1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 18, 2024

സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ പുതിയ അധ്യായന വര്‍ഷത്തിന് ഇന്ന് ഓഗസ്റ്റ് 18ന് തുടക്കമാവും. 60 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ വേനല്‍ക്കാല അവധിക്ക് ശേഷം പുതിയ അധ്യയന വര്‍ഷത്തിന്റെ ആദ്യത്തെ ക്ലാസ്സുകളിലേക്ക് മടങ്ങി. സൗദിയിലെ പൊതു വിദ്യാലയങ്ങളാണ് ഇന്ന് തുറന്നത്. ഇന്ത്യന്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് സെപ്തംബര്‍ ഒന്നിനാണ് ക്ലാസുകള്‍ തുടങ്ങുക.

രാജ്യത്തുടനീളമുള്ള 30,000-ലധികം പൊതു, സ്വകാര്യ, അന്തര്‍ദേശീയ, വിദേശ സ്‌കൂളുകള്‍ പുതിയ അധ്യയന വര്‍ഷത്തിലേക്ക് എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തീകരിച്ചതായി അധികൃതര്‍ അറിയിച്ചു. സ്വദേശികളും വിദേശികളുമായ അഞ്ച് ലക്ഷത്തോളം അധ്യാപകരാണ് പൊതു, സ്വകാര്യ മേഖലകളില്‍ കുട്ടികളെ ക്ലാസ്സുകളിലേക്ക് വരവേല്‍ക്കുക. അധ്യാപകര്‍ കഴിഞ്ഞ ആഴ്ച മുതല്‍ ജോലിക്ക് ഹാജരായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ പാഠപുസ്തകങ്ങളുടെ വിതരണവും ഇന്ന് തുടങ്ങും.

മൂന്ന് സെമസ്റ്ററുകളായിട്ടാണ് അധ്യായന വര്‍ഷത്തെ പാഠ്യപദ്ധതി ക്രമീരകരിച്ചിരിക്കുന്നത്. ഒന്നാം സെമസ്റ്റര്‍ 2024 ഓഗസ്റ്റ് 18ന് ആരംഭിച്ച് നവംബര്‍ ഏഴിന് അവസാനിക്കും. രണ്ടാം സെമസ്റ്റര്‍ 2024 നവംബര്‍ 17ന് ആരംഭിച്ച് 2025 ഫെബ്രുവരി 20നും മൂന്നാം സെമസ്റ്റര്‍ മാര്‍ച്ച് രണ്ടിന് ആരംഭിക്കച്ച് ജൂണ്‍ 26ന് അവസാനിക്കും.

പുതിയ അക്കാദമിക് കലണ്ടറില്‍ ആദ്യത്തെ വിപുലീകൃത അവധി 2024 ഒക്ടോബര്‍ 17-ന് ആരംഭിക്കും. തുടര്‍ന്ന് 2024 ഡിസംബര്‍ 11, 12 തീയതികളിലും അവധിയായിരിക്കും. 2025 മെയ് 4,5 തീയതികളിലാണ് അടുത്ത അവധി. കൂടാതെ, ആദ്യ സെമസ്റ്റര്‍ അവസാനിച്ചതിന് ശേഷം ഒരു ഫാള്‍ ബ്രേക്കും രണ്ടാം സെമസ്റ്റര്‍ അവസാനിച്ചതിന് ശേഷം ഒരു ശൈത്യകാല അവധിയും ഉണ്ടാകും. 2024 സെപ്റ്റംബര്‍ 22, 23 തീയതികളില്‍ സൗദി ദേശീയ ദിനം ആഘോഷിക്കുന്നതിനായി വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് ദിവസത്തെ അവധിയും ലഭിക്കും. പുതിയ അക്കാദമിക് കലണ്ടറിലെ ആദ്യ ഇടവേളയായിരിക്കും ഇത്.

ഇന്റര്‍മീഡിയറ്റ് സ്‌കൂളുകളില്‍ ഈ വര്‍ഷം ചൈനീസ് ഭാഷാ ക്ലാസുകള്‍ ആരംഭിക്കുന്നുവെന്നതാണ് പുതിയ അധ്യയന വര്‍ഷത്തിലെ സവിശേഷത. 2029ല്‍ മൂന്നാം വര്‍ഷ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ചൈനീസ് ഭാഷാ പഠനം ആരംഭിച്ചിരുന്നു. അവ മറ്് ക്ലാസ്സുകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണിത്.

പുതിയ അധ്യയന വര്‍ഷത്തോടനുബന്ധിച്ച്, സൗദി അറേബ്യയിലെ ഗ്രാന്‍ഡ് മുഫ്തി ഷെയ്ഖ് അബ്ദുല്‍ അസീസ് അല്‍ ശൈഖ്, ഇസ്ലാമില്‍ പഠനത്തിനുള്ള പ്രാധാന്യം ഊന്നിപ്പറഞ്ഞു. അന്ത്യ പ്രവാചകന്‍ മുഹമ്മദ് നബിക്ക് ദൈവം ആദ്യമായി നല്‍കിയ വെളിപാട് ‘ഇഖ്‌റഅ്’ അഥവാ വായിക്കുക എന്നായിരുന്നുവെന്നും ഇത് വായനയുടെ പഠനത്തിന്റെയും പ്രാധാന്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നതെന്നും അദ്ദേഹം വിദ്യാര്‍ഥികള്‍ക്കായി നല്‍കിയ സന്ദേശത്തില്‍ പറഞ്ഞു.

സമയ മാനേജ്‌മെന്റിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ അദ്ദേഹം, പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും അധ്യാപകരില്‍ നിന്ന് പഠിക്കാനും മാതാപിതാക്കളുടെയും നേതാക്കളുടെയും മാര്‍ഗനിര്‍ദേശങ്ങള്‍ ശ്രദ്ധിക്കുകയും അവരുടെ കുടുംബത്തിനും രാജ്യത്തിനും നല്ല സംഭാവന നല്‍കുന്ന വിജയികളായ വ്യക്തികളാകാന്‍ അവരെ ഉപദേശിക്കുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.