1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 3, 2024

സ്വന്തം ലേഖകൻ: ലങ്കാഷയറിലെ ബാംബര്‍ ബ്രിഡ്ജില്‍ മലയാളിയായ ഗര്‍ഭിണിയെ സീബ്രാ ക്രോസില്‍ വെച്ച് കാര്‍ ഇടിച്ചുതെറിപ്പിച്ച് ഗര്‍ഭസ്ഥ ശിശു മരിച്ച കേസില്‍ ആറ് പേര്‍ അറസ്റ്റില്‍. കഴിഞ്ഞഞായറാഴ്ച രാത്രി 8 മണിയോടെയാണ് വയനാട് സ്വദേശിനിയായ 30-കാരി രഞ്ജു ജോസഫിനെ അതിവേഗത്തിലെത്തിയ കാര്‍ ഇടിച്ചുതെറിപ്പിച്ചത്.

അപകടം ഉണ്ടാക്കിയ വാഹനം നിര്‍ത്താതെ പോകുകയായിരുന്നു. പാരാമെഡിക്കുകള്‍ അതിവേഗത്തില്‍ രഞ്ജുവിനെ ആശുപത്രിയിലെത്തിക്കുകയും, എമര്‍ജന്‍സി സര്‍ജറി നടത്തി കുഞ്ഞിനെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. യുവതിയുടെ ആരോഗ്യ നിലയും ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്‌റ്റേഷന്‍ റോഡില്‍ നിന്നും പ്രസ്റ്റണിലേക്ക് യാത്ര ചെയ്ത ടൊയോട്ട പ്രയസ് കാറാണ് അപകടം സൃഷ്ടിച്ചത്. ബാംബര്‍ ബ്രിഡ്ജ് സ്വദേശികളായ 16, 17 വയസ്സുള്ള ആണ്‍കുട്ടികളും, ഒരു 53-കാരനായ പുരുഷനും അറസ്റ്റിലായിരുന്നു. ഇവരെ അന്വേഷണവിധേയമായി ജാമ്യത്തില്‍ വിട്ടു. പിന്നാലെയാണ് ലോസ്‌റ്റോക്ക് ഹാളില്‍ നിന്നും 17-കാരിയെയും, ബോള്‍ട്ടണില്‍ നിന്നും 19-കാരനെയും, സഹായങ്ങള്‍ ചെയ്ത് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച ബ്ലാക്ക്‌ബേണില്‍ നിന്നുള്ള 40-കാരനെയും പിടികൂടിയത്. ഇവര്‍ കസ്റ്റഡിയില്‍ തുടരുകയാണ്.

അന്വേഷണത്തില്‍ പുരോഗതിയുണ്ടെന്ന് ഡിറ്റക്ടീവ് ചീഫ് ഇന്‍സ്‌പെക്ടര്‍ ജില്‍ റിലെ പറഞ്ഞു. ഗര്‍ഭിണിയായ യുവതിയാണ് അപകടത്തില്‍ ഇരയായതെന്നും, വയറ്റിലുണ്ടായിരുന്ന കുഞ്ഞ് മരിച്ചതായും ലങ്കാഷയര്‍ പോലീസ് സ്ഥിരീകരിച്ചു. രണ്ട് വര്‍ഷം മുന്‍പാണ് സ്റ്റുഡന്റ് വീസയില്‍ രഞ്ജുവും, ഭര്‍ത്താവും യുകെയിലെത്തുന്നത്. നഴ്‌സിംഗ് ഹോമില്‍ രഞ്ജു പാര്‍ട്ട്‌ടൈം ജോലി ചെയ്തിരുന്നു. ഇവിടെ നിന്നും ജോലി കഴിഞ്ഞ് മടങ്ങവെയാണ് സീബ്രാ ലൈനില്‍ വെച്ച് കാര്‍ ഇടിച്ചുതെറിപ്പിച്ച് ദുരന്തം സൃഷ്ടിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.