സ്വന്തം ലേഖകന്‍: ദിലീപിന് ജാമ്യം, 85 ദിവസത്തെ ജയില്‍ വാസത്തിനു ശേഷം താരത്തിന് കര്‍ശന ഉപാധികളോടെ മോചനം. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.45 നാണ് ഹൈക്കോടതി ദിലീപിന് ജാമ്യം അനുവദിച്ചത്. അഞ്ചാം ശ്രമത്തിലാണ് ദിലീപിന് ജാമ്യം ലഭിക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇനി ദിലീപ് ജയിലില്‍ തുടരേണ്ടതില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇതേ തുടര്‍ന്നാണ് ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ച് ദിലീപിന് ജാമ്യം അനുവദിച്ചത്.
റിലീസിംഗ് ഓര്‍ഡര്‍ പുറത്തിറങ്ങിയതോടെ വൈകിട്ട് അഞ്ചരയോടെ ദിലീപ് പുറത്തിറങ്ങി. പറവൂരിലെ കുടുംബ വീട്ടിലേക്കാണ് ദിലീപ് പോയത്. ദിലീപിന്റെ സഹോദരന്‍ അനൂപ്, അഭിഭാഷകര്‍ എന്നിവര്‍ ചേര്‍ന്നാണു ഹൈക്കോടതിയുടെ ഉത്തരവ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തിച്ചത്. അവിടെ നിന്നും റിലീസിങ് ഓര്‍ഡര്‍ ആലുവ ജയിലില്‍ സഹോദരന്‍ എത്തിക്കുകയായിരുന്നു. ആലുവ സബ് ജയിലിനു പുറത്ത് വലിയ ജനക്കൂട്ടമാണ് ദിലീപിനെ സ്വീകരിക്കാന്‍ കാത്തുനിന്നത്.
മധുരം വിതരണം ചെയ്തും ജയ് വിളിച്ചും നടന്റെ ഫ്‌ലെക്‌സില്‍ പാലഭിഷേകം നടത്തിയുമാണ് ആരാധകര്‍ ആഹ്ലാദം പ്രകടിപ്പിച്ചത്. നടന്‍ ധര്‍മ്മജന്‍, നാദിര്‍ഷായുടെ സഹോദരന്‍ സമദ്, കലാഭവന്‍ അന്‍സാര്‍ തുടങ്ങി സിനിമാമേഖലയില്‍ നിന്നുള്ളവരും ദിലീപിനെ സ്വീകരിക്കാന്‍ എത്തിയിരുന്നു. കര്‍ശന ജാമ്യ വ്യവസ്ഥകളോടെയാണ് ദിലീപിന് ജാമ്യം അനുവദിച്ചിരിക്കുന്നത്.
പാസ്‌പോര്‍ട്ട് മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിക്കണം, ഒരു ലക്ഷം രൂപ കോടതിയില്‍ കെട്ടിവയ്ക്കണം, രണ്ട് ആള്‍ ജാമ്യവും നല്‍കണം, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം, നടിക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തരുത്, മാധ്യമങ്ങളോടു സംസാരിക്കുന്നതിന് നിയന്ത്രണം എന്നിവയാണ് ജാമ്യ വ്യവസ്ഥകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല