സ്വന്തം ലേഖകന്‍: മകനെ ‘അമ്മ’ കൈവിട്ടു, ദിലീപിനെ താര സംഘടനയായ അമ്മയില്‍ നിന്നും മറ്റു സിനിമാ സംഘടനകള്‍ നിന്നും പുറത്താക്കി, നടനെതിരെ രൂക്ഷ പ്രതികരണവുമായി യുവതാരങ്ങള്‍. യുവനടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ താര സംഘടനയായ അമ്മയില്‍നിന്നു പുറത്താക്കി. ദിലീപിന്റെ പ്രാഥമികാംഗത്വം റദ്ദാക്കാനുള്ള തീരുമാനം കൊച്ചിയില്‍ നടന്‍ മമ്മൂട്ടിയുടെ വീട്ടില്‍ ചേര്‍ന്ന അമ്മ എക്‌സിക്യൂട്ടിവ് യോഗമാണ് എടുത്തത്.
നിലവില്‍ അമ്മയുടെ ട്രഷററായിരുന്നു ദിലീപ്. പൃഥ്വിരാജ്, ആസിഫ് അലി, രമ്യാ നമ്പീശന്‍ എന്നീ യുവതാരങ്ങളുടെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നായിരുന്നു ദിലീപിനെ പുറത്താക്കാനുള്ള തീരുമാനത്തിലേക്കു അമ്മ നേതൃത്വം എത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ‘ഇരയാക്കപ്പട്ടത് ഞങ്ങളുടെ ഒരംഗമാണ്. വിശദമായ എക്‌സിക്യൂട്ടീവ് കൂടി കൂടുതല്‍ നടപടി സ്വീകരിക്കും. വ്യക്തിപരമായും സംഘടനാപരമായും ഞങ്ങള്‍ ഇരയാക്കപ്പെട്ട സഹോദരിക്കൊപ്പമാണ്. ഞങ്ങളുടെ സഹോദരിക്കു പിന്തുണ നല്‍കിയിട്ടുണ്ട്. മുന്‍പോട്ടും സഹോദരിക്കൊപ്പമാണ് ഞങ്ങള്‍.
കേസ് അന്വേഷണത്തില്‍ തീരുമാനം ആകുന്നതുവരെ ഞങ്ങള്‍ കാത്തുനിന്നെന്നേയുള്ളൂ. സംഘടനയുടെ ജനറല്‍ ബോഡി യോഗത്തില്‍ ചില അംഗങ്ങളുടെ നിലപാട് ജനങ്ങള്‍ക്കു വിഷമമുണ്ടാക്കിയെങ്കില്‍ അതിയായ ഖേദം രേഖപ്പെടുത്തുന്നു. സംഘടനയില്‍ ക്രിമിനലുകള്‍ ഉള്ളത് നാണക്കേടാണ്. ഓരോരുത്തരെയും തിരിച്ചറിയാനും മറ്റും സംഘടനയെന്ന നിലയില്‍ ബുദ്ധിമുട്ടാണ്. ഭാവിയില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള നടപടികളെടുക്കും,’ യോഗ തീരുമാനം മാധ്യമങ്ങളെ അറിയിച്ചുകൊണ്ട് അമ്മ ജനറല്‍ സെക്രട്ടറി മമ്മൂട്ടി പറഞ്ഞു.
നേരത്തേ, യോഗത്തില്‍ ചില കാര്യങ്ങള്‍ ഉന്നയിക്കുമെന്ന് പൃഥ്വിരാജ് അറിയിച്ചിരുന്നു. അമ്മയുടെ പ്രതികരണം ഉണ്ടാകാത്ത പക്ഷം തന്റെ നിലപാട് അറിയിക്കുമെന്നും അമ്മയില്‍നിന്ന് ഞാന്‍ ഉള്‍പ്പെടെയുള്ളവരുടെ അഭിപ്രായം ഉള്‍പ്പെടുത്തി പ്രസ്താവനയുണ്ടാകുമെന്നാണ് കരുതുന്നതെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. നടപടി വേണമെന്ന് നടന്‍ ആസിഫ് അലിയും രമ്യ നമ്പീശനും പ്രതികരിച്ചു. ദിലീപ് കുറ്റക്കാരനാണെങ്കില്‍ ശിക്ഷ അനുഭവിക്കണമെന്നും ആസിഫ് അലി പറഞ്ഞു.
സത്യം ജയിക്കുമെന്നാണ് പ്രതീക്ഷിച്ചത്. അങ്ങനെ വിശ്വസിക്കുന്നുവെന്നും രമ്യ നമ്പീശന്‍ വ്യക്തമാക്കി. മമ്മൂട്ടിക്കും മോഹന്‍ലാലിനും ദിലീപിനും വേണ്ടി മാത്രമുള്ളതല്ല ‘അമ്മ’യെന്ന് ദേവന്‍ വ്യക്തമാക്കി. അവശരായ ധാരാളം കലാകാരന്‍മാര്‍ ഉണ്ടെന്നും അവര്‍ക്കുവേണ്ടിക്കൂടിയാണ് അമ്മയെന്നും ദേവന്‍ പ്രതികരിച്ചു. ഇവരെക്കൂടാതെ, മോഹന്‍ലാല്‍, ഇടവേള ബാബു, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
സംവിധായകരുടെ സംഘടനയായ ഫെഫ്ക, നിര്‍മാതാക്കളുടെ സംഘടന, തിയറ്റര്‍ ഉടമകളുടെ സംഘടന തുടങ്ങിയവയില്‍നിന്നും ദിലീപിനെ പുറത്താക്കി. അടുത്തിടെ ദിലീപിന്റെ മുന്‍കൈയ്യില്‍ രൂപീകരിച്ച തിയറ്റര്‍ ഉടമകളുടെ സംഘടനയുടെ പ്രസിഡന്റും ദിലീപായിരുന്നു. പുതിയ പ്രസിഡന്റിനെ നാളെ യോഗം ചേര്‍ന്നു തീരുമാനിക്കുമെന്ന് സംഘടന അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല