സ്വന്തം ലേഖകന്‍: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് മൂന്നാം തവണയും ജാമ്യം നിഷേധിച്ചു, കുരുക്കായത് പ്രൊസിക്യൂഷന്‍ സമര്‍പ്പിച്ച ശക്തമായ തെളിവുകള്‍, താരത്തിന്റെ ഈ ഓണം അഴികള്‍ക്കുള്ളില്‍. കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തള്ളി. കേസില്‍ ദിലീപ് ഗൂഢാലോചന നടത്തിയതിന് മൂന്നു സാക്ഷികളുണ്ടെന്നും 213 തെളിവുകളുണ്ടെന്നും ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് പ്രോസിക്യൂഷന്‍ വാദിച്ചു.
ഹൈക്കോടതി ഈ വാദം സ്വീകരിക്കുകയായിരുന്നു. ആദ്യം അങ്കമാലി സെഷന്‍സ് കോടതിയും പിന്നീട് ഹൈക്കോടതിയും ജാമ്യാപേക്ഷ തള്ളിയിരുന്നു. ദിലീപിന്റെ പങ്കാളിത്തം ഉറപ്പാക്കുന്ന കൃത്യമായ തെളിവുകളുണ്ടെന്നും ജാമ്യം അനുവദിക്കുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുമെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം കേസില്‍ നിര്‍ണായകമായി.
തനിക്കെതിരെ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും താന്‍ നിരപരാധിയാണെന്നുമുള്ള ദിലീപിന്റെ വാദങ്ങള്‍ കോടതി അംഗീകരിച്ചില്ല. കേസില്‍ പതിനൊന്നാം പ്രതിയാണ് ദിലീപ്. സ്വന്തം പേരില്‍ 28 കേസുകള്‍ നിലവിലുള്ള കൊടുംകുറ്റവാളിയായ പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തന്നെ പ്രതിചേര്‍ത്തിരിക്കുന്നതെന്നായിരുന്നു ദിലീപിന്റെ വാദം.
സിനിമാ സെറ്റിലും താരസംഘടനയുടെ റിഹേഴ്‌സല്‍ ക്യാംപിലും പള്‍സര്‍ സുനിയുമായി ഗൂഢാലോചന നടത്തിയെന്ന വാദം തെറ്റാണെന്ന് ദിലീപ് കോടതിയില്‍ ബോധിപ്പിച്ചു. ദിലീപിന്റെ വാദങ്ങള്‍ തള്ളിയ പ്രോസിക്യൂഷന്‍ കാക്കനാട് ജയിലില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാരനോടാണ് ദിലീപിന്റെ പങ്ക് പള്‍സര്‍ സുനി ആദ്യം വെളിപ്പെടുത്തിയതെന്ന് കോടതിയെ അറിയിച്ചു. പോലീസുകാരന്റെ ഫോണില്‍ നിന്ന് നടി കാവ്യ മാധവന്റെ കടയിലേക്ക് വിളിച്ചതായും സുനിയുടെ മൊഴിയുണ്ട്.
മുദ്രവച്ച കവറില്‍ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച തെളിവുകള്‍ പരിശോധിച്ച കോടതി കേസില്‍ ദിലീപിന്റെ പങ്കാളിത്തത്തിന് തെളിവുണ്ടെന്നും ജാമ്യം നിഷേധിച്ചുകൊണ്ട് പറഞ്ഞു. ഹൈക്കോടതി ജാമ്യം നിരസിച്ച സാഹചര്യത്തില്‍ താരം സുപ്രീം കോടതിയെ സമീപിക്കില്ലെന്നാണ് സൂചന. കോടതി ജാമ്യം നിഷേധിച്ചതോടെ കാവ്യയുമായുള്ള വിവാഹത്തിനു ശേഷമുള്ള ദിലീപിന്റെ ആദ്യ ഓണം അഴികള്‍ക്കുള്ളിലാകുമെന്ന് ഉറപ്പായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല