1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 20, 2024

സ്വന്തം ലേഖകൻ: രാജ്യത്തേക്ക് കൊണ്ടുവരുന്ന വീട്ടുജോലിക്കാർക്ക് താമസവും ഭക്ഷണവും ഉറപ്പാക്കേണ്ടത് റിക്രൂട്ടിങ് കാര്യാലയങ്ങളെന്ന് മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. തൊഴിലാളികളെ നേരിട്ട് നിയമിച്ച സ്ഥാപനങ്ങൾക്കും ഇടനിലക്കാരായ ഏജൻസികൾക്കും ഉത്തരവാദിത്തമുണ്ട്.

രാജ്യത്ത് എത്തിയ തൊഴിലാളിയുടെ നിയമന നടപടികൾ 30 ദിവസത്തിനകം പൂർത്തിയാക്കണം. തൊഴിൽ കരാർ കാലത്ത് അവരുടെ താമസവും ഭക്ഷണവും സ്ഥാപനങ്ങൾ ഉറപ്പാക്കണം. നിയമനം നൽകിയ ശേഷം തൊഴിലാളി ജോലി ചെയ്യാൻ വിസമ്മതിച്ചാൽ റിക്രൂട്ടിങ് സ്ഥാപനങ്ങളിലേക്ക് തിരിച്ചയയ്ക്കും.

വൈദ്യ പരിശോധനയിൽ രോഗം കണ്ടെത്തിയാലും ജോലിക്ക് പ്രാപ്തിയില്ലെങ്കിലും തൊഴിലുടമ ഇവരെ റിക്രൂട്ടിങ് ഓഫിസുകളിലേക്കാണ് തിരിച്ചുവിടുക. തൊഴിലാളിയുടെ വൈദ്യ, സുരക്ഷാ റിപ്പോർട്ടുകൾ തൃപ്തികരമല്ലെങ്കിലും റിക്രൂട്ട് ചെയ്ത ഏജൻസികൾ തിരിച്ചയയ്ക്കാൻ തുടർനടപടി സ്വീകരിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.

രാജ്യത്തേക്ക് വീട്ടുജോലിക്കാരെ കൊണ്ടുവരാൻ അനുമതി ലഭിച്ച റിക്രൂട്ടിങ് സെന്ററുകളുടെ എണ്ണം 109 ആയി ഉയർന്നു. ഇതിൽ 37 സെന്ററുകളും അബുദാബിയിലാണ്. ഗാർഹിക തൊഴിലാളികളുടെയും സ്പോൺസർമാരുടെയും അവകാശങ്ങൾ ഹനിക്കപ്പെടാതിരിക്കാൻ അംഗീകാരമുള്ള ഏജൻസികൾ മാത്രം നിയമനം നടത്തണമെന്നു മന്ത്രാലയം അഭ്യർഥിച്ചു. അംഗീകൃത ഓഫിസുകളുടെ വിശദാംശങ്ങൾ www.mohre.gov.ae ലഭിക്കും.

യുഎഇയിലേക്ക് തൊഴിലാളികളെ കൊണ്ടുവരുന്നതിന് മാനവ വിഭവശേഷി സ്വദേശിവൽകരണ മന്ത്രാലയത്തിൽ നിന്ന് ലൈസൻസ് നേടണം. നിയമം ലംഘിച്ച് പ്രവർത്തിച്ചാൽ ഒരു വർഷത്തിൽ കുറയാത്ത തടവും 2 ലക്ഷം മുതൽ 10 ലക്ഷം ദിർഹം വരെ പിഴയുമാണ് ശിക്ഷ. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലേക്കായാലും വീട്ടുജോലിക്കാരെ അനുമതി കൂടാതെ റിക്രൂട്ട് ചെയ്താലും ഇതേ ശിക്ഷ ലഭിക്കും.

തൊഴിൽ രംഗത്ത് പെർമിറ്റില്ലാതെ ഇടനിലക്കാരായി പ്രവർത്തിക്കുന്നവരും പാർട് ടൈം ജോലിക്കാരെ അനധികൃതമായി നിയമിക്കുന്നതവരും ഈ നിയമപരിധിയിലാകും. റിക്രൂട്ടിങ് തട്ടിപ്പുകേന്ദ്രങ്ങളെ കുറിച്ച് വിവരം ലഭിച്ചാൽ 600590000 നമ്പറിലോ മന്ത്രാലയത്തിന്റെ സ്മാർട് ആപ് വഴിയോ പരാതിപ്പെടാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.