1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 8, 2023

സ്വന്തം ലേഖകൻ: പ്രമുഖ സിനിമാ നിർമ്മാതാവും വ്യവസായിയുമായ അച്ചാണി രവി (രവീന്ദ്രനാഥൻ നായർ) അന്തരിച്ചു. രാവിലെ 11:40ന് കൊല്ലത്തെ വസതിയിലായിരുന്നു അന്ത്യം. 90 വയസായിരുന്നു. ജൂലൈ ഒന്നിനാണ് അദ്ദേഹത്തിൻ്റെ നവതി ആഘോഷങ്ങൾ നടന്നത്. തൊട്ടുപിന്നാലെയാണ് വിയോഗം. ദീർഘ നാളായി അർബുദരോഗ ബാധിതനായിരുന്നു.

മലയാള സിനിമയെ രാജ്യാന്തര പ്രശസ്തിയിലേക്കുയർത്തിയ നിരവധി സമാന്തര സിനിമകളുടെ നിർമ്മാതാവാണ് അദ്ദേഹം. പി ഭാസ്‌കരൻ, എ വിൻസെന്റ്, ജി അരവിന്ദൻ, അടൂർ ഗോപാലകൃഷ്ണൻ തുടങ്ങിയ ചലച്ചിത്രകാരൻമാരുടെ സിനിമകളെ വളരെയധികം പിന്തുണച്ച സിനിമാ നിർമ്മാതാവായിരുന്നു. 115ഓളം കശുവണ്ടി ഫാക്ടറികളുള്ള വൻ സംരംഭമായിരിക്കെയാണ് സിനിമയിലേക്ക് തിരിഞ്ഞത്. 1967ൽ ജനറൽ പിക്ചേഴ്സ് എന്ന പേരിൽ നിർമ്മാണ കമ്പനി ആരംഭിച്ചു.

സത്യൻ നായകനായി 1967ൽ പുറത്തിറങ്ങിയ ‘അന്വേഷിച്ചു കണ്ടെത്തിയില്ല’ ആണ് ആദ്യ ചിത്രം. 1973ൽ പുറത്തിറങ്ങിയ ‘അച്ചാണി’ എന്ന സിനിമയുടെ പേരിൽ നിന്നാണ് അദ്ദേഹം പിന്നീട് അച്ചാണി രവി എന്ന് അറിയപ്പെട്ടത്. കാഞ്ചന സീത(1977), തമ്പ്(1978), കുമ്മാട്ടി(1979), എലിപ്പത്തായം(1981), മുഖാമുഖം(1984), അനന്തരം(1987), വിധേയൻ(1993) തുടങ്ങിയവ അദ്ദേഹം നിർമ്മിച്ച പ്രശസ്ത സിനിമകളാണ്. ജനറൽ പിക്ചേഴ്സ് ആകെ 14 സിനിമകൾ നിർമ്മിച്ചു.

സിനിമയിലെ സമഗ്ര സംഭാവനയ്‌ക്ക് 2008ൽ ജെ സി ഡാനിയേൽ പുരസ്കാരം നൽകി ആദരിച്ചു. കശുഅണ്ടി വ്യവസായത്തിലെ മുന്നേറ്റത്തിനും നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. നല്ല സിനിമ ഉണ്ടാകണം എന്ന ആഗ്രഹത്തോടെ സിനിമ നിർമ്മാണ രംഗത്തേക്ക് വന്ന രവീന്ദ്രനാഥൻ നായർ അടൂരിനും അരവിന്ദനും പിന്തുണയുമായി രംഗത്തു വന്നതേടെയാണ് മലയാളികൾക്ക് ഒരു പിടി കലാമൂല്യമുള്ള സിനിമകൾ ലഭിച്ചത്.

രവീന്ദ്രനാഥൻ നായർക്ക് സിനിമ കച്ചവടമായിരുന്നില്ല. പണമുണ്ടാക്കാൻ കശുവണ്ടി വ്യവസായം ധാരാളമായിരുന്നു അച്ചാണി രവിക്ക്. മലയാള സിനിമയെ ലോകത്തിൻറെ സാംസ്കാരിക ഭൂപടത്തിൽ അടയാളപ്പെടുത്തിയ മികച്ച ചിത്രങ്ങളുടെ നിർമ്മാതാവായി രവിയും അദ്ധേഹത്തിൻറെ ജനറൽ പിക്ചേഴ്സും.

ലാഭത്തിലെ ഒരു വിഹിതം സാമൂഹിക നൻമക്കായി വിനിയോഗിക്കണം എന്ന കോർപ്പറേറ്റ് നിയമം നിലവിൽ വരുന്നതിനും മുമ്പേ രവി തൻറെ നേട്ടത്തിൻറെ ഒരോഹരി സമൂഹത്തിൻറെ സാംസ്കാരിക വളർച്ചക്കായി നീക്കിവെച്ചിരുന്നു. അങ്ങനെ കൊല്ലത്ത് ഗ്രന്ഥശാലാ പ്രസ്ഥാനങ്ങളുടെ വളർച്ചക്കും രവിയുടെ കൈത്താങ്ങുണ്ടായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.