1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 2, 2024

സ്വന്തം ലേഖകൻ: പി.വി.അന്‍വര്‍ എം.എല്‍.എ. ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പിന്നാലെ വിവാദമായി എ.ഡി.ജി.പി. അജിത് കുമാറിന്റെ വീട് നിർമാണവും. ഒരു പോലീസുദ്യോഗസ്ഥന്‍ വീട് നിര്‍മിക്കുന്നതില്‍ എന്താണ് കുറ്റമെന്ന് തോന്നാം. എന്നാല്‍, കോടികള്‍ മതിക്കുന്ന ഭൂമിയില്‍ കോടികള്‍ മുടക്കി അത്യാഡംബര മാളിക പണിയുന്നതിന്റെ സാമ്പത്തിക സ്രോതസ്സ് എന്താണെന്ന ചോദ്യമാണ് ഉയരുന്നത്.

ഭൂഗര്‍ഭ നിലയുള്‍പ്പെടെ മൂന്ന് നില കെട്ടിടമാണ് കവടിയാറിലെ കണ്ണായ ഭൂമിയില്‍ അജിത് കുമാര്‍ പണിയുന്നത്. കവടിയാർ കൊട്ടാരത്തിന് സമീപമുള്ള അതിസമ്പന്നര്‍ക്ക് ഭൂമിയുള്ള മേഖലയിലാണ് അജിത് കുമാറിന്റെ വീടുയരാന്‍ പോകുന്നത്. വീടിനുള്ളില്‍ ലിഫ്റ്റ് സൗകര്യമുള്‍പ്പെടെ ആഡംബര സൗകര്യങ്ങളുണ്ടെന്ന് പ്ലാനിൽ നിന്നും വ്യക്തമാണ്.

നിര്‍മാണ സ്ഥലത്ത് വെച്ചിരിക്കുന്ന പ്ലാന്‍ പ്രകാരമാണെങ്കില്‍ മൂന്ന് നില കെട്ടിടമാണ് ഇവിടെ ഉയരാന്‍ പോകുന്നത്. ഇതിനൊപ്പം ഓപ്പണ്‍ ബാത്ത് പ്ലേസ് എന്ന് ചേര്‍ത്തിട്ടുണ്ട്. ഇത് പൂള്‍ ആകാമെന്നാണ് പറയുന്നത്. 2024-ലാണ് ഈ കെട്ടിടത്തിന് നിര്‍മാണത്തിന് അനുമതി ലഭിച്ചത്. താഴത്തെ ബേസ്‌മെന്റിന് 2000 ചതുശ്ര അടിക്ക് മുകളിലാണ് വീസ്തീര്‍ണം. ഇങ്ങനെ നോക്കിയാല്‍ മൂന്ന് നില പണി പൂര്‍ത്തിയാകുമ്പോള്‍ 6000 ചതുശ്ര അടിക്ക് മുകളില്‍ വലിപ്പമുള്ള മണിമാളികയാണ് ഇവിടെ ഉയരുന്നത്.

പ്രാഥമിക നിര്‍മാണങ്ങളാണ് ഇപ്പോള്‍ ഭൂമിയിൽ നടക്കുന്നത്. മൂന്നാള്‍ പൊക്കമുള്ള ബേസ്‌മെന്റ് നിര്‍മാണം പുരോ​ഗമിക്കുകയാണ്. വീടിന്റെ ഏറ്റവും താഴത്തെ നിലയിൽ അതിഥികൾക്കായുള്ള മുറികളായിരിക്കുമെന്നാണ് പ്ലാനിൽ നിന്നും വ്യക്തമാകുന്നത്. പാർക്കിങും താഴെ സജ്ജീകരിച്ചിട്ടുണ്ട്.

ഇവിടെ സ്ഥലം വാങ്ങി ഇത്ര വലിയ വീടു നിര്‍മിക്കാന്‍ കോടിക്കണക്കിനു രൂപ ചെലവു വരും. ഈ അടുത്ത കാലത്ത് വരെ സെന്റിന് 65 ലക്ഷം രൂപയാണ് കവടിയാറില്‍ ഭൂമിക്ക് വാങ്ങിയ കുറഞ്ഞ വില. പക്ഷെ അജിത് കുമാര്‍ ഭൂമി വാങ്ങിയ സ്ഥലത്തിന് ഇതിലും പണം ചിലവാക്കേണ്ടി വരും. ഇവിടെ വീടുനിര്‍മാണം വിലയിരുത്താന്‍ അജിത് കുമാര്‍ വന്നുപോകാറുണ്ടെന്നാണ് വിവരം.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനത്ത് നിന്നും പി. ശശിയെ മാറ്റിയേക്കും. പി.വി. അൻവർ എം.എൽ.എ. ഉന്നയിച്ച ഗുരുതര ആരോപണങ്ങളെത്തുടർന്നുണ്ടായ സംഭവവികാസങ്ങളാണ് നീക്കത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം. പാർട്ടി സമ്മേളനം തുടങ്ങുന്നതിനു മുമ്പേ തീരുമാനം ഉണ്ടായേക്കും.

പി.വി. അൻവർ എം.എൽ.എയുടെ ആരോപണം പാർട്ടിയേയും സർക്കാരിനെയും കടുത്ത പ്രതിരോധത്തിലാക്കിയിരുന്നു. പാർട്ടിക്കുള്ളിൽ പി. ശശിക്കെതിരെ ശക്തമായവികാരമുണ്ടെന്നാണ് ലഭിക്കുന്ന സൂചന. മുഖ്യമന്ത്രിയുടെ നിലപാട് നിർണായകമായിരിക്കും.

എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാര്‍, പത്തനംതിട്ട ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസ്, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി എന്നിവര്‍ക്കുനേരേ ഗുരുതര ആരോപണങ്ങളാണ് പി.വി. അന്‍വര്‍ ഉന്നയിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.