സ്വന്തം ലേഖകന്‍: അബുദാബിയില്‍ ഇനി മുതല്‍ ബസ് യാത്രക്ക് ഹാഫിലാത്ത് കാര്‍ഡുകള്‍, റിചാര്‍ജ് ചെയ്ത് ഉപയോഗിക്കാം. യാത്രക്കാര്‍ക്ക് റീചാര്‍ജ് ചെയ്ത് ഉപയോഗിക്കാവുന്ന ഹാഫിലാത്ത് പ്രി–പെയ്ഡ് കാര്‍ഡുകള്‍ ഈ മാസം 11 മുതല്‍ നിലവില്‍ വരും. ദുബായില്‍ പ്രാബല്യത്തിലുള്ള നോല്‍ കാര്‍ഡിന് സമാനമായ സംവിധാനമാണ് ഹാഫിലാത്ത് കാര്‍ഡ് വഴി അബുദാബിയില്‍ നടപ്പാക്കുന്നത്. ഹാഫിലാത്ത് നിലവില്‍ വരുന്നതോടെ ബസുകളില്‍ തന്നെ ടിക്കറ്റെടുക്കാന്‍ സാധിക്കുന്ന മണി ബോക്‌സ് സംവിധാനം ഒഴിവാക്കും.
ഈ സംവിധാനം ഞായറാഴ്ച മുതല്‍ ബസുകളില്‍ ഉണ്ടാകില്ല. ഹാഫിലാത്ത് കാര്‍ഡുകള്‍ ഉപയോഗിച്ച് ബസില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും പഞ്ച് ചെയ്യണം. സഞ്ചരിച്ച ദൂരത്തിന്റെ അടിസ്ഥാനത്തില്‍ കാര്‍ഡില്‍ നിന്ന് പണം ഈടാക്കും. അബുദാബിയിലെയും അല്‍ ഐനിലെയും പ്രധാന ബസ് സ്റ്റേഷനുകള്‍, ബസ് സ്റ്റോപ്പുകളിലെ വെന്‍ഡിങ് മെഷീനുകള്‍, പ്രധാന വ്യാപാര കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നു ഹാഫിലാത്ത് കാര്‍ഡുകള്‍ ലഭിക്കും.
ടിക്കറ്റ് വെന്‍ഡിങ് മെഷീനുകളിലും ബസ് സ്റ്റേഷനുകളിലും കാര്‍ഡുകള്‍ റീചാര്‍ജ് ചെയ്യാനുള്ള സൗകര്യമുണ്ടാകും. രണ്ട് ഘട്ടത്തിലുള്ള ഹാഫിലാത്ത് കാര്‍ഡുകളാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. രണ്ടാഴ്ചത്തെ കാലാവധിയുള്ള താല്‍ക്കാലിക കാര്‍ഡുകളും സ്ഥിരമായി ഉപയോഗിക്കാവുന്ന കാര്‍ഡുകളും. താല്‍ക്കാലിക കാര്‍ഡുകളില്‍ പരമാവധി 150 ദിര്‍ഹം വരെ റീചാര്‍ജ് ചെയ്യാം. എന്നാല്‍ സ്ഥിരം കാര്‍ഡുകളില്‍ റീചാര്‍ജിന് പരിധിയുണ്ടാകില്ല. വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കുമായി പ്രത്യേക കാര്‍ഡുകളും പുറത്തിറക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല