സ്വന്തം ലേഖകൻ: യുകെയിൽ പണപ്പെരുപ്പം നിയന്ത്രണത്തിലായി എന്ന് തോന്നുമ്പോഴും, ജീവിതച്ചെലവ് വർധനയുടെ കാലം ഇനിയും നമ്മെ വിട്ടുമാറുന്നില്ല. കഴിഞ്ഞ കാലത്തെ ഉയർന്ന വിലക്കയറ്റം ഇപ്പോൾ കുറഞ്ഞെങ്കിലും, പലർക്കും ഇപ്പോഴും വേതനവർധനവ് പിന്തുടരാൻ കഴിയാത്ത അവസ്ഥയാണ്. അപ്പോൾ, ഈ പ്രതിസന്ധി എപ്പോൾ അവസാനിക്കും? വിലകൾ കുറയാൻ സാധ്യതയുണ്ടോ?
2024 ജൂലൈ വരെയുള്ള കണക്കുകൾ പ്രകാരം, പണപ്പെരുപ്പം 2.2% ആയി ഉയർന്നു. ഇത് ഈ വർഷത്തെ ആദ്യ വർധനവാണെങ്കിലും, പ്രതീക്ഷിച്ചതിലും കുറവാണ്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിൻ്റെ ലക്ഷ്യം 2% പണപ്പെരുപ്പം മാത്രമാണെന്നത് കണക്കിലെടുക്കുമ്പോൾ, ഇത് പലർക്കും ആശ്വാസകരമായ വാർത്തയാണ്. എന്നാൽ, വിലകൾ ഇനിയും സ്ഥിരതയില്ലാത്ത അവസ്ഥയിൽ തുടരാൻ സാധ്യതയുണ്ട്.
എന്നാൽ കുറഞ്ഞ പണപ്പെരുപ്പ നിരക്ക് വില കുറയുന്നു എന്നല്ല അർത്ഥമാക്കുന്നത് – വാസ്തവത്തിൽ, അവ ഇപ്പോഴും മന്ദഗതിയിലുള്ള നിരക്കിൽ ഉയരുകയാണ്. ജീവിതച്ചെലവ് ഇന്ന് പലർക്കും വലിയൊരു വെല്ലുവിളിയാണ്. ഒരു കിലോ വാഴപ്പഴത്തിന്റെ വില മുതൽ വൈദ്യുതി ബില്ല് വരെ എല്ലാം വർധിച്ചുകൊണ്ടിരിക്കുന്നത് യാഥാർഥ്യമാണ്.
ഈ സാഹചര്യത്തിലാണ് വടക്കന്‍ ലണ്ടനിലെ ബെല്‍സൈസ് പാര്‍ക്കിലുള്ള ദാമിനി പാല്‍ എന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥി ഇപ്പോള്‍ സഹവര്‍ത്തിത്വത്തിന് ഉത്തമോദാഹരണം കാണിച്ചു തന്നിരിക്കുന്നത്. വളരെ കുറഞ്ഞ വാടകയ്ക്ക് ദാമിനിക്ക് താമസ സൗകര്യം ലഭിക്കുമ്പോള്‍, വീട്ടുടമയായ, മറവിരോഗം ബാധിച്ച 90 കാരന് ആവശ്യമായ സഹായങ്ങള്‍ സ്നേഹപൂര്‍വ്വം നല്‍കുകയാണ് ദാമിനിയും ഒപ്പമുള്ള നിയതിയും. കേവലം 150 പൗണ്ടാണ് ദാമിനി വാടക നല്‍കുന്നത്. മാത്രമല്ല, മറ്റ് ജീവിത ചെലവുകളും, വീട്ടുടമയുമായി പങ്കിടുന്നതിനാല്‍ വളരെകുറവേ വരുന്നുള്ളു.
ബെല്‍സൈസ് പാര്‍ക്കിലെ ഇരുനില വീട്ടിലെ സ്നേഹം നിറഞ്ഞ ജീവിതം ആസ്വദിക്കുകയാണ് ദാമിനിയും നിയതിയും 90 കാരനായ വീട്ടുടമയും. എല്ലാവര്‍ക്കും സഹായകരമായ ഈ സംവിധാനം ഒരുക്കിയിരിക്കുന്ന ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സേവന ദാതാവായ ഷെയര്‍ ആന്‍ഡ് കെയര്‍ ഹോംഷെയര്‍ എന്ന സ്ഥാപനമാണ്. സ്വതന്ത്രമായി ജീവിക്കുവാന്‍ മറ്റാരുടെയെങ്കിലും സഹായം ആവശ്യം വരുന്നവരെയും, താങ്ങാവുന്ന വാടകക്ക് താമസ സൗകര്യം അന്വേഷിക്കുന്നവരെയും പരസ്പരം ബന്ധപ്പെടുത്തുക എന്നതാണ് ഈ സ്ഥാപനത്തിന്റെ ദൗത്യം.
വീട്ടുടമ ഒരു കലാകാരന്‍ ആയതിനാല്‍, അതീവ മനോഹരമായി അലങ്കരിച്ച വീട്ടില്‍ താമസിക്കാന്‍ കഴിയുന്നതില്‍ സന്തോഷം ഏറെയുണ്ടെന്ന് ദാമിനി പറയുന്നു. യൂണിവേഴ്സിറ്റി ഓഫ് ഹെര്‍ട്ട്‌ഫോര്‍ഡ്ഷയറില്‍ ഗ്രാഫിക് ഡിസൈനില്‍ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന ദാമിനിക്ക് അവിശ്വസനീയമാം വിധം കുറഞ്ഞ വാടക നിരക്കിലാണ് വീട് ലഭിച്ചത്, അതും മറ്റ് ബില്ലുകള്‍ എല്ലാം ഉള്‍പ്പടെ.
നേരത്തെ 2021 ല്‍ ലണ്ടനില്‍ താമസിച്ചിട്ടുള്ള ദാമനി പിന്നീട് ഒരു വര്‍ഷത്തിനു മുന്‍പ് വീണ്ടും ലണ്ടനിലെത്തിയപ്പോഴാണ് വീട്ട് വാടകയെല്ലാം അവിശ്വസനീയമാം വിധം വര്‍ദ്ധിച്ചതായി അറിഞ്ഞത്. തുടര്‍ന്നായിരുന്നു, 2021 ല്‍ തനിക്ക് ഷെയര്‍ ആന്‍ഡ് കെയറില്‍ നിന്നും ലഭിച്ച ഒരു ഈമെയില്‍ സന്ദേശം തിരഞ്ഞെടുത്ത് അപെക്ഷ സമര്‍പ്പിച്ചത് എന്നും ദാമിനി പറയുന്നു.
വീട്ടുടമയെ ശുശ്രൂഷിക്കാന്‍ ദിവസേന മൂന്ന് തവണ കെയറര്‍മാര്‍ വരും. ദാമിനിയും കൂട്ടുകാരിയും പതിനഞ്ചു മണിക്കൂര്‍ നേരത്തെ സഹായവും, പിന്തുണയും, നല്‍കണം. അതിനു പകരമായി തീരെ കുറഞ്ഞ വാടകക്ക് വീട്ടില്‍ താമസിക്കാം. എന്നാല്‍, ഇത് പലപ്പോഴും പതിനഞ്ച് മണിക്കൂറില്‍ കൂടുതല്‍ നീളാറുണ്ടെന്ന് ദാമിനി പറയുന്നു.
എന്നാല്‍, തങ്ങള്‍ അത് കാര്യമാക്കാറില്ല എന്നും അവര്‍ പറഞ്ഞു. വീട്ടുടമയ്ക്കായി ഭക്ഷണം പാചകം ചെയ്യുന്ന ദാമിനിയും സുഹൃത്തും അയാള്‍ക്കൊപ്പം തന്നെയായിരിക്കും ഉച്ചഭക്ഷണവും അത്താഴവും കഴിക്കുക. ജി പി അപ്പോയിന്റ്‌മെന്റുകളും തങ്ങള്‍ തന്നെയാണ് കൈകാര്യം ചെയ്യുന്നതെന്നും ദാമിനി പറഞ്ഞു. ആശുപത്രിയില്‍ ആയിരുന്നപ്പോള്‍ വീട്ടുടമക്ക് കൂട്ടിരുന്നിട്ടുണ്ടെന്നും, ഒരു തൊഴില്‍ എന്ന നിലയില്‍ കാണാത്തതിനാല്‍ മണിക്കൂറുകളുടെ കണക്കുകള്‍ വയ്ക്കാറില്ലെന്നും ദാമിനി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല