സ്വന്തം ലേഖകന്‍: നടിയെ തട്ടിക്കൊണ്ടു പോയ സംഭവം, , മലയാള സിനിമ രണ്ടു ചേരികളായി തിരിയുന്നു, വിവാദക്കൊടുങ്കാറ്റില്‍ ആടിയുലഞ്ഞ് ‘അമ്മ’. നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിന് ശേഷം ദിലീപിനെ അനുകൂലിച്ചും പ്രതികൂലിച്ചും സിനിമയില്‍ രണ്ടു ചേരികള്‍ രൂപപ്പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ദിലീപിനെ അനുകൂലിച്ച് ഒട്ടേറെ പേര്‍ പരസ്യമായി രംഗത്ത് വന്നിരിക്കുമ്പോള്‍ എതിര്‍ക്കുന്നവര്‍ മൗനം പാലിക്കുകയാണ്.
അതേസമയം സിനിമയിലെ ഭൂരിപക്ഷം പേരും തര്‍ക്കത്തില്‍ ഇടപെടാത്തവരും ഇരു ചേരിയിലും പെടാത്തവരുമാണെന്നും സൂചനയുണ്ട്. ദിലീപിന്റെ സുഹൃത്തുക്കളായ നാദിര്‍ഷ, സലിംകുമാര്‍, രഞ്ജിത്ത്, സംവിധായകന്‍ ലാല്‍ജോസ്, നടന്‍ അജുവര്‍ഗ്ഗീസ് എന്നിവര്‍ ദിലീപിനെ പിന്തുണച്ച് പരസ്യമായി രംഗത്ത് വന്നിരുന്നു. ദിലീപിനെ എതിര്‍ക്കുന്നില്ലെങ്കിലും ദിലീപിനെ പിന്തുണച്ച ചില സുഹൃത്തുക്കളുടെ നിലപാടിനെ വിമര്‍ശിച്ച് രംഗത്ത് എത്തിയ ചിലരുണ്ട്.
മറ്റു ചിലര്‍ നടിക്ക് ധാര്‍മ്മികമായി പിന്തുണ നല്‍കിയിട്ടുണ്ടെങ്കിലും ദിലീപിനെ എതിര്‍ത്തിട്ടില്ല എന്നതും ശ്രദ്ധേയമാണ്. അതിനിടെ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടിക്ക് പിന്തുണയുമായി മലയാള സിനിമയിലെ വനിതാ ചലച്ചിത്ര പ്രവര്‍ത്തകരുടെ സംഘടന ‘വിമന്‍ ഇന്‍ കളക്ടീവ്’ രംഗത്ത്. നടിക്കെതിരായ പരാമര്‍ശങ്ങളില്‍ നിന്നും ചലച്ചിത്ര പ്രവര്‍ത്തകര്‍ വിട്ടു നില്‍ക്കണമെന്നും അപമാനിക്കുന്ന പരാമര്‍ശം നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും സംഘടനയുടെ ഫേസ്ബുക്ക് പേജില്‍ വ്യക്തമാക്കുന്നു.
നടിയെ നുണപരിശോധനയ്ക്ക് വിധേയയാക്കണമെന്ന നടന്‍ സലിം കുമാറിന്റെ പ്രസ്താവനയും കേസിലെ പ്രധാനപ്രതി പള്‍സര്‍ സുനിയും നടിയും സുഹൃത്തുക്കളായിരുന്നു എന്ന് സ്വകാര്യ ചാനല്‍ പരിപാടിയില്‍ ദിലീപ് നടത്തിയ പരാമര്‍ശവും വിവാദമായിരുന്നു. തുടര്‍ന്ന് തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ആക്രമിക്കപ്പെട്ട നടിയും രംഗത്തെത്തിയിട്ടുണ്ട്.
നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുമായി നടിക്ക് ബന്ധമുണ്ട് എന്ന തരത്തില്‍ നടന്‍ ദിലീപ് ഒരു ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശം ചര്‍ച്ചയാകുന്നതിനിടെയാണ് അപവാദ പ്രചാരകര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നടി പത്രക്കുറിപ്പിരൂടെ വ്യക്തമാക്കിയിരിക്കുന്നത്. തന്നെ തകര്‍ക്കാനുള്ള സംഘടിത ശ്രമമാണ് നടക്കുന്നതെന്നും നിരപരാധിത്വം തെളിയിക്കാന്‍ നുണപരിശോധന അടക്കമുള്ള എന്തിനും തയ്യാറാണെന്നും ദിലീപും വ്യക്തമാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല