പാരിജാതം എന്ന പരമ്പരയിലൂടെ പ്രശസ്തയായ നടി രസ്‌ന ശനിയാഴ്ച കോടതിയില്‍ ഹാജരായി. പിതാവിനെതിരെ മാതാവ് നല്‍കിയ കേസില്‍ സാക്ഷി പറയാനായാണ് നടി കോടതിയിലെത്തിയത്. പെരിന്തല്‍മണ്ണ കോടതിയിലായിരുന്നു കേസ്.രസ്‌നയുടെ പിതാവ് വെട്ടത്തൂര്‍ തോരക്കാട്ടില്‍ തോട്ടക്കുഴി അബ്ദുള്‍ നാസറിന്റെ പേരില്‍ മാതാവ് സാജിത നല്‍കിയ മര്‍ദ്ദനക്കേസിലെ രണ്ടാം സാക്ഷിയാണ് നടി. ശനിയാഴ്ച വൈകിട്ട് കോടതിയ്ക്ക് മുന്‍പാകെ ഹാജരായ രസ്‌ന ബാപ്പ ഉമ്മ സാജിതയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണെന്ന് മൊഴി നല്‍കി.
ബാങ്ക് ലോണ്‍ തിരിച്ചടയ്ക്കാന്‍ മകള്‍ സീരിയലില്‍ അഭിനയിച്ചുകിട്ടിയ പണം നല്‍കാതിരുന്നതിനാല്‍ മര്‍ദ്ദിക്കുകയും മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് കാണിച്ചാണ് ഭര്‍ത്താവ് അബ്ദുള്‍ നാസറിനെതിരെ സാജിത പൊലീസില്‍ പരാതി നല്‍കിയത്.
എന്നാല്‍ സീരിയല്‍ രംഗത്ത് തിരക്കുളള താരമായ രസ്‌നയും ഷൂട്ടിങ്ങിനായി കൂടെ പോകുന്ന ഉമ്മ സാജിതയും കുടുംബബന്ധങ്ങള്‍ ഉപേക്ഷിയ്ക്കാനായി നടത്തുന്ന ശ്രമങ്ങള്‍ക്കിടയില്‍ അബ്ദുള്‍ നാസര്‍ ബലിയാടാവുകയാണെന്നാണ് പ്രതിഭാഗത്തിന്റെ വാദം. കേസില്‍ വാദം കേട്ട മജിസ്‌ട്രേറ്റ് കേസിന്റെ തുടര്‍വിചാരണ ഡിസംബറിലേയ്ക്ക് മാറ്റി വയ്ച്ചതായി അറിയിച്ചു. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പാരിജാതം എന്ന പരമ്പരയിലെ അരുണ, സീമ എന്നീ ഇരട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചതോടെയാണ് രസ്‌ന പ്രശസ്തയായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല