1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 5, 2017

സ്വന്തം ലേഖകന്‍: നടി ആക്രമിക്കപ്പെട്ട സംഭവം, നിര്‍ണായക തെളിവുകള്‍ പുറത്ത്, അന്വേഷണ സംഘം യഥാര്‍ഥ പ്രതിയ്ക്കായുള്ള വല മുറുക്കുന്നു, ദിലീപിനേയും നാദിരഷയേയും വീണ്ടും ചോദ്യം ചെയ്‌തേക്കും. യഥാര്‍ഥ പ്രതികളെക്കുറിച്ച് വ്യക്തത നല്‍കുന്ന ശാസ്ത്രീയ തെളിവുകള്‍ ലഭിച്ചതോടെ ഏതു നിമിഷവും യഥാര്‍ഥ പ്രതിയുടെ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചനകള്‍. അന്വേഷണം അന്തിമഘട്ടത്തിലെത്തിനില്‍ക്കെ, ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ രണ്ടാംഘട്ട ചോദ്യം ചെയ്യലിന് ഒരുങ്ങുകയാണ് പൊലീസ്. ദിലീപ്, നാദിര്‍ഷ, കാവ്യ മാധവന്റെ അമ്മ ശ്യാമള എന്നിവരെയാകും രണ്ടാം ഘട്ടത്തില്‍ ചോദ്യം ചെയ്യുകയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.

കാവ്യയെയും ചോദ്യം ചെയ്‌തേക്കും. അന്വേഷണവുമായി സഹകരിക്കണമെന്നും പൊലീസിന്റെ അറിവോടെയല്ലാതെ കേരളം വിട്ടുപോകരുതെന്നും ദിലീപിന് വാക്കാല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തുടര്‍ന്ന്, ദിലീപ് അഭിനയിക്കുന്ന സിനിമയുടെ ചിത്രീകരണ ജോലികള്‍ താല്‍ക്കാലികമായി നിര്‍ത്തി. അന്വേഷണസംഘത്തിന്റെ ചുമതലയുള്ള ഐ.ജി ദിനേന്ദ്ര കശ്യപ് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശപ്രകാരം തിങ്കളാഴ്ച രാവിലെ കൊച്ചിയിലെത്തി. ഇതോടെ, എല്ലാ പഴുതുകളും അടച്ച് അന്വേഷണം കൂടുതല്‍ ഊര്‍ജിതമാക്കുകയാണ് അന്വേഷണ സംഘം.

പള്‍സര്‍ സുനി ജയിലില്‍നിന്ന് വിളിച്ച ഫോണ്‍ കാളുകള്‍, ദിലീപിന് അയച്ച കത്ത്, സുനിയുമായുള്ള ബന്ധം എന്നിവ സംബന്ധിച്ച് ദിലീപും നാദിര്‍ഷയും നല്‍കിയ വിവരങ്ങളില്‍ വൈരുധ്യമുള്ളതായാണ് കണ്ടെത്തല്‍. ഇത് നീക്കുക എന്നതും രണ്ടാംഘട്ട ചോദ്യം ചെയ്യലിന്റെ ലക്ഷ്യമാണ്. ശേഖരിച്ച ഫോണ്‍ രേഖകള്‍ കേന്ദ്രീകരിച്ചാകും തുടരന്വേഷണവും ചോദ്യം ചെയ്യലും. ചോദ്യം ചെയ്യല്‍ എന്നാണെന്ന് അറിവായിട്ടില്ല. പള്‍സര്‍ സുനിയെ അറിയില്ലെന്നാണ് ദിലീപ് നല്‍കിയ മൊഴി.

എന്നാല്‍, ദിലീപ് നായകനായ ചിത്രത്തിന്റെ തൃശൂരിലെ ലൊക്കേഷനില്‍ അയാള്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഡ്രൈവറായാണ് സുനി അവിടെ എത്തിയതെന്നും അറിവായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ദിലീപ് നായകനായ ‘ജോര്‍ജേട്ടന്‍സ് പൂരം’ എന്ന സിനിമയുടെ ചിത്രീകരണ ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന ചില പ്രമുഖരെയും ചോദ്യം ചെയ്യും. കേസുമായി ഒരു ‘മാഡ’ത്തിന് ബന്ധമുള്ളതായി സുനിയുടെ സഹായികളുടെ സംഭാഷണത്തില്‍നിന്ന് മനസ്സിലായതായി അഡ്വ. ഫെനി ബാലകൃഷ്ണന്‍ പൊലീസിനോട് പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് ഫോണ്‍ സംഭാഷണവുമായി ബന്ധപ്പെട്ട ചില തെളിവുകളുടെ അടിസ്ഥാനത്തില്‍ കാവ്യയുടെ മാതാവിനെ ചോദ്യം ചെയ്യാനുള്ള നീക്കം. കേസില്‍ തങ്ങള്‍ക്കെതിരായ നീക്കത്തിന് തെളിവായി ദിലീപും നാദിര്‍ഷയും ഹാജരാക്കിയ ശബ്ദരേഖകളില്‍ എഡിറ്റിങ് നടന്നിട്ടുണ്ടോ എന്നറിയാന്‍ വീണ്ടും പരിശോധിക്കാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. നടിയെ ആക്രമിച്ച സംഭവത്തില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്ന് ദിലീപ് പലതവണ ആവര്‍ത്തിച്ചതാണ്. മാത്രമല്ല തന്നെ കുടുക്കാന്‍ ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ട് എന്നും ദിലീപ് ആരോപിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.