സ്വന്തം ലേഖകന്‍: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപ് അറസ്റ്റില്‍, നടപടി വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് പോലീസ്. കഴിഞ്ഞ ഫെബ്രുവരി 18ന് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നില്‍ ദിലീപിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ പോലീസിനു ലഭിച്ചതോടെയാണ് അറസ്റ്റ്. കഴിഞ്ഞ ദിവസം രാവിലെ ആലുവ പോലീസ് ക്ലബ്ബില്‍ വിളിച്ചു വരുത്തി നടത്തിയ വിശദമായ ചോദ്യം ചെയ്യലിനെ തുടര്‍ന്നാണ് നടപടി.
സംഭവത്തില്‍ ഗൂഢാലോചന ഉണ്ട് എന്നു തുടക്കം മുതല്‍ പോലീസ് സംശയിച്ചിരുന്നു എന്നാല്‍ ഇതിന് ആവശ്യമായ തെളിവുകള്‍ ലഭിച്ചിരുന്നില്ല. സംഭവം നടന്നു രണ്ടാഴ്ചയ്ക്കുള്ളില്‍ നടിയെ ആക്രമിച്ച പള്‍സര്‍ സുനിയെ പോലീസ് അറസ്റ്റ് ചെയ്യിരുന്നു എങ്കിലും ഇതിനു പിന്നില്‍ പര്‍സര്‍ സുനി മാത്രമല്ല എന്ന് ആരോപണം അന്നേ സിനിമാ മേഖലയില്‍ നിന്ന് തന്നെ ഉയര്‍ന്നിരുന്നു.
ദിലീപിന്റെ മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യര്‍ അടക്കമുള്ളവര്‍ തുടക്കം മുതലെ സംഭവത്തിനു പിന്നില്‍ വ്യക്തമായ ഗൂഢലോചനയുണ്ട് എന്ന വാദം ശക്തമായി ഉയര്‍ത്തിയിരുന്നു. ജയിലില്‍ കിടന്നു പള്‍സര്‍ സുനി ദിലീപിന് കത്ത് എഴുതിയതും ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെയും ദിലീപിന്റെ മാനേജര്‍ അപ്പൂണ്ണിയേയും ഫോണില്‍ ബന്ധപ്പെട്ടതുമാണു കേസില്‍ നിര്‍ണായക വഴിത്തിരിവായത്.
തുടര്‍ന്ന് ദിലീപിന്റെ ഭാര്യ കാവ്യ നടത്തുന്ന സ്ഥാപനത്തില്‍ പോലീസ് തിരിച്ചില്‍ നടത്തിയിരുന്നു. നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി ഈ സ്ഥാപനത്തില്‍ ഏല്‍പ്പിച്ചിരുന്നു എന്നു പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. കൂടാതെ തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ പള്‍സര്‍ സുനി ശ്രമിക്കുന്നു എന്നു കാട്ടി ദിലീപ് പോലീസില്‍ പരാതി നല്‍കി.
ഇതോടൊപ്പം ജയിലില്‍ വച്ച് പള്‍സര്‍ സുനി ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയേയും നാദിര്‍ഷയേയും വിളിച്ചതിന്റെ ശബ്ദരേഖയും ദിലീപിനെഴുതിയ കത്തും തെളിവായി നല്‍കുകയും ചെയ്തു. എന്നാല്‍ ദിലീപ് നല്‍കിയ പരാതിയിലും തെളിവുകളിലും കൃത്രിമം ഉള്ളതായി പോലീസ് സംശയിച്ചിരുന്നു. തുടര്‍ന്ന് രണ്ട് ആഴ്ച മുമ്പ് ദിലീപിനേയും സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയേയും 13 മണിക്കൂറോളം ആലുവ പോലീസ് ക്ലബില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു.
ഈ ചോദ്യം ചെയ്യലില്‍ ഇരുവരുടേയും മൊഴികളിലെ വൈരുദ്ധ്യമാണ് കുരുക്ക് കൂടുതല്‍ മുറുകാന്‍ കാരണമെന്നാണ് സൂചന. കഴിഞ്ഞ ദിവസം രാവിലെ രഹസ്യ കേന്ദ്രത്തില്‍ തുടങ്ങിയ ചോദ്യം ചെയ്യല്‍ വൈകുന്നേരം വരെ നീണ്ടു. തുടര്‍ന്ന് ആറേമുക്കലോടെയാണു പോലീസ് ദിലീപിനെ അറസ്റ്റ് ചെയ്തത്. ഏഴുമണിയോടെ താരത്തെ ആലുവ പോലീസ് ക്ലബ്ബില്‍ എത്തിച്ചു. വൈകാതെ മുഖ്യമന്ത്രിയുടെ ഓഫീസ് അറസ്റ്റു വിവരം സ്ഥിരീകരിക്കുകയായിരുന്നു.
അറസ്റ്റ് വിവരം പരന്നതോറ്റെ പോലീസ് ക്ലബ്ബിനു ചുറ്റം വന്‍ ജനക്കൂട്ടം തടിച്ചുകൂടിയതോടെ തിരക്ക് നിയന്ത്രിക്കാന്‍ പോലീസ് പാടുപെട്ടു. കഴിഞ്ഞ ഫെബ്രുവരി 17 ന് കൊച്ചിയില്‍ ഒരു ചിത്രത്തിന്റെ ഡബ്ബിങിന് തൃശ്ശൂരില്‍ നിന്ന് കാറില്‍ വരുമ്പോഴാണ് നടിയെ തട്ടിക്കൊണ്ടുപോവുകയും പീഡിപ്പിക്കുകയും ചെയ്തത്. സംഭവം വന്‍ വിവാദമാകുകയും നടി തന്റെ പരാതിയില്‍ ഉറച്ചു നില്‍ക്കുകയും ചെയ്തതോടെ നിരവധി പേര്‍ പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല