സ്വന്തം ലേഖകന്‍: അമ്മയുടെ തലപ്പത്ത് ‘അച്ഛ’ന്മാരെന്ന് നടി രഞ്ജിനി, അമ്മ ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്ന് വനിതാ കമ്മീഷണ്‍, താരസംഘടനയ്‌ക്കെതിരെ വിമര്‍ശനം ശക്തമാകുന്നു. സംഘടനയുടെ പേരില്‍ മാത്രമേ അമ്മയുള്ളൂ, തീരുമാനങ്ങളെടുക്കുന്നത് അച്ഛന്‍മാരാണെന്ന് രഞ്ജിനി പരിഹസിച്ചു. അമ്മയെന്ന പേരിന് യോജിക്കുന്നതല്ല സംഘടനയുടെ പ്രവര്‍ത്തനങ്ങളെന്നും രഞ്ജിനി പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെയാണ് രഞ്ജിനി നിലപാട് വ്യക്തമാക്കിയത്.
മലയാള സിനിമയില്‍ സ്ത്രീ സമത്വമില്ല എന്നത് തനിക്ക് ലജ്ജയുളവാക്കുന്നുവെന്ന് രഞ്ജിനി പറഞ്ഞു. മലയാളത്തിലെ പുതിയ വനിതാ സംഘടനയ്‌ക്കെതിരെയും രഞ്ജിനി ആഞ്ഞടിച്ചു. മലയാളത്തിലെ നടിമാര്‍ക്ക് ഇത് മോശം കാലമാണ്. കൂട്ടത്തിലൊരാള്‍ക്കെതിരെ ക്രൂരമായ ആക്രമണമുണ്ടായിട്ടും യഥാര്‍ത്ഥ പ്രതിയെ പിടികൂടാന്‍ കാത്തിരിക്കേണ്ട അവസ്ഥയാണെന്നും അവര്‍ കുറ്റപ്പെടുത്തി.
28 ആം തീയതി എന്താണ് നാം കണ്ടത് അമ്മയില്‍ പ്രധാന പദവികളിലെല്ലാമുള്ളത് അച്ഛന്‍മാരാണ്. ആ അച്ഛന്‍മാരുടെ നിഴലില്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന ഒരു അമ്മയെയും അവിടെ കണ്ടു. ഈ സംഘടനയില്‍ സ്ത്രീകള്‍ക്ക് തുല്യതയും അവകാശങ്ങളുമുണ്ടെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ എന്നും രഞ്ജിനി ചോദിച്ചു.
നടിയെ ആക്രമിച്ച സംഭവത്തില്‍ താരസംഘടനയായ അമ്മയ്‌ക്കെതിരെ വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈനും രംഗത്തെത്തി. അമ്മ ഡബിള്‍ റോള്‍ കളി നിര്‍ത്തണമെന്ന് പറഞ്ഞ ജോസഫൈന്‍ അന്വേഷണം ദിലീപിന് അനുകൂലമാക്കാന്‍ ശ്രമിക്കുന്നത് അപലപനീയമാണെന്നും കുറ്റപ്പെടുത്തി. സിനിമയിലെ വനിതാ കൂട്ടായ്മയുടെ പരാതി വിശദമായി അന്വേഷിച്ച് നടപടി എടുക്കുമെന്നും ജോസഫൈന്‍ കൂട്ടിച്ചേര്‍ത്തു.
അമ്മയുടെ ജനറല്‍ ബോഡി യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഇരു താരങ്ങളും സംഘടനയ്ക്ക് ഒരുപോലെയാണെന്ന് അമ്മ ഭാരവാഹികള്‍ വ്യക്തമാക്കിയിരുന്നു. അമ്മയുടെ ഈ നിലപാടിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. അമ്മ യോഗത്തിന് ശേഷം താരങ്ങളായ മുകേഷ്, ഗണേഷ് കുമാര്‍ എന്നിവര്‍ മാധ്യമ പ്രവര്‍ത്തകരോട് രൂക്ഷമായി പ്രതികരിച്ചതും വിവാദമായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല