സ്വന്തം ലേഖകന്‍: ദിലീപ് രണ്ടു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍, തൊടുപുഴയിലും കൊച്ചിയിലും തെളിവെടുപ്പ്, വഴിനീളെ കൂവിവിളിച്ച് ആരാധകര്‍, നടന്റെ ബിനാമി ഇടപാടുകളിലും അന്വേഷണം. കസ്റ്റഡി കാലാവധിയ്ക്കു ശേഷം ജാമ്യാപേക്ഷയില്‍ വിധി പറയാമെന്ന് വ്യക്തമാക്കിയാണ് അങ്കമാലി ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതി ദിലീപിനെ രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്. മൂന്ന് ദിവസത്തെ കസ്റ്റഡി ആയിരുന്നു പോലീസ് ആവശ്യപ്പെട്ടത്. ജഡ്ജിയുടെ ചേംബറില്‍ ആയിരുന്നു കസ്റ്റഡി അപേക്ഷ പരിഗണിച്ചത്.
അതേസമയം, പോലീസിന്റെ റിമാന്റ് റിപ്പോര്‍ട്ടിനെ ദിലീപിന്റെ അഭിഭാഷകന്‍ എതിര്‍ത്തു. ദിലീപിനെതിരെ പ്രാഥമിക തെളിവു പോലുമില്ലെന്ന് അഡ്വ.രാംകുമാര്‍ പറഞ്ഞു. കസ്റ്റഡിയില്‍ ലഭിച്ചതിനെ തുടര്‍ന്ന് ദിലീപിനെ ഗൂഢാലോചന നടത്തിയ രണ്ട് സ്ഥലങ്ങളിലെത്തിച്ച് തെളിവെടുത്തു. തൊടുപുഴ ശാന്തിഗിരി കോളജ്, കൊച്ചി അബാദ് പ്ലാസ ഹോട്ടല്‍ എന്നിവിടങ്ങളില്‍ എത്തിച്ചാണ് തെളിവെടുത്തത്. തെളിവെടുപ്പിനിടെ കൂകി വിളികളോടെയാണ്? ജനം ദിലീപിനെ സ്വീകരിച്ചത്?. തെളിവെടുപ്പിനു മുന്നോടിയായി ദിലീപിനെ വൈദ്യപരിശോധനക്ക് വിധേയനാക്കിയിരുന്നു.
എന്നാല്‍ ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് തൊടുപുഴയിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കാനായില്ല. ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ ഷൂട്ടിങ് ലൊക്കേഷനായ തൊടുപുഴ ശാന്തിഗിരി കോളേജിലാണ് തടിച്ചു കൂടിയ ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് തെളിവെടുപ്പ് പൂര്‍ത്തിയാക്കാതെ പോലീസ് സംഘം തിരികെപ്പോന്നത്. യാത്രയിലുടനീളം ദിലീപിനു നേരെ ജനങ്ങള്‍ കരിങ്കൊടിയും ഉയര്‍ത്തി. കൊച്ചിയിലെ ഹോട്ടല്‍ അബാദ് പ്ലാസയിലാകട്ടെ വന്‍ ജനസമുദ്രമാണ് തടിച്ചുകൂടിയിരുന്നത്. കൂകി വിളിച്ചും അസഭ്യം ചൊരിഞ്ഞുമാണ് വാഹനത്തില്‍ നിന്ന് ഇറക്കിയപ്പോള്‍ ജനപ്രിയ നടനെ ജനക്കൂട്ടം സ്വീകരിച്ചത്.
വന്‍ ജനക്കൂട്ടവും, അസഭ്യ വര്‍ഷവും താരത്തെ അസ്വസ്ഥമാക്കിയതിനു പിന്നാലെ ചാനല്‍ ക്യാമറകള്‍ക്ക് മുമ്പില്‍ നടന്ന തെളിവെടുപ്പും നടനെ അസ്വസ്ഥനാക്കി. അതിനിടയില്‍ ലൈവ് റിപ്പോര്‍ട്ട് നല്‍കികൊണ്ടിരിക്കുന്ന മാധ്യമപ്രവര്‍ത്തനോട് നിയന്ത്രണം വിട്ട ദിലീപ് ‘എന്തിനാ ചേട്ടാ വെറുതെ വായില്‍ തോന്നിയത് പറഞ്ഞോണ്ടിരിക്കുന്നത്’ എന്നു പറയുകയും ചെയ്തു. അതിനിടെ കേസില്‍ ദിലീപിനെ പിന്തുണയ്‌ക്കേണ്ട എന്ന തീരുമാനവുമായി ദിലീപ് ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ രംഗത്തെത്തി. നേരത്തെ സംഭവത്തില്‍ ദിലീപ് അറസ്റ്റിലാതിനു പിന്നാലെ സിനിമ മേഖലയിലെ എല്ലാ സംഘടകളിലും നിന്ന് ദിലീപിനെ പുറത്താക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല