സ്വന്തം ലേഖകന്‍: യുവനടന്‍ ജിഷ്ണു അന്തരിച്ചു, മരണം കാന്‍സര്‍ ബാധയെ തുടര്‍ന്ന്. 36 വയസായിരുന്നു. ദീര്‍ഘനാളായി കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ജിഷ്ണു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ച രാവിലെ 8.15 നാണ് കണ്ണടച്ചത്. മലയാള സിനിമയിലെ പഴയകാല നായക നടനായ രാഘവന്റെ മകനാണ് ജിഷ്ണു.
1987 ല്‍ അച്ഛന്‍ രാഘവന്‍ സംവിധാനം ചെയ്ത കിളിപ്പാട്ട് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ജിഷ്ണു തുടര്‍ന്ന് 2002 ല്‍ കമല്‍ സംവിധാനം ചെയ്ത നമ്മളിലൂടെ സിദ്ധാര്‍ത് ഭരതനോടൊപ്പം നായകനായി രണ്ടാം വരവ് നടത്തി. നായകനായും സഹനടനായും 25 ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
സുന്ദര്‍ദാസ് സംവിധാനം ചെയ്ത റബേക്കാ ഉതുപ്പ് കിഴക്കേമല എന്ന ചിത്രത്തിലായിരുന്നു അവസാനമായി അഭിനയിച്ചത്. ചൂണ്ട, ഫ്രീഡം, പ്രണയം, നേരറിയാന്‍ സിബിഐ, പൗരന്‍, ചക്കരമുത്ത്, ബാങ്കിംഗ് അവേഴ്‌സ്, അന്നും ഇന്നും എന്നും, നിദ്ര, ഉസ്താദ് ഹോട്ടല്‍, ഓര്‍ഡിനറി തുടങ്ങി അനേകം സിനിമകളില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു.
കോഴിക്കോട് എന്‍ഐടിയില്‍ നിന്നും മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ ശേഷം ഐടി രംഗത്ത് ജോലി നോക്കുന്നതിനിടയിലാണ് ജിഷ്ണു അച്ഛന്റെ പാത പിന്തുടര്‍ന്ന് അഭിനയ രംഗത്തേക്ക് എത്തിയത്. താന്‍ കാന്‍സര്‍ ബാധിതനാണെന്ന വിവരം സാമൂഹ്യ മാധ്യമങ്ങള്‍ വഴി ഇദ്ദേഹം ആരാധകരുമായി പങ്കുവെച്ചിരുന്നു. ശുഭാപ്തി വിശ്വാസം തുളുമ്പുന്ന ജിഷ്ണുവിന്റെ പോസ്റ്റുകള്‍ മിക്കതും സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആകുക പതിവായിരുന്നു. ആര്‍ക്കിടെക്ടായ ധന്യാ രാജനാണ് ഭാര്യ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല