സ്വന്തം ലേഖകന്‍: മലയാളി ക്രിക്കറ്റ് താരം സഞ്ജു വി. സാംസണെതിരെ ആരോപണം, കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ അന്വേഷണം തുടങ്ങി. മത്സരത്തിനിടെ അനുമതിയില്ലാതെ ടീമില്‍ നിന്നും വിട്ടു നിന്നുവെന്നും സഞ്ജുവിന്റെ പിതാവ് കെ.സി.എ ഭാരവാഹികളെ അസഭ്യം പറഞ്ഞെന്നുമാണ് ആരോപണങ്ങള്‍. മൂന്നംഗ സമിതിയെയാണ് കെസിഎ അന്വേഷണത്തിന് നിയോഗിച്ചിരിക്കുന്നത്.
ബ്രബോണ്‍ സ്‌റ്റേഡിയത്തില്‍ രണ്ടാഴ്ച മുന്‍പു നടന്ന മത്സരത്തിനിടെ സഞ്ജു ടീമിന്റെ അച്ചടക്കത്തിന് വിരുദ്ധമായി പ്രവര്‍ച്ചുവെന്നും അനുമതിയില്ലാതെ ഡ്രസ്സിംഗ് റൂമില്‍ നിന്നും പോയ സഞ്ജു അര്‍ധരാത്രിയോടെയാണ് തിരിച്ചെത്തിയത് എന്നുമാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ വിഷയത്തില്‍ അന്വേഷണം തുടങ്ങിയെങ്കിലും താരം ഇതുവരെയും പ്രതികരിച്ചിട്ടില്ല.
ഇതിനിടെ, കട്ടക്കില്‍ ത്രിപുരയ്‌ക്കെതിരെ നടക്കുന്ന കേരളത്തിന്റെ രഞ്ജി ട്രോഫി മത്സരത്തില്‍ നിന്നും സഞ്ജുവിനെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് സഞ്ജുവിന്റെ പിതാവ് കെ.സി.എ ഭാരവാഹികളെ ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞുവെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.
സഞ്ജു സാംസണെതിരായി ഉയര്‍ന്നുവന്ന ആരോപണം വാസ്തവ വിരുദ്ധമാണെന്ന് അച്ഛന്‍ സാംസണ്‍ പ്രതികരിച്ചു. സഞ്ജുവിനെതിരെ കെസിഎ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പിതാവ് വിശദീകരണവുമായി രംഗത്തെത്തിയത്. ഡ്രസിംഗ് റൂമിലുണ്ടായത് സ്വാഭാവിക പ്രതികരണമാണെന്നും പരിക്കേറ്റതിനാല്‍ ടീമില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നും ആവശ്യപ്പെട്ടിരുന്നെങ്കിലും അത് അനുവദിച്ചിരുന്നില്ലെന്നും സാംസണ്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല