മലയാളി പരിചാരികയെ ദിവസം 17 മണിക്കൂര്‍ ജോലി ചെയ്യിക്കുകയും കുളിമുറിയില്‍ താമസിപ്പിക്കുകയും ചെയ്ത അമെരിക്കന്‍ വനിത അറസ്റ്റില്‍. ആനി ജോര്‍ജ് എന്ന 39കാരിയാണ് അറസ്റ്റിലായത്. ഇവരുടെ പീഡനത്തിന് ഇരയായ മലയാളിയെക്കുറിച്ച് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. വിഎം എന്നാണ് പൊലീസ് റെക്കോഡില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
30,000 ചതുരശ്ര അടിയുള്ള ബംഗ്ലാവിലാണ്, മലയാളി നിര്‍ബന്ധിത വേല ചെയ്യേണ്ടിവന്നത്. 12 ഏക്കറുള്ള എസ്റ്റേറ്റിലാണ് ബംഗ്ലാവ്. ആറു വര്‍ഷം ഇവിടെ തടവിലെന്ന പോലെ ജോലി ചെയ്തു. യുഎസ് ഹ്യൂമന്‍ ട്രാഫിക്കിങ് റിസോഴ്സ് സെന്‍ററിനു വിവരം ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കഴിഞ്ഞ വര്‍ഷം മോചിപ്പിക്കപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ആനി ജോര്‍ജ് അറസ്റ്റിലായത്. കുടിയേറ്റ വിസ ഇല്ലാതെ വിദേശിയെ താമസിപ്പിച്ചു എന്ന കുറ്റമാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ ആനിയെ സ്വന്തം ജാമ്യത്തില്‍ വിട്ടു. ആനിയുടെ ഭര്‍ത്താവ് 2009ല്‍ വിമാന അപകടത്തില്‍ മരിച്ചു.
1998ല്‍ നോണ്‍ ഇമ്മിഗ്രന്‍റ് വിസയിലാണ് മലയാളി പരിചാരിക യുഎസില്‍ എത്തിയത്. യുഎന്‍ ജീവനക്കാരന്‍റെ കുടുംബത്തില്‍ ജോലിക്കായാണ് വന്നതെന്ന് ഇവര്‍ പറഞ്ഞതായി പൊലീസ്. പിന്നീട് എങ്ങനെയാണ് ജോര്‍ജ് എസ്റ്റേറ്റില്‍ എത്തിയതെന്ന് വ്യക്തമല്ല. ഹെലികോപ്റ്റര്‍ പാഡും സ്വിമ്മിങ് പൂളും സ്വര്‍ണം പതിച്ച മേല്‍ക്കൂരയുമൊക്കെയുള്ള സ്ഥലമാണ് ജോര്‍ജ് എസ്റ്റേറ്റ്. മാസം ആയിരം ഡോളറാണ് ഇവിടെ ജോലിക്ക് വാഗ്ദാനം ചെയ്തിരുന്ന ശമ്പളം. കിട്ടിയത് മണിക്കൂറില്‍ 85 സെന്‍റ് മാത്രവും. ആറു വര്‍ഷത്തെ ജോലിക്കിടെ കിട്ടിയത് 29,000 ഡോളര്‍. പറഞ്ഞ തുക വച്ച് ഇവര്‍ക്കു കിട്ടേണ്ടിയിരുന്നത് 206000 ഡോളര്‍. ഇതുവരെ അവധിയോ ഒഴിവു ദിനമോ കിട്ടിയിട്ടില്ല. ചികിത്സയും ലഭിച്ചിട്ടില്ല.
ആനിയുടെ മൂന്നു പെണ്‍മക്കള്‍ താമസിക്കുന്ന മുറിയോടു ചേര്‍ന്ന വലിയ കുളിമുറിയില്‍ ആയിരുന്നു പരിചാരികയുടെ കിടപ്പ്. വിഎം എപ്പോഴും മക്കള്‍ക്ക് അടുത്തു വേണം എന്നായിരുന്നു, ആനി ഇതിനു പറഞ്ഞ ന്യായം. പരിചാരികയെ അധികൃതര്‍ മോചിപ്പിച്ച ശേഷം ആനി മൂന്നു വട്ടം കേരളത്തിലെ അവരുടെ മകനുമായി ഫോണില്‍ സംസാരിച്ചതായി വിവരം ലഭിച്ചെന്ന് പൊലീസ്. തന്‍റെ ബന്ധുവാണെന്നും അതിഥിയായാണ് ബംഗ്ലാവില്‍ കഴിഞ്ഞിരുന്നതെന്നും അധികൃതരോട് പറയുന്നതിന് അമ്മയെ നിര്‍ബന്ധിക്കാന്‍ ആനി മകനോട് ആവശ്യപ്പെട്ടതായി പൊലീസ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല