സ്വന്തം ലേഖകന്‍: ആദ്യമെത്തിയത് സഹോദരനായ ‘അപ്പുണ്ണി’, പിന്നാലെ ശരിക്കുള്ള അപ്പുണ്ണിയും, മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് ദിലീപിന്റെ മാനേജര്‍ അന്വേഷണ സംഘത്തിനു മുന്നില്‍, നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി സൂചന. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ മാനേജരായ അപ്പുണ്ണിയെന്ന സുനില്‍രാജ് അലുവ പോലീസ് ക്ലബ്ബില്‍ ഹാജരായത് സിനിമയെ വെല്ലുന്ന ട്വിസ്റ്റോടെ.മാധ്യമശ്രദ്ധ തിരിക്കാന്‍ ആദ്യം സഹോദരന്‍ സൂരജിനെ ആലുവ പോലീസ് ക്ലബ്ബില്‍ എത്തിച്ച ശേഷമായിരുന്നു അപ്പുണ്ണിയുടെ നാടകീയമായ രംഗപ്രവേശം.
അപ്പുണ്ണി തിങ്കളാഴ്ച അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകുമെന്ന സൂചനകളുള്ള സാഹചര്യത്തില്‍ രാവിലെ ഒമ്പതു മുതല്‍ തന്നെ മാധ്യമ പ്രവര്‍ത്തകര്‍ പോലീസ് ക്ലബ്ബിനു മുന്നില്‍ തമ്പടിച്ചിരുന്നു. പത്തു മണിയോടെ അപ്പുണ്ണി ഹാജരാകുമെന്ന് അഭിഭാഷകന്‍ സ്ഥിരീകരിച്ചു. പത്തേമുക്കാലായതോടെ അപ്പുണ്ണിയുടെ ഛായയുള്ള ഒരാള്‍ നടന്നുവന്ന് പോലീസ് ക്ലബ്ബിന്റെ ഗേറ്റ് തുറന്ന് അകത്തേക്ക് പ്രവേശിച്ചതോടെ മാധ്യമശ്രദ്ധ ഇയാള്‍ക്ക് നേരെയായി.
മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോടൊന്നും പ്രതികരിക്കാതെ ഇയാള്‍ നടന്ന് പോലീസ് ക്ലബ്ബിനകത്തു കടന്നു. അപ്പുണ്ണി എത്തി എന്നുറച്ച് മാധ്യമപ്രവര്‍ത്തകര്‍ മടങ്ങിയപ്പോള്‍, പൊടുന്നനെ ഒരു ടാക്‌സി കാറില്‍ ‘യഥാര്‍ത്ഥ അപ്പുണ്ണി’ സിനിമാ സ്‌റ്റൈലില്‍ ക്ലബ്ബിനകത്ത് പ്രവേശിക്കുകയായിരുന്നു. ആദ്യമെത്തിയ ആള്‍ അപ്പുണ്ണിയുടെ സഹോദരന്‍ സൂരജ് ആയിരുന്നെന്ന് പിന്നീട് വ്യക്തമായി. അപ്പുണ്ണി അന്വേഷണസംഘത്തിനുമുന്നില്‍ ഹാജരായത് കേസില്‍ നിര്‍ണായക വഴിത്തിരിവാകുമെന്നാണ് കരുതുന്നത്.
ദിലീപിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനെന്നറിയപ്പെടുന്ന അപ്പുണ്ണിക്ക് സംഭവത്തെപ്പറ്റി നിര്‍ണായക വിവരങ്ങള്‍ അറിയാമെന്നാണ് പോലീസ് നിഗമനം. ആറു മണിക്കൂര്‍ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ച അപ്പുണ്ണിയെ കൂടുതല്‍ ചോദ്യം ചെയ്യലിനായി വീണ്ടും വിളിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചോദ്യം ചെയ്യലില്‍ അപ്പുണ്ണി നല്‍കുന്ന വിവരങ്ങള്‍ കേസില്‍ ദിലീപിന്റെ ഭാവി നിര്‍ണയിക്കുമെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല