സ്വന്തം ലേഖകന്‍: സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് പള്‍സര്‍ സുനി ദിലീപിന് എഴുതിയതെന്ന് കരുതുന്ന കത്ത് പുറത്ത്, 1.5 കോടി ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായി പരാതി നല്‍കി ദിലീപും നാദിര്‍ഷയും, നടിയെ തട്ടിക്കൊണ്ടു പോയ സംഭവം വീണ്ടും പുകയുന്നു. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി പള്‍സര്‍ സുനി നടന്‍ ദിലീപിന് എഴുതിയതെന്നു കരുതുന്ന കത്താണ് പുറത്തായത്. ‘ദിലീപേട്ടാ’ എന്ന അഭിസംബോധനയോടെ ആരംഭിക്കുന്ന കത്തില്‍ ജയിലില്‍ വച്ച് താന്‍ എഴുതുന്ന ഈ കത്ത്, വളരെ ബുദ്ധിമുട്ടിയാണ് കൊടുത്തു വിടുന്നതെന്നും പറയുന്നു.
ഇതുമായി വരുന്ന വ്യക്തിക്ക് കേസുമായി ബന്ധമില്ലെന്നും കത്തില്‍ പറയുന്നു. കേസില്‍ പെട്ടതോടെ എന്റെ ജീവിതം തന്നെ പോയ അവസ്ഥയിലാണ്. എന്റെ കാര്യം നോക്കേണ്ട കാര്യമില്ല. പക്ഷേ എന്നെ വിശ്വസിച്ച് കൂടെ നിന്ന അഞ്ചുപേരെ എനിക്ക് രക്ഷിച്ചേ തീരൂവെന്നും കത്തിലുണ്ട്. നടി അതിക്രമത്തിന് ഇരയായ സംഭവത്തില്‍ 1.5 കോടി രൂപ ആവശ്യപ്പെട്ട് സുഹൃത്തും സംവിധായകനുമായ നാദിര്‍ഷായ്ക്കും മാനേജര്‍ അപ്പുണ്ണിക്കും ബ്ലാക്ക്‌മെയില്‍ സന്ദേശം ലഭിച്ചെന്ന് ചൂണ്ടിക്കാട്ടി ദിലീപ് പരാതി നല്‍കിയ വിവരം പുറത്തായതിനു പിന്നാലെയാണ് ഈ കത്തും പുറത്തു വന്നത്.
പള്‍സര്‍ സുനിയുടെ സുഹൃത്തെന്ന് പരിചയപ്പെടുത്തിയ വിഷ്ണു എന്നയാളാണ് പണം ആവശ്യപ്പെട്ട് ഫോണ്‍ ചെയ്തതെന്ന് നാദിര്‍ഷാ മാധ്യമങ്ങളോട് പറഞ്ഞു. ഒന്നരക്കോടി രൂപ നല്‍കണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടതായാണ് പരാതി. പൊലീസ് ചോദ്യം ചെയ്യുമ്പോള്‍ ദിലീപിന്റെ പേരുപറയുമെന്നും, അങ്ങനെ ചെയ്താല്‍ പണം നല്‍കാമെന്ന് വാഗ്ദാനം ലഭിച്ചിട്ടുണ്ടെന്നും വിളിച്ചയാല്‍ വെളിപ്പെടുത്തിയതായി നാദിര്‍ഷ പരാതിയില്‍ പറയുന്നു. ഏപ്രില്‍ ആദ്യവാരത്തിലാണ് ഫോണ്‍സന്ദേശമെത്തിയത്. തന്റെ അമേരിക്കന്‍ പര്യടനത്തിനു മുന്‍പുതന്നെ ഇതേക്കുറിച്ച് പരാതി നല്‍കിയിരുന്നുവെന്ന് ദിലീപും വ്യക്തമാക്കി.
തന്റെ അനുഭവം മലയാള സിനിമയില്‍ ആര്‍ക്കും ഉണ്ടാകരുതെന്നും ദിലീപ് വ്യക്തമാക്കി. ‘അവര്‍ ആരും എന്നെ നേരിട്ട് വിളിച്ചിട്ടില്ല. നാദിര്‍ഷയെ വിളിച്ചായിരുന്നു ഭീഷണി. നടിയെ ആക്രമിച്ച സംഭവത്തില്‍ എന്റെ പേര് പറയാതിരിക്കണമെങ്കില്‍ ഒന്നരക്കോടി രൂപ നല്‍കണമെന്നതായിരുന്നു ആവശ്യം. എല്ലാ വിവരങ്ങളും ഞാന്‍ പോലീസിന് കൈമാറിയിട്ടുണ്ട്. സത്യത്തിന്റെ മാര്‍ഗത്തില്‍ നില്‍ക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. ഇതിന്റെ പേരില്‍ ഒരുപാട് അനുഭവിച്ചു കഴിഞ്ഞു. ഇനി സിനിമയില്‍ ആര്‍ക്കും ഈ ഗതി വരരുത്. അയാള്‍ പറഞ്ഞ പേരുകളൊന്നും ഞാന്‍ തല്‍ക്കാലം പറയുന്നില്ല. പോലീസ് അന്വേഷിക്കട്ടെ. എനിക്കാരോടും ശത്രുതയില്ല. ആര്‍ക്കും ആരുടെ പേര് വേണമെങ്കിലും പറയാം. ഈ പ്രതിസന്ധികള്‍ എല്ലാം ഒറ്റയ്ക്കാണ് നേരിടുന്നത്. ആരോടും പരാതിയില്ല. സത്യം പുറത്തുവരട്ടെ,’ ദിലീപ് മാധ്യമങ്ങളോട് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല