1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 13, 2024

സ്വന്തം ലേഖകൻ: എൻജിനീയറിങ് ബിരുദധാരികളായ പ്രവാസികളുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച് അവയ്ക്ക് അംഗീകാരം നല്‍കുന്നതിനുള്ള സംവിധാനത്തില്‍ മാറ്റം വരുത്താന്‍ കുവൈത്ത് ലേബര്‍ അതോറിറ്റി തീരുമാനം എടുത്തതായി പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് കുവൈത്ത് എൻജിനീയറിങ് അസോസിയേഷനുമായി 2018ല്‍ ഒപ്പുവെച്ച ധാരണാപത്രം കുവൈത്ത് പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ (പിഎഎം) നിര്‍ത്തലാക്കാന്‍ തീരുമാനിച്ചതായി അല്‍ റായ് പത്രം റിപ്പോര്‍ട്ട് ചെയ്തു. അതോറിറ്റി സ്രോതസ്സുകളെ ഉദ്ധരിച്ചാണ് പത്രം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

അസോസിയേഷന്റെ അക്രഡിറ്റേഷന്‍ നടപടിക്രമങ്ങളെക്കുറിച്ച് തൊഴിലുടമകളില്‍ നിന്നും ജീവനക്കാരില്‍ നിന്നും കുവൈത്ത് പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവറിന് ലഭിച്ച പരാതികളാണ് ഈ തീരുമാനത്തിന് പ്രേരിപ്പിച്ചതെന്ന് വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. അതോടൊപ്പം എൻജിനീയറിങ് സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധന, അക്രഡിറ്റേഷന്‍ സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ടെന്നും അധികൃതരെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ അസോസിയേഷനെ കുറിച്ച് ഏത് വിധത്തിലുള്ള പരാതികളാണ് ഉയര്‍ന്നുവന്നത് എന്നകാര്യം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല.

എന്നാല്‍ അക്രഡിറ്റേഷന്‍ ചുമതല കുവൈത്ത് എൻജിനീയറിങ് അസോസിയേഷനില്‍ നിന്ന് മാറ്റിയെങ്കിലും പകരം ഏത് ഏജന്‍സിയെ ചുമതല ഏല്‍പ്പിക്കുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. അതോസമയം, ഉന്നത വിദ്യാഭ്യാസ മന്ത്രാലയമാണ് ഈ ജോലി ചെയ്യാന്‍ സാധ്യതയെന്നും പത്രം ചൂണ്ടിക്കാട്ടി. അത് ഒരു സര്‍ക്കാര്‍ സ്ഥാപനം എന്ന നിലയിലും വിദ്യാഭ്യാസ ബിരുദങ്ങളുമായി ബന്ധപ്പെട്ട വിശദാംശങ്ങളെ കുറിച്ച് ധാരണയുള്ള വിഭാഗം എന്ന നിലയിലുമാണ് ഇതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സര്‍ക്കാര്‍ – സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ നല്‍കുന്ന വിദ്യാഭ്യാസ ബിരുദങ്ങള്‍ പരിശോധനയ്ക്കു വിധേയമാക്കാനും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തി നടപടികള്‍ കൈക്കൊള്ളാനും കുവൈത്ത് അടുത്തിടെ നടപടികള്‍ ശക്തമാക്കിയിരുന്നു. എല്ലാ ജീവനക്കാരുടെയും 2000 മുതല്‍ നേടിയ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച് വ്യാജ ബിരുദങ്ങള്‍ കണ്ടെത്തുന്നതിനാണ് രാജ്യത്തെ വിദ്യാഭ്യാസ മന്ത്രാലയവും സിവില്‍ സര്‍വീസ് കമ്മീഷനും അടുത്തിടെ നീക്കം ആരംഭിച്ചത്.

ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഒട്ടേറെ പേരില്‍ നിന്ന് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി അവയുടെ ഉടമകളെ പ്രോസിക്യൂഷന് നടപടികള്‍ക്ക് വിധേയമാക്കിയിരുന്നു. ചില അറബ് രാജ്യങ്ങളില്‍ നല്‍കിയതും കുവൈത്തില്‍ അംഗീകരിച്ചതുമായ ഹൈസ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ മന്ത്രാലയത്തിലെ അന്വേഷണ സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.

സര്‍ക്കാര്‍ ജോലി ലഭിക്കുന്നതിന് തെറ്റായ രേഖകള്‍ ഹാജരാക്കിയതിന് കുറ്റക്കാരാണെന്ന് കണ്ടെത്തിയ ജീവനക്കാരോട് അവര്‍ ആ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് അനധികൃതമായി സമ്പാദിച്ച സര്‍ക്കാര്‍ പണം തിരികെ നല്‍കുന്നതിന് ഉത്തരവിടാന്‍ അധികാരികള്‍ പദ്ധതിയിടുന്നതായി അല്‍ റായ് അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.