സ്വന്തം ലേഖകന്‍: നടന്‍ വിനോദ് ഖന്ന ഗുരുതരാവസ്ഥയില്‍, അന്തരിച്ചതായി സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രചരണം, മരണവാര്‍ത്ത കേട്ട് അനുശോചനവുമായി ബിജെപി. മേഘാലയയിലെ ബിജെപി നേതൃത്വമാണ് വിനോദ് ഖന്ന അന്തരിച്ചെന്ന് കരുതി ആദരാഞ്ജലി അര്‍പ്പിച്ചത്. വിനോദ് ഖന്നയ്ക്ക് അനുശോചനമറിയിച്ച് രണ്ട് മിനിറ്റ് ബി.ജെ.പി മൗനമാചരിച്ചു. എന്നാല്‍ പിന്നീട് അബദ്ധം തിരിച്ചറിഞ്ഞ് ബി.ജെ.പി നേതൃത്വം വിശദീകരണവുമായി രംഗത്തെത്തുകയും ചെയ്തു.
കുറച്ച് പാര്‍ട്ടി അംഗങ്ങള്‍ വിനോദ് ഖന്ന മരിച്ചെന്ന് വാര്‍ത്ത കണ്ടുവെന്നും ഇത് സ്ഥിരീകരിക്കാത്തതാണ് അനുശോചനം രേഖപ്പെടുത്താനിടയായതെന്ന് നേതൃത്വം വിശദീകരിച്ചു. സംഭവത്തില്‍ ക്ഷമ ചോദിക്കുന്നതായും ബി.ജെ.പി നേതാക്കള്‍ അറിയിച്ചു. വിനോദ് ഖന്ന പഞ്ചാബിലെ ഗുര്‍ദാസ്പൂരില്‍ നിന്നുള്ള ബി.ജെ.പി എം.പിയായിരുന്നു.
വിനോദ് ഖന്നയുടെ അവശ നിലയിലുള്ള ചിത്രം കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് താരം അന്തരിച്ചതായി വ്യാജ പ്രചരണമുണ്ടായത്. എച്ച്.എന്‍ റിലയന്‍സ് മെഡിക്കല്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന ഖന്ന സുഖം പ്രാപിച്ചു വരുന്നതായി മകനും നടനുമായ അക്ഷയ് ഖന്ന കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞു.
2015ല്‍ ഷാരൂഖ് നായകനായ ദില്‍വാലെയിലാണ് വിനോദ് ഖന്ന അവസാനമായി അഭിനയിച്ചത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സല്‍മാന്‍ ഖാന്‍ അടക്കമുള്ള പ്രമുഖര്‍ അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല