സ്വന്തം ലേഖകന്‍: ആലുവ സബ് ജയിലിലെ 523 ആം നമ്പര്‍ തടവുകാരനായി സാധാരണ തടവുപുള്ളികള്‍ക്കൊപ്പം ദിലീപ്, കൂട്ടമാനഭംഗം, ഗൂഡാലോചന ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി, 20 വര്‍ഷം വരെ തടവ് ലഭിച്ചേക്കാം, ജാമ്യാപേക്ഷ ബുനനാഴ്ച പരിഗണിക്കും. അഞ്ചുപേര്‍ കഴിഞ്ഞിരുന്ന സെല്ലിലെ ആറാമനായാണ് ആലുവ സബ്ജയിലിലെ 523 ആം നമ്പര്‍ തടവുകാരനായ ദിലീപിനെ പാര്‍പ്പിച്ചിരിക്കുന്നത്. പിടിച്ചു പറി, മോഷണക്കേസ് പ്രതികളായിരുന്നു സെല്ലില്‍ ഒപ്പം ഉണ്ടായിരുന്നത്. എന്നാല്‍, സുരക്ഷാ ഭീഷണി കണക്കിലെടുത്ത് ദിലീപിന് പ്രത്യേക സെല്ലിലേയ്ക്ക് മാറ്റിയിട്ടുണ്ട്. മറ്റ് തടവുകാര്‍ക്കൊപ്പം പാര്‍പ്പിക്കാതെ പ്രത്യേക സെല്‍ അനുവദിക്കണമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ കേടതിയോട് ആവശ്യപ്പെട്ടിരുന്നു.
ജയിലില്‍ പ്രത്യേക പരിഗണനകള്‍ ഒന്നുമില്ല, റിമാന്റ് പ്രതികള്‍ക്ക് നല്‍കുന്ന ഭക്ഷണമാണ് ദിലീപിനും നല്‍കി വരുന്നത്. ഇന്ന് ഉപ്പുമാവും പഴവുമായിരുന്നു പ്രഭാത ഭക്ഷണം. മറ്റ് പ്രതികള്‍ക്കൊപ്പം ഭക്ഷണം കഴിച്ച ശേഷം ആരോടും മിണ്ടാതെ സെല്ലിനുള്ളില്‍ തന്നെ കഴിയുകയാണ് ദിലീപ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ജയിലില്‍ സന്ദര്‍ശക സമയം അനുവദിച്ചിരുന്നു എങ്കിലും ഈ സമയം വരെ ആരുംതന്നെ ദിലീപിനെ കാണാന്‍ എത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. തെറ്റ് ചെയ്യാത്തതിനാല്‍ ഭയമില്ലെന്ന് മജിസ്ട്രറ്റിന്റെ വസതിയില്‍ നിന്നും ജയിലിലേയ്ക്ക് കൊണ്ടുപോകവേ മാധ്യമ പ്രവര്‍ത്തകരോട് ദിലീപ് പറഞ്ഞിരുന്നു.
ദിലീപിനെതിരേ ചുമത്തിയിരിക്കുന്നത് 20 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂട്ടബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണു ചുമത്തിയത്. ദിലീപിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് കൂട്ടബലാത്സംഗക്കുറ്റം ചുമത്തിയത്. ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ ആസൂത്രണം ചെയ്തവരുടെ പേരിലും കുറ്റകൃത്യം നടത്തിയവര്‍ക്കെതിരേയുള്ള സമാനവകുപ്പുകള്‍ ഉള്‍പ്പെടുത്താമെന്ന വ്യവസ്ഥയനുസരിച്ചാണു ദിലീപിനുമേല്‍ കൂട്ടബലാത്സംഗക്കുറ്റം ചുമത്തിയത്.
സാക്ഷിമൊഴികള്‍, ടെലിഫോണ്‍ സംഭാഷണങ്ങള്‍, ശാസ്ത്രീയ പരിശോധന എന്നിവയുള്‍പ്പെടെ 19 തെളിവുകളാണ് പോലീസ് ഹാജരാക്കിയത്. ഗൂഢാലോചന, കൂട്ടബലാത്സംഗശ്രമം, തട്ടിക്കൊണ്ടുപോകല്‍, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ ഒമ്പത് കുറ്റങ്ങളാണു ദിലീപിനെതിരേ ചുമത്തിയിട്ടുള്ളത്. പീഡന ദൃശ്യങ്ങള്‍ മോര്‍ഫ് ചെയ്തതല്ലെന്ന് ഉറപ്പാക്കാന്‍ നടിയുടെ ചിരിക്കുന്ന മുഖവും വിവാഹ നിശ്ചയമോതിരവും ദൃശ്യങ്ങളില്‍ വേണമെന്നു ദിലീപ് നിര്‍ബന്ധം പിടിച്ചിരുന്നു.
2013 മുതല്‍ 2016 വരെ നടിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടന്നു. 2013 മാര്‍ച്ചില്‍ ‘അമ്മ’യുടെ വിദേശ ഷോയുടെ റിഹേഴ്‌സല്‍ കൊച്ചിയിലെ ഹോട്ടലില്‍ നടന്നപ്പോഴാണു ഗൂഢാലോചന ആരംഭിക്കുന്നത്. അന്ന് 12 ദിവസം സുനിയും ദിലീപിനൊപ്പം ഹോട്ടലില്‍ തങ്ങി. പിന്നീട് 2016 ല്‍ ജോര്‍ജേട്ടന്‍സ് പൂരം എന്ന സിനിമയുടെ സെറ്റിലും ദിലീപിന്റെ ബി.എം.ഡബ്ല്യു കാറിലും ഗൂഢാലോചന നടന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല