സ്വന്തം ലേഖകൻ: നടിയെ ആക്രമിച്ച കേസില്‍ ക്രൈംബ്രാഞ്ച് സംഘത്തിന്റെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാതെ കാവ്യാ മാധവന്‍. നാലരമണിക്കൂര്‍ നീണ്ടുനിന്ന ചോദ്യംചെയ്യലില്‍ മിക്ക ചോദ്യങ്ങള്‍ക്കും അറിയില്ല എന്നായിരുന്നു മറുപടി. പോലീസ് ശാസ്ത്രീയ പരിശോധനയിലൂടെ വീണ്ടെടുത്ത ശബ്ദരേഖയും കാവ്യ നിഷേധിച്ചു. ഇത് തന്റെ ശബ്ദമല്ലെന്നായിരുന്നു കാവ്യയുടെ മറുപടി.
ദിലീപിന്റെ സഹോദരീഭര്‍ത്താവ് കാവ്യയെക്കുറിച്ച് പരാമര്‍ശിക്കുന്ന ശബ്ദരേഖകള്‍ സംബന്ധിച്ചും അന്വേഷണസംഘം വിവരങ്ങള്‍ തേടിയിരുന്നു. എന്നാല്‍ ഇതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കൊന്നും കാവ്യ കൃത്യമായ മറുപടി നല്‍കിയില്ലെന്നാണ് വിവരം. ആക്രമിക്കപ്പെട്ട നടിയുമായി ഒരു വ്യക്തിവിരോധവും ഉണ്ടായിരുന്നില്ലെന്നും ഇവര്‍ ആവര്‍ത്തിച്ചു. സംഭവിച്ച പല കാര്യങ്ങളും ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ലെന്നും കാവ്യ പറഞ്ഞു.
അതേസമയം, കൂടുതല്‍ ചോദ്യങ്ങള്‍ ഒഴിവാക്കാനായി കാവ്യ തന്ത്രപരമായ സമീപനം സ്വീകരിച്ചതായാണ് പോലീസ് സംഘം നല്‍കുന്നവിവരം. നിലവില്‍ രേഖപ്പെടുത്തിയ മൊഴി പോലീസ് സംഘം വിശദമായി പരിശോധിക്കും. ഇതിനുശേഷമാകും കാവ്യയെ ഇനിയും ചോദ്യംചെയ്യണമോ എന്നകാര്യത്തില്‍ തീരുമാനമെടുക്കുക.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകീട്ട് നാലരവരെയാണ് ക്രൈംബ്രാഞ്ച് സംഘം കാവ്യയെ ചോദ്യംചെയ്തത്. നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ടും ദിലീപ് പ്രതിയായ വധഗൂഢാലോചന കേസുമായി ബന്ധപ്പെട്ടും അന്വേഷണസംഘം വിവരങ്ങള്‍ തേടി.
ദിലീപിന്റെ ആലുവയിലെ വീടായ ‘പത്മസരോവര’ത്തില്‍ നടന്ന ചോദ്യംചെയ്യല്‍ ഏകദേശം നാലരമണിക്കൂറോളം നീണ്ടു. ക്രൈംബ്രാഞ്ച് എസ്.പി. പി.മോഹനചന്ദ്രന്‍, ഡിവൈ.എസ്.പി. ബൈജു എം.പൗലോസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കാവ്യയെ ചോദ്യംചെയ്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല