1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 4, 2017

സ്വന്തം ലേഖകന്‍: ദിലീപ് ചിത്രമായ ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ ലൊക്കേഷനില്‍ പള്‍സര്‍ സുനി എത്തിയ ചിത്രങ്ങള്‍ പുറത്ത്, നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ കണ്ടെടുത്തതായി റിപ്പോര്‍ട്ട്, അന്വേഷണം നിര്‍ണായക വഴിത്തിരിവിലേക്ക്. കേസിലെ പ്രധാനപ്രതി പള്‍സര്‍ സുനി ദിലീപിന്റെ ചിത്രമായ ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ ലൊക്കേഷനില്‍ ചെന്നിരുന്നു എന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസാണ് പുറത്ത് വിട്ടിരിക്കുന്നത്.

ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്ന തൃശൂര്‍ നഗരത്തിലെ ഒരു പ്രധാന ക്ലബ്ബില്‍ ഇരുവരും ഒരേ സമയം ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്ന ചിത്രങ്ങളാണ് മാതൃഭൂമി ന്യൂസ് പുറത്ത് വിട്ടിരിക്കുന്നത്. ഇരുവരും തമ്മില്‍ കണ്ടിരുന്നോ, സംസാരിച്ചിരുന്നോ എന്നത് സംബന്ധിച്ച് വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. ദിലീപ് നായകനായ ചിത്രമായ ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ പ്രധാന ലൊക്കേഷനുകളിലൊന്നായിരുന്നു തൃശൂരിലെ ഈ ഹെല്‍ത്ത് ക്ലബ്ബ്. 2016 നവംബര്‍ 13നാണ് സുനി ഇവിടെ എത്തിയത്.

ക്ലബ്ബിലെ ജീവനക്കാര്‍ ദിലീപിനൊപ്പം എടുത്ത സെല്‍ഫികളിലാണ് പള്‍സര്‍ സുനിയേയും വ്യക്തമായി കാണാന്‍ സാധിക്കുന്നത്. ക്ലബ്ബിലെ ജീവനക്കാര്‍ അന്നെടുത്ത മുഴുവന്‍ ചിത്രങ്ങളും പോലീസ് പരിശോധിച്ചുവെന്നാണ് സൂചന. കേസന്വേഷിക്കുന്ന സംഘം ക്ലബ്ബിലെ ജീവനക്കാരുടെ മൊഴി എടുത്തിട്ടുണ്ട്. അന്നത് പള്‍സര്‍ സുനി ആണെന്ന് ആര്‍ക്കും അറിയില്ലെന്നാണ് ജീവനക്കാര്‍ നല്‍കിയ മൊഴി. ഇവരില്‍ നിന്നും വീണ്ടും പോലീസ് മൊഴി എടുത്തേക്കും.

പള്‍സര്‍ സുനി ഉള്‍പ്പെട്ട സെല്‍ഫി എടുത്ത ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായും സൂചനയുണ്ട്. ജീവനക്കാരെ വിശദമായി ചോദ്യം ചെയ്തതിനൊപ്പം ഈ ക്ലബ്ബിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. ആക്രമിക്കപ്പെട്ട നടി ഈ ഹെല്‍ത്ത് ക്ലബ്ബിലെ സ്ഥിരം സന്ദര്‍ശക ആയിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം.

നവംബര്‍ 13ന് ദിലീപും പള്‍സര്‍ സുനിയും ഒരേ ടവര്‍ ലൊക്കേഷനില്‍ ഉണ്ടായിരുന്നതായി പോലീസിന് ലഭിച്ച വിവരത്തെ തുടര്‍ന്നുള്ള അന്വേഷണത്തിനൊടുവിലാണ് ചിത്രങ്ങള്‍ ലഭിച്ചിരിക്കുന്നത്. ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ ലൊക്കേഷനില്‍ സുനി ഉണ്ടായിരുന്നുവെന്ന് പോലീസിന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു എന്നാണറിയുന്നത്. സുനിയെ ഇതുവരെ കണ്ടിട്ട് പോലുമില്ല എന്നതാണ് ഇതുവരെയുള്ള ദിലീപിന്റെ നിലപാട്.

സുനി എഴുതിയതെന്ന് പറയപ്പെടുന്ന കത്തില്‍ സൗണ്ട് തോമ മുതല്‍ ജോര്‍ജേട്ടന്‍സ് പൂരം വരെയുള്ള കാര്യങ്ങള്‍ താന്‍ ആരോടും പറഞ്ഞിട്ടില്ല എന്ന് പരാമര്‍ശിച്ചിരുന്നു. ഇത് കേട്ടാല്‍ താനും സുനിയും തമ്മില്‍ വളരെക്കാലത്തെ അടുപ്പമുണ്ടെന്ന് സംശയിക്കപ്പെടും എന്നായിരുന്നു ദിലീപ് പ്രതികരിച്ചത്. അതിനിടെ ഓടുന്ന വാഹനത്തില്‍ നടിയെ പ്രതി പള്‍സര്‍ സുനി ശാരീരികമായി അപമാനിക്കുന്നതിന്റേതെന്ന് കരുതുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചതായി മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

ഇതിന്റെ ആധികാരികത ഉറപ്പുവരുത്താനുള്ള പരിശോധനയിലാണ് പോലീസ് എന്നാണ് സൂചന. കേസില്‍ അന്വേഷണം വേഗത്തിലാക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശിച്ചിരുന്നു. കേസില്‍ നിര്‍ണായക നീക്കങ്ങള്‍ അടുത്ത ദിവസങ്ങളില്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.