1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 31, 2024

സ്വന്തം ലേഖകൻ: ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് ഏറ്റവും പുതിയ മെഡിക്കൽ ബുള്ളറ്റിൻ. ഇന്നെടുത്ത x ray യിൽ നേരിയ പുരോഗതി വന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ബ്രോങ്കോ സ്കോപ്പ് ചെയ്യേണ്ട ആവശ്യം ഇല്ലെന്ന് കൊച്ചി റിനൈ മെഡിസിറ്റി മെഡിക്കൽ ഡയറക്ടർ ഡോക്ടർ കൃഷ്ണനുണ്ണി പോളക്കുളത്ത് വ്യക്തമാക്കി.മരുന്നുകളോടും ചികിത്സകളോടും പ്രതികരിക്കുന്നുണ്ട്.

വാരിയെല്ലുകളുടെ ഒടിവുകളും അവമൂലം ശ്വാസകോശത്തിനുണ്ടായ ക്ഷതവും ചതവും കുറച്ചുനാളുകൾ നീണ്ടു നിൽക്കുന്ന ചികിത്സയിലൂടെ മാത്രമേ ഭേദപ്പെടുകയുള്ളൂ . വീഴ്ചയുടെ ആഘാതത്തിൽ കുറച്ചധികം രക്തം ശ്വാസകോശത്തിൽ പോയിട്ടുണ്ട് അത് ആന്റീബയോട്ടിക്കുകളുടെ സഹായത്തോടെ മാറ്റാൻ സാധിക്കുമെന്ന് ഡോക്ടർ കൃഷ്ണനുണ്ണി പറഞ്ഞു.

എംഎൽഎ ഇപ്പോഴും വെന്റിലേറ്ററിൽ തന്നെയാണ് കഴിയുന്നത്. ഗുരുതരാവസ്ഥയിൽ നിന്ന് പൂർണമായും തരണം ചെയ്തുവെന്ന് ഇപ്പോൾ പറയാൻ കഴിയില്ല വെന്റിലേറ്ററിൽ നിന്ന് മാറ്റി 24 മണിക്കൂറിന് ശേഷം മാത്രമേ അക്കാര്യത്തിൽ ഒരു വ്യക്തത ഉണ്ടാകുകയുള്ളൂ.

പൂർണ ബോധാവസ്ഥയിലല്ല. രാവിലെ ഉമ തോമസ് കണ്ണു തുറന്നു. കൈകാലുകള്‍ അനക്കി. കൈയ്യിൽ മുറുക്കെ പിടിച്ചു. രാവിലെ മകൻ വിഷ്ണു തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള ഉമ തോമസിനെ കണ്ടു. ഉമ തോമസിനെ കണ്ടശേഷം മകനാണ് അമ്മ കണ്ണു തുറന്നുവെന്നും കൈ കാലുകള്‍ അനക്കിയെന്നും പറഞ്ഞത്.

ശ്വാസകോശത്തിലെ അണുബാധ ഒഴിവാക്കാനുള്ള ചികിത്സകളാണ് ഇപ്പോൾ ചെയ്യുന്നത്. നിലവിൽ അണുബാധ കുറവാണ്.എന്നാൽ ന്യൂമോണിയ വരാതെ നോക്കേണ്ടതുണ്ട്. പതുക്കെ വെന്റിലേറ്ററിൽ നിന്ന് മാറ്റാനുള്ള ശ്രമങ്ങൾ നടത്തും. ലഭ്യമായ മെഡിക്കൽ റിപ്പോർട്ടുകളിൽ കുഴപ്പമില്ലാതെ അവസ്ഥയാണ് കാണപ്പെടുന്നത്. ഇനി ട്യൂബിലൂടെ ആഹാരങ്ങൾ കൊടുത്തു തുടങ്ങും എന്നിട്ടുള്ള അവസ്ഥകൾ നിരീക്ഷിക്കുകയാണ് ഇനി ചെയ്യാൻ പോകുന്നത്. നിലവിൽ എംഎൽഎ ഡോക്ടർമാർ പറയുന്നതിനോട് പ്രതികരിക്കുന്നുണ്ട്.

അതേസമയം, പരിപാടിക്കായി വേദിയും പന്തലും ഒരുക്കിയ ഓസ്‌കാര്‍ ഇവന്റെ മാനേജ്മെന്റ് കമ്പനിയുടെ മാനേജര്‍ കൃഷ്ണകുമാര്‍, സ്റ്റേജ് നിര്‍മ്മിച്ച മുളന്തുരുത്തി സ്വദേശി ബെന്നി, മൃദംഗ വിഷന്‍ സിഇഒ ഷമീര്‍ അബ്ദുല്‍ റഹീം എന്നിവരെ ഇന്നലെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എംഡി, നിഘോഷ് കുമാര്‍, ഇവന്റ് മാനേജ്മെന്റ് ഉടമ പി എസ് ജനീഷ് എന്നിവര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയും നല്‍കിയിട്ടുണ്ട്.

എംഎല്‍എ അപകടത്തില്‍പ്പെട്ട, പന്ത്രണ്ടായിരത്തിലികം പേര്‍ പങ്കെടുത്ത കൊച്ചിയിലെ നൃത്തപരിപാടിയുടെ സംഘാടനത്തില്‍ ഗുരുതര വീഴ്ചയും ക്രമക്കേടുമാണ് ഉണ്ടായത്. മന്ത്രിമാരടക്കം പങ്കെടുത്ത പരിപാടിയില്‍ മതിയായ സുരക്ഷാ സംവിധാനങ്ങളോ പ്രോട്ടോകോളോ പാലിച്ചില്ലായിരുന്നു.

സംഘാടകര്‍ക്ക് ഗുരുതര വീഴ്ചയുണ്ടായെന്നാണ് ഫയര്‍ഫോഴ്സിന്റെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്. സംഘാടകരായ മൃദംഗവിഷനെതിരെ ഗുരുതര ആക്ഷേപം ഉയര്‍ന്നിരുന്നു. നൃത്തപരിപാടിക്ക് എത്തിയവരില്‍ നിന്ന് കോടിക്കണക്കിന് രൂപ പിരിച്ചെടുത്തെങ്കിലും അടിസ്ഥാനസൗകര്യങ്ങള്‍ പോലും ഒരുക്കിയിട്ടില്ലെന്നാണ് പരാതി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.