സ്വന്തം ലേഖകൻ: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി നടന്‍ ദിലീപിന് വന്‍ തിരിച്ചടി. കേസിലെ തുടരന്വേഷണ റിപ്പോര്‍ട്ട് തളളണമെന്ന ദിലീപിന്റെ ഹര്‍ജി കോടതി അംഗീകരിച്ചില്ല. ദിലീപും സുഹൃത്തും കൂട്ടുപ്രതിയുമായ ശരത്തും നല്‍കിയ ഹര്‍ജിയാണ് എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജഡ്ജി ഹണി എം വര്‍ഗീസ് തളളിയത്.
ദിലീപിനും ശരത്തിനും എതിരായ കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് തുടരന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ച് കൊണ്ട് കോടതി വ്യക്തമാക്കി.
കുറ്റപത്രം വായിച്ച് കേള്‍പ്പിക്കുന്നതായിദിലീപും ശരത്തും ഈ മാസം 31ന് ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു. തനിക്ക് എതിരെ പോലീസ് ആരോപിക്കുന്ന കുറ്റങ്ങള്‍ തെളിവില്ലാത്തത് കാരണം നിലനില്‍ക്കില്ലെന്നും അതിനാല്‍ തുടരന്വേഷണ റിപ്പോര്‍ട്ട് തളളണം എന്നായിരുന്നു കോടതിയില്‍ ദിലീപ് ആവശ്യപ്പെട്ടത്. എന്നാല്‍ ദിലീപിന് മേല്‍ കുറ്റപത്രത്തില്‍ ചുമത്തപ്പെട്ടിരിക്കുന്ന കുറ്റങ്ങള്‍ നിലനില്‍ക്കും എന്നാണ് കോടതി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.
കേസില്‍ നിര്‍ണായകമായ മൊബൈല്‍ ഫോണുകളില്‍ നിന്നും കോടതി ആവശ്യപ്പെട്ടപ്പോള്‍ തെളിവുകള്‍ പ്രതികള്‍ നീക്കം ചെയ്തു എന്നതാണ് തുടരന്വേഷണത്തോടെ ദിലീപിന് മേല്‍ ചുമത്തിയ പുതിയ കുറ്റം. ഹൈക്കോടതിയാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ട ഫോണുകള്‍ ഹാജരാക്കാന്‍ ദിലീപിനോട് നിര്‍ദേശിച്ചത്. എന്നാല്‍ ഫോണിലെ തെളിവുകള്‍ ദിലീപ് മുംബൈയിലെ ലാബില്‍ വെച്ച് അടക്കം നശിപ്പിച്ചു എന്നാണ് പ്രോസിക്യൂഷന്‍ ആരോപണം.
കേസിലെ തുടരന്വേഷണത്തിനിടെ പ്രതി ചേര്‍ക്കപ്പെട്ടതും അറസ്റ്റിലായതും ദിലീപിന്റെ സുഹൃത്തായ ശരത്ത് മാത്രമാണ്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ദിലീപ് ആലുവയിലെ വീട്ടില്‍ വെച്ച് കണ്ടിരുന്നതായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. ദൃശ്യങ്ങള്‍ ദിലീപിന് എത്തിച്ച് നല്‍കിയ ശരത് ആണെന്നും ബാലചന്ദ്ര കുമാറിന്റെ മൊഴിയിലുണ്ട്.
ദൃശ്യങ്ങള്‍ അടങ്ങിയ ടാബ്ലലറ്റ് ശരത്ത് നശിപ്പിക്കുകയോ ഒളിപ്പിക്കുകയോ ചെയ്തുവെന്ന കുറ്റമാണ് പോലീസ് ചുമത്തിയിരിക്കുന്നത്. ആ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നും തന്നെ കേസില്‍ നിന്ന് ഒഴിവാക്കണം എന്നും ആണ് ശരത് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. സൈബര്‍ വിദഗ്ധനായ സായ് ശങ്കര്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ദിലീപിനെ സഹായിച്ചതായി പോലീസ് കണ്ടെത്തിയിരുന്നു.
സായ് ശങ്കറിനെ സാക്ഷിയായി കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിലെ പങ്കാളിത്തവും തുടരന്വേഷണത്തിലെ ആരോപണങ്ങളും പോലീസ് കെട്ടിച്ചമച്ചതാണ് എന്നാണ് ദിലീപ് തുടക്കം മുതല്‍ ആരോപിക്കുന്നത്. നടിയെ ആക്രമിച്ച കേസ് വിചാരണ അവസാന ഘട്ടത്തില്‍ നില്‍ക്കവേ ആയിരുന്നു ദിലീപിന് എതിരെ വെളിപ്പെടുത്തലുകളുമായി സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ രംഗപ്രവേശനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല