സ്വന്തം ലേഖകൻ: പ്രശസ്ത മലയാള ചലച്ചിത്ര നടന്‍ പൂജപ്പുര രവി (86) അന്തരിച്ചു. മറയൂരിലെ മകളുടെ വസതിയിലായിരുന്നു അന്ത്യം. വ്യത്യസ്തമായ ഹാസ്യവേഷങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു അദ്ദേഹം. വേലുത്തമ്പി ദളവയായിരുന്നു ആദ്യചിത്രം. 2016-ല്‍ പുറത്തിറങ്ങിയ ഗപ്പി എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്. നിരവധി സീരിയലുകളിലും അഭിനയിച്ചു.
രവീന്ദ്രൻ നായർ എന്നായിരുന്നു യഥാർത്ഥ പേര്. എസ്.എൽ.പുരം സദാനന്ദന്റെ ‘ഒരാൾ കൂടി കള്ളനായി’ എന്ന നാടകത്തിൽ ‘ബീരാൻകുഞ്ഞ്’ എന്ന കഥാപാത്രത്തെ അവതരിച്ചുകൊണ്ടായിരുന്നു അഭിനയരംഗത്തേയ്ക്ക് കടന്നുവന്നത്. അതിനു ശേഷം ‘കലാനിലയം ഡ്രാമാ വിഷൻ’ നാടക സംഘത്തിലും സിനിമകളിലും ടെലിവിഷൻ സീരിയലുകളിലും പ്രവർത്തിച്ചു.
വലുതും ചെറുതുമായ വേഷങ്ങൾ ഒതുക്കത്തോടെ അഭിനയിച്ച് ഫലിപ്പിച്ചു. ശ്രദ്ധേയമായ ആകാരവും ശബ്ദവും പ്രേക്ഷകരെ ആകർഷിച്ചു. ഹാസ്യ കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നതിൽ പ്രത്യേക കൈയടക്കമുണ്ടായിരുന്നു അദ്ദേഹത്തിന്. ‘കള്ളൻ കപ്പലിൽത്തന്നെ’ എന്ന ചിത്രത്തിലെ ‘സുബ്രഹ്മണ്യം സ്വാമി’ എന്ന കഥാപാത്രം പൂജപ്പുര രവിയുടെ സിനിമാ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ്.
നായാട്ട്, തേനും വയമ്പും, കുയിലിനെ തേടി, ഇതാ ഇന്നുമുതൽ, രാക്കുയിലിൻ രാഗസദസിൽ, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, ഒരു സി.ബി.ഐ ഡയറിക്കുറിപ്പ്, ദ കാർ, കിഴക്കൻ പത്രോസ്, ആയിരപ്പറ തുടങ്ങി നിരവധി ചിത്രങ്ങളിൽ പൂജപ്പുര രവി സാന്നിധ്യമറിയിച്ചു. പൂജപ്പുരയിൽ നിന്നും കഴിഞ്ഞ വർഷം ഡിസംബറിലാണ് മറയൂരിലെ മകളുടെ വീട്ടിലേക്ക് അദ്ദേഹം താമസം മാറിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല