സ്വന്തം ലേഖകൻ: യുഎസിലെ ടെക്സസിലുണ്ടായ വാഹനാപകടത്തില്‍ നാലംഗ ഇന്ത്യന്‍കുടുംബത്തിലെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. അരവിന്ദ് മണി (45), ഭാര്യ പ്രദീപ അരവിന്ദ് (40), ഇവരുടെ മകള്‍ ആന്ഡ്രില് അരവിന്ദ് എന്നിവരാണ് മരിച്ചത്. ടെക്സസിലെ ലിയാണ്ടറിലെ താമസക്കാരായിരുന്നു ഇവര്‍.
ബുധനാഴ്ച രാവിലെ അഞ്ചേമുക്കാലോടെ ലാംപാസ് കൗണ്ടിക്ക് സമീപമായിരുന്നു അപകടമെന്ന് യു.എസ്. പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അരവിന്ദും കുടുംബവും സഞ്ചരിച്ച കാറിലേക്ക് മറ്റൊരു കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്.
അരവിന്ദ്-പ്രദീപ ദമ്പതിമാരുടെ മകന് ആദിര്യാന് (14) അപകടസമയത്ത് ഇവര്‍ക്കൊപ്പമില്ലായിരുന്നു. ഇനി ആ കുടുംബത്തിലെ അവശേഷിക്കുന്ന ഏക അംഗം ആദിര്യാനാണ്. മകളെ നോര്‍ത്ത് ടെക്സസിലെ കോളേജിലാക്കാന്‍ പുറപ്പെട്ടതായിരുന്നു അരവിന്ദും പ്രദീപയും. ഈയടുത്ത് ഹൈസ്കൂള്‍ പഠനം പൂര്‍ത്തിയാക്കിയ ആന്ഡ്രില് ഡാലസ് സര്‍വകലാശാലയില്‍ കംപ്യൂട്ടര്‍ സയന്‍സ് പഠനത്തിന് ചേരാനുള്ള തയ്യാറെടുപ്പിലായിരുന്നു.
അരവിന്ദും കുടുംബവും സഞ്ചരിച്ച കാര്‍ 112 കിലോമീറ്റര്‍ വേഗത്തിലും ഇവരുടെ വാഹനത്തിലേക്ക് ഇടിച്ച കാര്‍ 160 കിലോമീറ്റര്‍ വേഗതയിലുമാണ് ഉണ്ടായിരുന്നത്. അരവിന്ദിന്റെ കാറിലേക്ക് വന്നിടിച്ച കാറിന്റെ ഡ്രൈവറുടേത് ഉള്‍പ്പെടെ അഞ്ചുപേര്‍ക്കാണ് അപകടത്തില്‍ ജീവന് നഷ്ടമായത്.
മാതാപിതാക്കളെയും സഹോദരിയെയും നഷ്ടമായ ആദിര്യാന് സാമ്പത്തികസഹായം ലഭ്യമാക്കാന്‍ ഗോഫണ്ട് മി പേജ് ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല