1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 24, 2024

സ്വന്തം ലേഖകൻ: മുൻ അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെതിരെ ആരോപണവുമായി ജൂനിയർ ആർട്ടിസ്റ്റ് ജുബിത ആണ്ടി. ‘അമ്മ’യിൽ അം​ഗത്വ ഫീസിന് പകരം അഡ്ജസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടുവെന്ന് ജുബിത മാതൃഭൂമി ന്യൂസിനോട് പറ‍ഞ്ഞു.

‘അമ്മയിൽ അംഗത്വ ഫീസിന് പകരം അഡ്ജസ്റ്റ് ചെയ്യാൻ പറഞ്ഞു. രണ്ട് ലക്ഷത്തിന് പകരം അഡ്ജസ്റ്റ് ചെയ്യാനാണ് പറഞ്ഞത്. അഡ്ജസ്റ്റ് ചെയ്താൽ രണ്ട് ലക്ഷം വേണ്ട അവസരവും കിട്ടും എന്ന് പറഞ്ഞു. അഡ്ജസ്റ്റ് ചെയ്താൽ സിനിമയിൽ ഉയരുമെന്നും ഉപദേശിച്ചു.

ഹരികുമാർ, സുധീഷ് എന്നിവരിൽ നിന്നും മോശം പെരുമാറ്റം ഉണ്ടായി. ഹരികുമാറിന്റെ സിനിമയിൽ അഭിനയിച്ച് തൊട്ടടുത്ത ദിവസം വരാൻ ആവശ്യപ്പെട്ടു. എന്നാൽ ഞാൻ അത് നിഷേധിച്ചു.

ഏതൊരു ലൊക്കേഷനിൽ പോയാലും കുറച്ച് സമയത്തിനുള്ളിൽ അഡ്ജസ്റ്റ്മെന്റിനെ കുറിച്ച് പറയും. അഡ്ജസ്റ്റ് ചെയ്തുള്ള അവസരങ്ങൾ വേണ്ടെന്ന് പറഞ്ഞു. ഇപ്പോൾ അവസരങ്ങൾ ഇല്ല. ഒരുമിച്ച് യാത്ര ചെയ്യാം ടൂർ പോവാം എന്നൊക്കെയാണ് സുധീഷ് പറഞ്ഞത്’, ജുബിത പറഞ്ഞു.

അതിനിടെ സംവിധായകന്‍ രഞ്ജിത്തിനെതിരായ ബംഗാളി നടിയുടെ ആരോപണത്തില്‍ മന്ത്രി സജി ചെറിയാനെ തള്ളി വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി. വിവരം അറിഞ്ഞാല്‍ അന്വേഷണം നടത്താമെന്ന് അവര്‍ വ്യക്തമാക്കി. ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ പ്രാഥമിക പരിശോധന നടത്തി നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമെന്നാണ് കരുതുന്നത്.

ആരോപണങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുമ്പാകെ വെളിപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് സംബന്ധിച്ച് അന്വേഷണം നടത്താമെന്നും അവര്‍ സതീദേവി വ്യക്തമാക്കി. നടിയുടെ പരാതി ലഭിച്ചാല്‍ മാത്രമേ അന്വേഷണം നടത്താന്‍ കഴിയൂ എന്നായിരുന്നു മന്ത്രി സജി ചെറിയാന്റെ നിലപാട്.

ആരോപണം അറിഞ്ഞത് മാധ്യമങ്ങളിലൂടെ. നല്ല രീതിയിലുള്ള അന്വേഷണം നടത്തി എത്ര ഉന്നതസ്ഥാനത്തുള്ള ആളായാലും നടപടി എടുക്കണം. പ്രമുഖര്‍ പലരുടേയും പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വ്യക്തിക്കെതിരെ പരാതി ഉന്നയിച്ചാല്‍ അന്വേഷണം നടത്തി നടപടി വേണം.

ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തേണ്ടത് സര്‍ക്കാരാണ് തീരുമാനിക്കേണ്ടത്. ആരോപണം തെളിയുന്ന പക്ഷം തെറ്റായ പ്രവൃത്തികള്‍ ചെയ്ത ആളുകള്‍ ഉന്നത സ്ഥാനത്ത് ഇരിക്കുന്നത് ഒരു തരത്തിലും ഉചിതമല്ലെന്നും സതീദേവി അഭിപ്രായപ്പെട്ടു.

ആര്‍ജവത്തോടെ പരാതിപ്പെടാന്‍ അപമാനം നേരിട്ട ആരും മുന്നോട്ടുവരേണ്ടതുണ്ട്. നിയമപരിരക്ഷ ഉറപ്പുവരുത്തണം. ഏത് മേഖലയിലും സ്ത്രീകള്‍ ആത്മധൈര്യം കാണിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വനിതാ കമ്മിഷന്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ടുതേടുമെന്നും അവര്‍ വ്യക്തമാക്കി.

അതേസമയം സിനിമയിലെ ഉന്നതരെ രക്ഷിക്കാൻ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ അഞ്ചുപേജുകൾകൂടി സർക്കാർ മറച്ചുവെച്ചെന്ന് ആക്ഷേപം. 165 മുതൽ 196 വരെയുള്ള ഖണ്ഡികകളും വ്യക്തിവിവരങ്ങളും ഒഴിവാക്കി ബാക്കി പുറത്തുവിടാനായിരുന്നു വിവരാവകാശ കമ്മിഷണർ എ. അബ്ദുൽ ഹക്കീമിന്റെ ഉത്തരവ്. എന്നാൽ ഇതിനൊപ്പം കമ്മിഷൻ ആവശ്യപ്പെടാത്ത 49 മുതൽ 53 വരെയുള്ള പേജുകളും ഒഴിവാക്കി.

എന്നാൽ ഒഴിവാക്കാൻ ആവശ്യപ്പെട്ടിരുന്ന 48-ാംപേജിലെ 98-ാം ഖണ്ഡിക പുറത്തുവിട്ട റിപ്പോർട്ടിൽ കടന്നുകൂടിയത് അബദ്ധത്തിലാകാമെന്നാണ് വിശദീകരണം. സിനിമയിലെ ഉന്നതരിൽനിന്നുപോലും ലൈംഗികാതിക്രമം നേരിടേണ്ടിവരുന്നു എന്ന പരാമർശമാണ് ഈ ഖണ്ഡികയിലുള്ളത്. ഇതിനുശേഷമുള്ള പേജുകളാണ് മറച്ചുവെച്ചത്. ഉന്നതരെസംബന്ധിച്ച വിവരങ്ങൾ ഈ പേജുകളിൽ ഉണ്ടാകാനിടയുള്ളതിനാലാകാം പുറത്തുവിടാത്തതെന്നാണ് നിഗമനം.

മൊഴിപ്പകർപ്പുകൾ, അനുബന്ധരേഖകൾ, സ്വകാര്യതയെ ബാധിക്കുന്നവിവരങ്ങൾ, വ്യക്തികളെ തിരിച്ചറിയുന്ന സൂചനകൾ എന്നിവ പുറത്തുവിടരുതെന്ന് വിവരാവകാശകമ്മിഷൻ നിർദേശിച്ചിരുന്നു. ഇത് കണക്കിലെടുത്ത് വ്യക്തിപരമായ വിവരങ്ങൾ പരാമർശിക്കുന്ന ഭാഗമോ പേജുകളോ ഒഴിവാക്കാൻ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് വിവേചനാധികാരമുണ്ടെന്നാണ് സർക്കാർ വിശദീകരണം.

ഈ വിവേചനാധികാരം ഉപയോഗിച്ചിട്ടുണ്ടാകാമെന്നും ഇതിലൊന്നും ഇടപെട്ടില്ലെന്നും സർക്കാർ പറയുന്നു. മാത്രവുമല്ല, വ്യക്തിപരമായി പരാമർശമുള്ള ഭാഗം ഒഴിവാക്കിയ റിപ്പോർട്ട് പുറത്തുവിടുന്നതിനുമുമ്പ് വിവരാവകാശ കമ്മിഷണർ പരിശോധിക്കുകയുംചെയ്തിരുന്നു. അതിനാൽ ഉന്നതരെ രക്ഷിക്കാൻ ഇടപെട്ടെന്ന ആരോപണത്തിൽ എന്തടിസ്ഥാനമെന്നാണ് സർക്കാർ വൃത്തങ്ങൾ ചോദിക്കുന്നത്.

സ്വകാര്യതയെ ഹനിക്കുന്ന ഉള്ളടക്കം പുറത്തുവിടരുതന്നെ നിർദേശമുണ്ടായിരിക്കെ 96-ാം ഖണ്ഡികയിലെ ചില പ്രധാനസൂചനകൾ പുറത്തുവന്നതും സർക്കാരിനെ സമ്മർദത്തിലാക്കുന്നുണ്ട്. സമ്പൂർണറിപ്പോർട്ട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.