണ് ‘അബു’ ഇന്ത്യയില്‍ നിന്ന് ഓസ്കറിന് മത്സരിക്കാനുള്ള ഔദ്യോഗിക എന്‍ട്രിയായിരിക്കുന്നത്. ബി ലെനിന്‍ അധ്യക്ഷനായുള്ള 22 അംഗ ജൂറിയാണ് തെരഞ്ഞെടുപ്പ് നടത്തിയത്. അവസാന ഘട്ടത്തില്‍ സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ‘ഉറുമി’യായിരുന്നു ആദാമിന്‍റെ മകന്‍ അബുവിന് വെല്ലുവിളിയുയര്‍ത്തിയത്. എന്നാല്‍ ഒടുവില്‍ അബു മുന്നിലെത്തുകയായിരുന്നു.
മൊത്തം 16 ചിത്രങ്ങളെയാണ് ഓസ്കറില്‍ ഇന്ത്യയില്‍ നിന്നുള്ള ഔദ്യോഗിക എന്‍ട്രിയാകാനുള്ള തെരഞ്ഞെടുപ്പില്‍ പരിഗണിച്ചത്. ഹിന്ദിയില്‍ നിന്ന് ആറ് ചിത്രങ്ങള്‍, തമിഴില്‍ നിന്ന് അഞ്ച്, മലയാളത്തില്‍ നിന്ന് രണ്ട്, ബംഗാളി, മറാത്തി, തെലുങ്ക് ഭാഷകളില്‍ നിന്ന് ഓരോ ചിത്രങ്ങള്‍ എന്നിങ്ങനെയായിരുന്നു പരിഗണിക്കപ്പെട്ടത്. തമിഴകത്തുനിന്ന് ബ്രഹ്മാണ്ഡചിത്രമായ യന്തിരനെയും പരിഗണിച്ചിരുന്നു.
എന്നാല്‍ ഇവയെയെല്ലാം പിന്തള്ളി ആദാമിന്‍റെ മകന്‍ അബു, ഉറുമി, ഹിന്ദിച്ചിത്രമായ നോ വണ്‍ കില്‍ഡ് ജെസീക്ക എന്നീ സിനിമകള്‍ അവസാന റൌണ്ടിലെത്തി. പിന്നീട് നോ വണ്‍ കില്‍ഡ് ജെസീക്ക പുറത്തായി. അവസാന ഘട്ടത്തില്‍ ഉറുമിയും ആദാമിന്‍റെ മകന്‍ അബുവും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്.
മികച്ച കഥ, കലാമൂല്യമുള്ള ചിത്രം, നല്ല തിരക്കഥ, സലിംകുമാറിന്‍റെ തകര്‍പ്പന്‍ അഭിനയം എന്നീ ഘടകങ്ങളുടെ പിന്‍ബലത്തില്‍ ആദാമിന്‍റെ മകന്‍ അബു ഔദ്യോഗിക എന്‍ട്രിയായി ഒടുവില്‍ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഇത് രണ്ടാം തവണയാണ് മലയാള ചിത്രം ഓസ്കറില്‍ മത്സരിക്കാനെത്തുന്നത്. രാജീവ് അഞ്ചല്‍ സംവിധാനം ചെയ്ത ‘ഗുരു’ ആയിരുന്നു ഇതിനുമുമ്പ് ഓസ്കര്‍ എന്‍ട്രി നേടിയ മലയാള സിനിമ.
സലിം അഹമ്മദ് സംവിധാനം ചെയ്ത ആദാമിന്‍റെ മകന്‍ അബു മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയിരുന്നു. സലിംകുമാര്‍ മികച്ച നടനായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല