സ്വന്തം ലേഖകൻ: നടന്‍ മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായില്‍ (93) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. പരേതനായ പാണപറമ്പില്‍ ഇസ്മയിലിന്റെ ഭാര്യയാണ്.
സഹോദരങ്ങൾക്കും സിനിമാ സുഹൃത്തുക്കൾക്കും മമ്മൂട്ടി എന്നാൽ അവരുടെ ഇച്ചാക്കയാണ്. മോഹൻലാലും വിളിക്കുന്നതങ്ങനെ. പക്ഷെ ഉമ്മ ഫാത്തിമയ്ക്കു മൂത്തമകൻ മമ്മൂഞ്ഞാണ്. വിവാഹം കഴിഞ്ഞ് അഞ്ചു കൊല്ലത്തെ കാത്തിരിപ്പിനു ശേഷം പിറന്ന മകനെ ഉമ്മ പുന്നാരിച്ചാണ് വളർത്തിയത്.
പിന്നീട് മൂന്നു പെൺമക്കളും രണ്ടാണ്മക്കളും ഇസ്മായേൽ – ഫാത്തിമ ദമ്പതികൾക്ക് പിറന്നു. മകൻ സിനിമയിൽ വലിയ ആളായെങ്കിലും ഉമ്മയുടെ മനസ്സിൽ എന്നും മുറ്റത്തു ഓടിക്കളിക്കുന്ന കുട്ടിയാണ് ആ കുഞ്ഞ്. “എന്റെ ഉമ്മ ഒരു പാവമാണ്. ഞാൻ അഭിനയിക്കുന്ന സിനിമയിൽ എന്റെ കഥാപാത്രത്തിന് എന്തെങ്കിലും സംഭവിച്ചാൽ എന്നെ ആരെങ്കിലുമൊന്ന് അടിച്ചാൽ ഉമ്മയുടെ കണ്ണ് ഇപ്പോഴും നിറയും,” എന്ന് മമ്മൂട്ടി തന്നെ പറയുകയുണ്ടായി
സിനിമയിൽ ഏതാണ് ഇഷ്ടം എന്നോ ഏതു കഥാപാത്രമാണ് മികച്ചതെന്നോ ഒന്നും പറയാൻ ഉമ്മയ്ക്കറിയില്ല. ഉമ്മ അത്രയ്ക്ക് പാവമാണെന്നു മൂത്ത മകൻ പറഞ്ഞ വാക്കുകൾ ഒരിക്കൽ ഏറെ ശ്രദ്ധനേടിയിരുന്നു. ഓമനിച്ചു വളർത്തിയ മകന് വല്യുപ്പയുടെ പേരായിരുന്നു മാതാപിതാക്കൾ നൽകിയത്. അങ്ങനെ മൂത്തമകൻ മുഹമ്മദ് കുട്ടിയായി. അത് പിന്നെ മമ്മൂട്ടിയായി പരിണമിച്ചപ്പോൾ പിണങ്ങിയത് ഉമ്മയാണ്. മകനെ ഒരുപാടു ശകാരിച്ചു എന്ന് ഉമ്മ ഒരിക്കൽ പറഞ്ഞിട്ടുണ്ട്.
മറ്റു മക്കള്‍: ഇബ്രാഹിം, സകരിയ്യ, അമീന, സുആദ, ഷഫീന. മരുമക്കള്‍: പരേതനായ സലിം (കാഞ്ഞിരപ്പള്ളി), കരിം (തലയോലപ്പറമ്പ്), ഷാഹിദ് (കളമശ്ശേരി), സുല്‍ഫത്ത്, ഷെമിന, സലീന. നടന്മാരായ ദുല്‍ഖര്‍ സല്‍മാന്‍, അഷ്‌കര്‍ സൗദാന്‍, മഖ്ബൂല്‍ സല്‍മാന്‍ തുടങ്ങിയവര്‍ കൊച്ചുമക്കളാണ്.
ഖബറടക്കം വെള്ളിയാഴ്ച വൈകീട്ട് നാല് മണിക്ക് ചെമ്പ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല