ടിപ്പര്‍ ട്രക്ക് കാറുകളുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുട്ടിയടക്കം നാല് പേര്‍ കൊല്ലപ്പെട്ടു. അപ്പര്‍ വെസ്റ്റണിലെ ലാന്‍ഡ്‌സ്ഡൗണ്‍ ലെയ്‌നിലെ കുന്ന് ഇറങ്ങി വരുന്നതിനിടെയാണ് നിയന്ത്രണം വിട്ട ട്രക്ക് നിരവധി കാറുകളുമായി കൂട്ടിയിടിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന് പേരും വഴിയിലൂടെ നടക്കുകയായിരുന്ന ഒരു പെണ്‍കുട്ടിയുമാണ് അപകടത്തില്‍ മരിച്ചത്. മറ്റ് നാല് പേര്‍ക്ക് കൂടി പരുക്കേറ്റിട്ടുണ്ട്. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ട്രക്ക് ഓടിച്ചിരുന്ന ആള്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഇയാളും ആശുപത്രിയില്‍ ചികിത്സയിലാണ്.
കുന്ന് ഇറങ്ങി വരികയായിരുന്ന ട്രക്ക് നിരന്തരമായി ഹോണ്‍ മുഴക്കിയാണ് വന്നത്. വാഹനത്തിന് നിയന്ത്രണം നഷ്ടപ്പെട്ടതിനാല്‍ ഡ്രൈവര്‍ നല്‍കിയ മുന്നറിയിപ്പാകാം ഇതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. അപകടം ഒഴിവാക്കുന്നതിനായി ഡ്രൈവര്‍ ശ്രമിച്ചതാണ് അപകടത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ദൃക്‌സാക്ഷി വിവരണങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് പൊലീസിന്റെ നിഗമനം.
റോഡില്‍ വാഹനങ്ങളുടെ വേഗം നിയന്ത്രിക്കുന്നതിനായി സ്പീഡ് ലിമിറ്റ് നിശ്ചയിക്കാറുണ്ട്, അത്തരത്തിലൊരു സ്ഥലത്താണ് വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തിന്റെ യഥാര്‍ത്ഥ കാരണം പൊലീസിന്റെ അപകട വിദഗ്ധ സംഘം അന്വേഷിക്കുകയാണ്. വാഹനം അപകടത്തില്‍പ്പെട്ടതിന്റെ ശാസ്ത്രീയ കാരണങ്ങള്‍ അന്വേഷിക്കുകയാണ് ഈ സംഘത്തിന്റെ ജോലി.
കൊളീഷന്‍ ഇന്‍വസ്റ്റിഗേറ്റേഴ്‌സ് സ്ഥലം പരിശോധിക്കുന്നതിനാല്‍ ലാന്‍ഡ്‌സ്ഡൗണ്‍ ലെയ്‌നിലൂടെയുള്ള ഗതാഗതം ഈ രാത്രിയില്‍ നിരോധിച്ചിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു. അപകടത്തില്‍ ദുഖം രേഖപ്പെടുത്തുന്നതിനായി അപകടം നടന്ന സ്ഥലത്തോട് ചേര്‍ന്നുള്ള വെസ്റ്റണ്‍ ഓള്‍ സെയ്ന്റ്‌സ് പ്രൈമറി സ്‌കൂളിന് ബാത്ത് ആന്‍ഡ് നോര്‍ത്ത് ഈസ്റ്റ് സോമര്‍സെറ്റ് കൗണ്‍സില്‍ അവധി നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല