സ്വന്തം ലേഖകന്‍: മലയാളിയെ നെഞ്ചോട് ചേര്‍ത്ത് വികാര നിര്‍ഭരമായ യാത്രയയപ്പ് നല്‍കി അബുദാബി കിരീടാവകാശി; സമൂഹം മാധ്യമങ്ങളില്‍ താരമായി കണ്ണൂര്‍ സ്വദേശി മുഹിയുദ്ദീന്‍. അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്യാനാണ് തന്റെ കാര്യാലയത്തില്‍ നാലു പതിറ്റാണ്ടു ജോലിചെയ്ത മലയാളിയായ മുഹിയുദ്ദീനെ യാത്രയയപ്പ് ചടങ്ങില്‍ നെഞ്ചോട് ചേര്‍ത്തത്.
അബുദാബി ‘കടല്‍കൊട്ടാര’ മജ്‌ലിസില്‍ മുഹിയുദ്ദീനായി ഒരുക്കിയ യാത്രായപ്പ് ചടങ്ങിലായിരുന്നു സംഭവം. കുടുംബത്തെ പോറ്റാന്‍ 40 വര്‍ഷം മുന്‍പ് കടല്‍കടന്നെത്തിയ മുഹിയുദ്ദീനെ ഭരാണാധികാരിയും ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്ന് ആദരിച്ചു. പ്രവാസം അവസാനിപ്പിച്ചു യാത്രയാകുന്ന അദ്ദേഹത്തിനുള്ള യാത്രയയപ്പ് രാജകീയമായിരുന്നു.ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് മുഹിയുദ്ദീനെ ആശ്ലേഷിച്ചു കൂടെ നിര്‍ത്തി. സുഖവിവരങ്ങള്‍ അന്വേഷിച്ചു.
പിന്നെ എല്ലാവരും അദ്ദേഹത്തിനൊപ്പം ചേര്‍ന്ന് ഫോട്ടോ എടുത്തു. ‘യുഎഇ താങ്കളുടെ രണ്ടാം വീടായിരിക്കും. ഏതു സമയത്തും സ്വാഗതം’. നാട്ടിലേക്ക് തിരിച്ചു പോകുന്ന മുഹിയുദ്ദീനു ഭരണാധികാരി നല്‍കിയ വാഗ്ദാനമാണിത്. ഒരു പ്രവാസിക്ക് ലഭിക്കുന്ന ഉന്നത പുരസ്‌കാരം. ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് നല്‍കിയ പ്രശംസാ വാക്കുകള്‍ ജീവിതത്തില്‍ മറക്കാന്‍ കഴിയില്ലെന്നു മുഹിയുദ്ദീന്‍ പറഞ്ഞു.
1977 ലാണ് കണ്ണൂരില്‍ നിന്നും മൊയ്തീന്‍ എന്ന അറബികളുടെ മുഹിയുദ്ദീന്‍ യുഎഇയില്‍ എത്തിയത്. അന്നുമുതല്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദിന്റെ റൂളേഴ്‌സ് കോര്‍ട്ടില്‍ മാധ്യമ വിഭാഗത്തിലായിരുന്നു ജോലി. സഹജീവനക്കാരില്‍ നിന്നും ലഭിച്ച സഹകരണത്തിനും സഹായത്തിനും മുഹിയുദ്ദീന്‍ നന്ദി പ്രകാശിപ്പിച്ചു. നാലു പെണ്‍മക്കളും ഒരു മകനുമാണ് മുഹിയുദ്ദീനുള്ളത്. ഒരു മലയാളിക്ക് ലഭിച്ച രാജകീയ യാത്രയയപ്പ് ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല