സ്വന്തം ലേഖകൻ: എന്‍ എച്ച് എസ് വെയിറ്റിംഗ് ലിസ്റ്റ് കുറച്ചു കൊണ്ടുവരുവാനായി ചില സുപ്രധാന പരിഷ്‌കാരങ്ങള്‍ അധികൃതര്‍ കൊണ്ടു വരികയാണ്. ഇതനുസരിച്ച് ജി പിമാര്‍ക്ക് രോഗികള്‍ക്ക് ആവശ്യമായ സ്‌കാനിംഗ്, ചികിത്സ എന്നിവ നേരിട്ട് നിര്‍ദ്ദേശിക്കാന്‍ കഴിയും. അതുപോലെ പരിശോധന നടത്തുന്ന ദിവസം തന്നെ ഫലം ലഭ്യമാക്കുകയും, അത് പരിശോധിച്ച് ആവശ്യമായ ചികിത്സകള്‍ ആരംഭിക്കാന്‍ ആശുപത്രികളോട് നിര്‍ദ്ദേശിക്കുകയും ചെയ്യും.
ചില കാര്യങ്ങള്‍ക്കായി കണ്‍സള്‍ട്ടന്റിനെ കാണേണ്ട സാഹചര്യം ഒഴിവാക്കി ചികിത്സാ പ്രക്രിയകള്‍ കൂടുതല്‍ വേഗത്തില്‍ ആക്കുവാനാണ് ഈ നടപടി. ഇതുവഴി വെയ്റ്റിംഗ് ലിസ്റ്റ് കാര്യമായി കുറയ്ക്കാം എന്നാണ് അധികൃതര്‍ കരുതുന്നത്.
സമാനമായ രീതിയില്‍ എന്‍ എച്ച് എസ് ആപ്പിലും സമൂലമായ മാറ്റങ്ങള്‍ കൊണ്ടു വരുന്നുണ്ട്. ആപ്പ് ഉപയോഗിച്ച് ഒരു വ്യക്തിക്ക് തനിക്ക് സൗകര്യപ്രദമായ സമയത്ത് രോഗ പരിശോധനയോ കണ്‍സള്‍ട്ടേഷനോ ബുക്ക് ചെയ്യാം. ഒരു റെസ്റ്റോറന്റില്‍ ടേബിള്‍ ബുക്ക് ചെയ്യുന്നതിനേക്കാള്‍ എളുപ്പത്തില്‍ ഇത് ചെയ്യാന്‍ കഴിയും എന്നാണ് അധികൃതര്‍ പറയുന്നത്. സമയം മാത്രമല്ല, സൗകര്യപ്രദമായ സ്ഥലവും തെരഞ്ഞെടുക്കാന്‍ രോഗികള്‍ക്ക് കഴിയും. അതിനു പുറമെ, കൂടുതല്‍ ഇടങ്ങളില്‍ കമ്മ്യൂണിറ്റി ഡയഗ്‌നോസ്റ്റിക് സെന്ററുകള്‍ തുറക്കാനും പദ്ധതിയുണ്ട്.
അതിനിടയില്‍, റിസപ്ഷനിസ്റ്റുകള്‍ക്കും വെയ്റ്റിംഗ് ലിസ്റ്റ് മാനേജര്‍മാര്‍ക്കും നിര്‍ബന്ധിത ഉപഭോക്തൃ സേവന പരിശീലനത്തിന് വിധേയരാകേണ്ടി വരും. ഉപഭോക്താക്കളോടെ കൂടുതല്‍ വിനയത്തോടും അനുഭാവ പൂര്‍വ്വവും പെരുമാറും എന്ന് ഉറപ്പാക്കുന്നതിനാണിത്. മാത്രമല്ല, വെയ്റ്റിംഗ് ലിസ്റ്റില്‍, ചികിത്സക്കായി കാത്തിരിക്കുന്ന സമയത്ത് രോഗികള്‍ക്ക് അമിത വണ്ണം കുറയ്ക്കുന്നതിനും അതുപോലെ പുകവലി ഉപേക്ഷിക്കുന്നതിനുമൊക്കെയുള്ള സഹായം നല്‍കും. വണ്ണം കുറയുന്നതും പുകവലി ഉപേക്ഷിക്കുന്നതും ചികിത്സ കൂടുതല്‍ ഫലപ്രദമാകാന്‍ സഹായിക്കും എന്നതിനാലാണിത്.
ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീതിംഗ്, എന്‍ എച്ച് എസ് ഇംഗ്ലണ്ട് ചീഫ് എക്സിക്യൂട്ടീവ് അമന്‍ഡ പിച്ചാര്‍ഡ് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മര്‍ എന്‍ എച്ച് എസ് പരിഷ്‌കരണ പദ്ധതി പ്രഖ്യാപിക്കും എന്നാണ് കരുതുന്നത്. 92 ശതമാനം രോഗികള്‍ക്കും, ജി പിയില്‍ നിന്നും റെഫറല്‍ ഫോം ലഭിച്ച് 18 ആഴ്ചകള്‍ക്കുള്ളില്‍ ചികിത്സ ലഭ്യമാക്കുന്ന രീതിയില്‍ കാര്യങ്ങള്‍ എത്തിക്കുക എന്നതാണ് ഈ മാറ്റങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല